scorecardresearch
Latest News

‘ഹേറ്റേഴ്‌സ് വായടക്കുക’; ധോണിയെ പഴി ചാരുന്നവര്‍ക്ക് മറുപടിയുമായി ബുംറയും മാക്‌സ്‌വെല്ലും

ടി20യില്‍ ധോണി ടെസ്റ്റ് കളിക്കുകയായിരുന്നുവെന്ന് ആരാധകർ

വിശാഖപട്ടണം: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടി20യില്‍ ഓപ്പണര്‍ കെ.എല്‍.രാഹുല്‍ ഒഴികെയുള്ള താരങ്ങളെല്ലാം പരാജയപ്പെട്ടപ്പോള്‍ മുന്‍ നായകന്‍ എം.എസ്.ധോണിയായിരുന്നു മധ്യനിരയില്‍ ചെറുത്തു നില്‍പ്പു നടത്തിയത്. എന്നാല്‍ കളി ഇന്ത്യ പരാജയപ്പെട്ടതോടെ ആരാധകരെല്ലാം ധോണിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. സ്ലോ റണ്‍ റേറ്റാണ് താരത്തിന് വിനയായത്.

നേരിട്ട 37 പന്തുകളില്‍ നിന്നും 29 റണ്‍സ് മാത്രമാണ് ധോണി നേടിയത്. എന്നാല്‍ ആ സാഹചര്യത്തില്‍ വിക്കറ്റ് കളഞ്ഞ് കുളിക്കുന്നതിന് പകരം സെന്‍സിബിളായി ബാറ്റ് ചെയ്യുകയായിരുന്നു ബുദ്ധിയെന്ന് മിക്കവരും മറക്കുകയാണ്. ആരാധകര്‍ ധോണിക്കെതിരെ തിരിഞ്ഞപ്പോള്‍ താരത്തിന് പിന്തുണയുമായെത്തിയിരിക്കുകയാണ് ഓസീസ് താരം ഗ്ലെന്‍ മാക്‌സ്‌വെല്‍.

മത്സരശേഷം നടന്ന പത്രസമ്മേളനത്തില്‍ ഓസീസ് താരം ധോണിയുടെ പ്രകടനത്തെ എടുത്ത് പറഞ്ഞാണ് പ്രശംസിച്ചത്.” സ്ലോ സ്‌ട്രൈക്ക് റേറ്റ് നല്ലത് തന്നെയായിരുന്നു. വിക്കറ്റിന്റെ സ്വഭാവം കണക്കിലെടുക്കുമ്പോള്‍. ഏതൊരു ബാറ്റ്‌സ്മാനും റണ്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. പിന്നെയുണ്ടായിരുന്നത് വന്‍ അടികള്‍ ശീലമില്ലാത്ത ചാഹലായിരുന്നു” മാക്‌സ്‌വെല്‍ പറഞ്ഞു.

”എംഎസ് ലോകോത്തര ഫിനിഷറാണ്. അദ്ദേഹത്തിന് പോലും റണ്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹം കളിച്ച ശൈലി ശരിയാണെന്ന് തോന്നുന്നു. അവസാന ഓവറിലാണ് സിക്‌സ് അടിച്ചത്. അതു തന്നെ സാഹചര്യം എത്ര ബുദ്ധിമുട്ടാണെന്നതിന്റെ തെളിവാണ്” മാക്‌സ്‌വെല്‍ കൂട്ടിച്ചേര്‍ത്തു.

പിന്നാലെ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയും ധോണിക്ക് പിന്തുണയുമായെത്തി. ടീമിന് പൊരുതാനുള്ള സ്‌കോറിലേക്ക് എത്തിക്കാനുള്ള ഉത്തരവാദിത്വമാണ് ധോണി നിറവേറ്റിയതെന്ന് ബുംറ പറയുന്നു.

”ഞങ്ങള്‍ പരമാവധി ശ്രമിച്ചിരുന്നു. ടീമിനെ സുരക്ഷിതമായ ടോട്ടലിലെത്തിക്കാനാണ് ധോണി ശ്രമിച്ചത്. 15-20 റണ്‍സ് പിന്നിലാണ് എത്തിയതെങ്കിലും അദ്ദേഹം ഞങ്ങള്‍ പൊരുതാവുന്ന സ്‌കോര്‍ തന്നെയാണ് നല്‍കിയത്. ആ പ്ലാന്‍ നടപ്പിലാക്കാനാണ് അദ്ദേഹം ശ്രമിച്ചതും. ഏതാണ്ട് ജയിച്ചതുമാണ്. ഇതുപോലൊരു വിക്കറ്റില്‍ 140-145 റണ്‍സ് എടുത്തിരുന്നേല്‍ അവര്‍ക്ക് ചെയ്‌സ് ചെയ്യാനാകില്ലായിരുന്നു. ബൗണ്‍സ് കുറഞ്ഞ ഇവിടെ വലിയ ഷോട്ടുകള്‍ കളിക്കാനാകില്ല” ബുംറ കൂട്ടിച്ചേര്‍ത്തു.

മിക്ക താരങ്ങളും കാര്യമായൊന്നും സ്‌കോര്‍ ചെയ്യാതെ മടങ്ങിയതോടെ ഇന്ത്യന്‍ സ്‌കോര്‍ 127 ലാണ് അവസാനിച്ചത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയ നന്നായി തുടങ്ങി. മാക്‌സ്‌വെല്‍ അര്‍ധ സെഞ്ചുറിയും നേടി. എന്നാല്‍ മാക്‌സി പുറത്തായതോടെ കളി ഇന്ത്യയുടെ വരുതിയിലാവുകയായിരുന്നു. 19-ാം ഓവറില്‍ രണ്ട് റണ്‍സ് മാത്രം വിട്ടു കൊടുത്താണ് ബുംറ രണ്ട് വിക്കറ്റെടുത്തത്. എന്നാല്‍ അവസാന ഓവറില്‍ ഉമേഷ് യാദവ് റണ്‍ വിട്ടു കൊടുത്തത് ഇന്ത്യയ്ക്ക് വിനയായി.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Ind vs aus maxwell and bumrah supports ms dhoni