മെല്‍ബണ്‍: തന്നെ ഇത്രയും നാള്‍ പുറത്തിരുത്തിയ സെലക്ടര്‍മാര്‍ക്കുള്ള മായങ്ക് അഗര്‍വാളിന്റെ മറുപടിയായി അരങ്ങേറ്റ ടെസ്റ്റിലെ അര്‍ധ സെഞ്ചുറി. ഓസ്‌ട്രേലിയയ്ക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ആഭ്യന്തര ക്രിക്കറ്റിലെ മിന്നും ഫോമിന്റെ പിന്‍ബലത്തിലെത്തിയ മായങ്ക് നേടിയത് 161 പന്തുകളില്‍ നിന്നും 76 റണ്‍സാണ്. രഞ്ജിയില്‍ ഒരു സീസണില്‍ മാത്രമായി 1160 റണ്‍സ് നേടിയിട്ടും ഇന്ത്യന്‍ ടീമിലെത്താനാകാത്തതിന്റെ എല്ലാ അമര്‍ഷവും ഇന്ന് തന്റെ ബാറ്റിലേക്ക് ആവാഹിച്ചെടുത്തായിരുന്നു മായങ്ക് കളിച്ചത്.

മായങ്കിനെ ടീമിലെടുക്കണമെന്ന് ആവശ്യപ്പെട്ട് ആരാധകര്‍ മുതല്‍ മുതിര്‍ന്ന താരങ്ങള്‍വരെ രംഗത്തെത്താന്‍ തുടങ്ങിയിട്ട് നാളുകളായി. പക്ഷെ ഈ കര്‍ണാടകക്കാരനെ തേടി അവസരമെത്തിയത് ഓസ്‌ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റിലാണ്. രണ്ടു ടെസ്റ്റിലും ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ടായിരുന്ന മുരളി വിജയിയും കെ.എല്‍.രാഹുലും പരാജയപ്പെട്ടതോടെയാണ് മായങ്കിനെ ഇന്ത്യ കളത്തിലിറക്കുന്നത്.

വെല്ലുവിളികള്‍ നിറഞ്ഞ മൈതാനത്തേക്കായിരുന്നു മായങ്ക് അവതരിച്ചത്. ആരാധകരുടെ പ്രതീക്ഷ, ഓപ്പണിങ് കൂട്ടുകെട്ടിന്റെ പരാജയം, സര്‍വ്വോപരി മികച്ച ഫോമില്‍ പന്തെറിയുന്ന മിച്ചല്‍ സ്റ്റാര്‍ക്കും കമ്മിന്‍സും ഹെയ്‌സല്‍വുഡും ലിയോണുമടങ്ങുന്ന ഓസീസ് ബോളിങ് നിര. 161 പന്തുകള്‍ക്ക് ശേഷം മായങ്ക് മൈതാനം വിടുമ്പോള്‍ തന്റെ മേല്‍ ഏല്‍പ്പിച്ച പ്രതീക്ഷകളൊന്നും വെറുതെയായില്ലെന്ന് അവന്‍ തെളിയിച്ചിരുന്നു. ഒപ്പം ചില റെക്കോര്‍ഡുകളും മായങ്ക് തന്റെ പേരിലാക്കി.

ഓസ്‌ട്രേലിയയില്‍ അരങ്ങേറ്റ ഇന്നിങ്‌സില്‍ ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍, അരങ്ങേറ്റത്തില്‍ ഫിഫ്റ്റി നേടുന്ന 27-ാമത്തെ ഇന്ത്യന്‍ താരം, ഓസ്‌ട്രേലിയയില്‍ അരങ്ങേറ്റത്തില്‍ തന്നെ ഫിഫ്റ്റി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം (ഒന്നാമത് ഡട്ടു പദ്കര്‍) എന്നീ റെക്കോര്‍ഡുകളാണ് മായങ്ക് സ്വന്തം പേരിലാക്കിയത്. വിദേശത്ത് അരങ്ങേറ്റത്തില്‍ ഇന്ത്യന്‍ ഓപ്പണിങ് താരത്തിന്റെ ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറാണ് മായങ്ക് നേടിയത്. ഇതില്‍ പിന്നിലാക്കിയത് സാക്ഷാല്‍ സുനില്‍ ഗവാസ്‌കറിനെയാണ്.

വിരേന്ദര്‍ സെവാഗിന്റെ ആരാധകനായ മായങ്കില്‍ നിന്നും ഇനിയും ഒരുപാട് പ്രതീക്ഷിക്കാമെന്നാണ് മത്സരത്തിന് മുന്നോടിയായി കോച്ച് ഇര്‍ഫാന്‍ സെയ്ത് പറഞ്ഞത്. ഇതിഹാസ താരം രാഹുല്‍ ദ്രാവിഡിന്റെ ഉപദേശങ്ങളാണ് മായങ്കിന് കരുത്തായി മാറിയതെന്ന് മായങ്ക് തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook