അഡ്‌ലെയ്ഡ്: വിമര്‍ശകരുടെ വായടപ്പിക്കുന്ന പ്രകടനവുമായി ധോണി ഇന്ത്യയെ വിജയതീരത്തേക്ക് നയിക്കുന്നതിനാണ് ഇന്നലെ അഡ്‌ലെയ്ഡ് സാക്ഷ്യം വഹിച്ചത്. ആവേശകരമായ മത്സരത്തില്‍ തന്റെ പ്രതാപ കാലത്തെ ഓര്‍മ്മിപ്പിക്കുന്ന പ്രകടനമാണ് ധോണി പുറത്തെടുത്തത്. അതേസമയം തന്നെ ഇതുവരെ കാണാത്ത ധോണിയുടെ മുഖവും ഇന്നലെ കണ്ടു.

കളിക്കളത്തില്‍ ശാന്തതയുടെ ആള്‍രൂപമായ ധോണി ദേഷ്യപ്പെടുന്ന അപൂര്‍വ്വമായ കാഴ്ചയ്ക്ക് ഇന്നലെ അഡ്‌ലെയ്ഡ് സാക്ഷ്യം വഹിച്ചു. ഇന്ത്യന്‍ പേസര്‍ ഖലീല്‍ അഹമ്മദാണ് ധോണിയുടെ രോഷത്തിന് ഇരയായത്. ഇന്ത്യയുടെ ബാറ്റിങ്ങിനിടെയായിരുന്നു സംഭവം. അതികഠിനമായ ചൂടായിരുന്നു ഇന്നലെ അഡ്‌ലെയ്ഡില്‍ അനുഭവപ്പെട്ടത്. അതുകൊണ്ടു തന്നെ താരങ്ങള്‍ക്ക് നിര്‍ജലീകരണം അനുഭവപ്പെടുന്നുണ്ടായിരുന്നു.

കളിക്കിടെ പലവട്ടം ഡബിളും ട്രിപ്പിളുമൊക്കെ ഓടിയതിനാല്‍ ധോണിയും ദിനേശ് കാര്‍ത്തിക്കും അവസാന ഓവറുകളില്‍ നന്നേ തളര്‍ന്നിരുന്നു. ഓവറുകള്‍ക്കിടയിലെ ഇടവേളയില്‍ ഇവര്‍ക്ക് വെള്ളം നല്‍കാനായി ഖലീല്‍ വന്നപ്പോഴായിരുന്നു താരത്തിന് ധോണിയുടെ ശകാരം കേട്ടത്. സ്‌പൈക്ക് ഷൂ ഇട്ട് പിച്ചിലൂടെ ഓടിയതിനാണ് ധോണി ഖലീലിനോട് കയര്‍ത്തത്. മത്സരത്തിന്റെ നിര്‍ണായക സമയത്ത് സ്‌പൈക്ക് ഷൂ ഇട്ട് പിച്ചിലൂടെ ഓടുന്നത് കളിയുടെ ഗതിയെ തന്നെ മാറ്റാന്‍ സാധ്യതയുള്ളതിനാലാണ് ധോണി ഖലീലിനെ വഴക്ക് പറഞ്ഞത്.

പിച്ചിലൂടെ സ്പൈക്കിട്ട് ചവിട്ടുന്നത് പിച്ച് കേടുവരാനും ബാറ്റിങ് ദുഷ്‌കരമാകാനും കാരണമാകും. പിച്ചിലൂടെ ചവിട്ടുന്നത് അമ്പയര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ ശിക്ഷാ നടപടിയുമുണ്ടാകും. അതേസമയം, ഖലീലിനൊപ്പം ഗ്രൗണ്ടിലേക്ക് വന്ന യുസ്‌വേന്ദ്ര ചാഹല്‍ പിച്ചിന്റെ അപ്പുറത്തു നിന്നും ഹെല്‍മറ്റ് ധോണിക്ക് എറിഞ്ഞു കൊടുക്കുകയാണ് ചെയ്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook