scorecardresearch

കംഗാരുപ്പടയ്ക്ക് ആറാം വിശ്വകിരീടം; സെഞ്ചുറിയോടെ തലയുയർത്തി ഹെഡ്ഡ്

ട്രാവിഡ് ഹെഡ്ഡിന്റെ തകർപ്പൻ സെഞ്ചുറിയുടെ കരുത്തിലാണ് (120 പന്തിൽ 137) ഓസീസ് വീണ്ടും വിശ്വജേതാക്കളായത്. 6 വിക്കറ്റിനാണ് ഓസ്ട്രേലിയയുടെ ജയം. 43 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ അവർ ലക്ഷ്യം കണ്ടു - IND vs AUS Live Score, ODI World Cup Final 2023

ട്രാവിഡ് ഹെഡ്ഡിന്റെ തകർപ്പൻ സെഞ്ചുറിയുടെ കരുത്തിലാണ് (120 പന്തിൽ 137) ഓസീസ് വീണ്ടും വിശ്വജേതാക്കളായത്. 6 വിക്കറ്റിനാണ് ഓസ്ട്രേലിയയുടെ ജയം. 43 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ അവർ ലക്ഷ്യം കണ്ടു - IND vs AUS Live Score, ODI World Cup Final 2023

author-image
Sports Desk
New Update
Aus winners | world cup

ഫൊട്ടോ: എക്സ് / ICC

അഹമ്മദാബാദ്: 140 കോടി ജനതയുടെ പ്രാര്‍ത്ഥനകൾ വിഫലമാക്കി, അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഓള്‍റൗണ്ട് മികവില്‍ ഇന്ത്യൻ കടുകളുടെ പല്ലും നഖവും കൊഴിച്ച് ആറാം ഏകദിന ലോകകപ്പ് കിരീടം ചൂടി ഓസ്ട്രേലിയ. ട്രാവിഡ് ഹെഡ്ഡിന്റെ തകർപ്പൻ സെഞ്ചുറിയുടെ കരുത്തിലാണ് (120 പന്തിൽ 137) ഓസീസ് വീണ്ടും വിശ്വജേതാക്കളായത്. ആറ് വിക്കറ്റിനാണ് ഓസ്ട്രേലിയയുടെ ജയം. 241 റൺസ് വിജയലക്ഷ്യം 43 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ അവർ മറികടന്നു.

Advertisment

1987, 1999, 2003, 2007, 2015, 2023 എന്നീ വർഷങ്ങളിലാണ് മഞ്ഞപ്പട ലോക കിരീടത്തിൽ മുത്തമിട്ടത്. 2003ൽ ഓസ്ട്രേലിയയോട് ഫൈനലിൽ തോറ്റതിന്റെ ആവർത്തനമായിരുന്നു അഹമ്മദാബാദിലും കണ്ടത്. അന്ന് ഫൈനലിൽ റിക്കി പോണ്ടിങ്ങാണ് ഇന്ത്യയെ കരയിച്ചതെങ്കിൽ, നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ട്രാവിഡ് ഹെഡ്ഡിന്റെ ബാറ്റിങ്ങ് വിരുന്നാണ് ഒരു ലക്ഷത്തോളം വരുന്ന കാണികളെ കണ്ണീരണിയിച്ചത്. നേരത്തെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ഹെഡ്ഡ് സെഞ്ചുറി പ്രകടനവുമായി തിളങ്ങി ഇന്ത്യയെ തോൽപ്പിച്ചിരുന്നു. അന്നും ഇന്നും കളിയിലെ കേമനായത് ട്രാവിസ് ഹെഡ്ഡായിരുന്നു.

നാലാം വിക്കറ്റിൽ ഹെഡ്ഡ്-ലബുഷാൻ സഖ്യം ഓസീസിനായി 192 റൺസ് കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. മാർനസ് ലബുഷാൻ (58) റൺസുമായി പുറത്താകാതെ നിന്നു. ഡേവിഡ് വാർണർ (7), മിച്ചെൽ മാർഷ് (15), സ്റ്റീവൻ സ്മിത്ത് (4) എന്നിവരാണ് പുറത്തായത്. വാർണറെ ഷമിയും മറ്റു രണ്ടു പേരെയും ജസ്പ്രീത് ബുംറയുമാണ് പുറത്താക്കിയത്. ഹെഡ്ഡിനെ സിറാജിന്റെ പന്തിൽ ശുഭ്മൻ ഗിൽ പിടിച്ച് പുറത്താക്കി.

Advertisment

മറുപടി ബാറ്റിങ്ങ് ആരംഭിച്ച ഓസ്ട്രേലിയയ്ക്ക് രണ്ടാം ഓവറിൽ തന്നെ ഡേവിഡ് വാർണറെ (7) നഷ്ടമായിരുന്നു. മുഹമ്മദ് ഷമിയുടെ പന്തിൽ വിരാട് കോഹ്ലിയാണ് ക്യാച്ചെടുത്തത്. ലോകകപ്പ് നേട്ടത്തോടെ ഡേവിഡ് വാർണർ ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാണ്. മിച്ചെൽ മാർഷിനെ വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ച ബുംറ, സ്മിത്തിനെ ലെഗ് ബിഫോറിൽ കുരുക്കി. അതേസമയം, റീപ്ലേകളിൽ ഇത് ഔട്ടായിരുന്നില്ലെന്ന് വ്യക്തമായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ നിശ്ചിത ഓവറിൽ9 വിക്കറ്റിന് 240 റൺസിൽ ചുരുട്ടിക്കൂട്ടാൻ കംഗാരുപ്പടയ്ക്കായി. മിച്ചെൽ സ്റ്റാർക്കും (3 വിക്കറ്റ്) നായകൻ പാറ്റ് കമ്മിൻസും (രണ്ട് വിക്കറ്റ്) മുന്നിൽ നിന്ന് ആക്രമണം നയിച്ചപ്പോൾ രോഹിത്തിനും സംഘത്തിനും നിലയുറപ്പിച്ച് കളിക്കാനായില്ല. ജോഷ് ഹേസിൽവുഡും രണ്ട് വിക്കറ്റെടുത്തു.

World cup final | poster

66 റൺസെടുത്ത കെ എൽ രാഹുലാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. വിരാട് കോഹ്ലി (54), രോഹിത്ത് ശർമ്മ (47), സൂര്യകുമാർ യാദവ് (18) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ശുഭ്മൻ ഗിൽ (4), ശ്രേയസ് അയ്യർ (4), രവീന്ദ്ര ജഡേജ (9) എന്നിവരെല്ലാം നിരാശപ്പെടുത്തി.

നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ സ്ലോ പിച്ചിൽ ടോസ് നേടി ആദ്യം ഫീൽഡിങ്ങ് തിരഞ്ഞെടുത്ത കമ്മിൻസ് അക്ഷരാർത്ഥത്തിൽ, രോഹിത്ത് ശർമ്മയുടെ പ്ലാനുകളെല്ലാം തകർക്കുകയായിരുന്നു. കണിശതയോടെ പന്തെറിഞ്ഞ ഓസീസ് ബൌളർമാരും, ഉത്തരവാദിത്തത്തോടെ ഫീൽഡ് ചെയ്ത അവരുടെ ഫീൽഡർമാരും ഇന്ത്യയുടെ റൺവേട്ട അങ്ങേയറ്റം ദുഷ്ക്കരമാക്കി മാറ്റി.

ഇന്ത്യയ്ക്ക് തകർപ്പൻ തുടക്കം സമ്മാനിച്ചാണ് ക്യാപ്റ്റൻ രോഹിത്ത് ശർമ്മ പുറത്തായത്. 31 പന്തിൽ 47 റൺസെടുത്ത രോഹിത്തിനെ മാക്സ്‌വെല്ലിന്റെ പന്തിൽ പിന്നോട്ടേക്ക് ഓടി അവിശ്വസനീയമായ വിധം ട്രാവിസ് ഹെഡ്ഡ് ക്യാച്ചെടുത്ത് പുറത്താക്കി. നേരത്തെ ശുഭ്മൻ ഗില്ലിനെ (4) മിച്ചെൽ സ്റ്റാർക്ക് മടക്കി. ആദം സാമ്പയ്ക്ക് ക്യാച്ച് സമ്മാനിച്ചാണ് ഇന്ത്യൻ യുവ ഓപ്പണർ മടങ്ങിയത്.

മിച്ചെൽ സ്റ്റാർക്ക് എറിഞ്ഞ ആദ്യ ഓവറിൽ കരുതലോടെ തുടങ്ങിയ രോഹിത്ത് രണ്ടാം ഓവറിൽ തകർത്തടിക്കാൻ തുടങ്ങി. മൂന്നാം ഓവറിലെ ആദ്യ പന്തിൽ ശുഭ്മൻ ഗില്ലിന്റെ എഡ്ജ് ഫസ്റ്റ് സ്ലിപ്പിൽ പാറ്റ് കമ്മിൻസിന് ക്യാച്ചെടുക്കാനായില്ല.

അതേസമയം, വിരാട് കോഹ്ലി മികച്ച ബാറ്റിങ്ങാണ് കാഴ്ചവെക്കുന്നത്. മിച്ചെൽ സ്റ്റാർക്ക് എറിഞ്ഞ ഏഴാം ഓവറിൽ തുടരെ മൂന്ന് ബൌണ്ടറികൾ പായിച്ച് കോഹ്ലി തന്റെ വരവറിയിച്ചു.

നീലക്കടലായി മൊട്ടേരയിലെ നരേന്ദ്ര മോദി സ്റ്റേഡിയം

സ്റ്റേഡിയത്തിലേക്ക് ആരാധക പ്രവാഹമാണ് കാണാനാകുന്നത്. അക്ഷരാർത്ഥത്തിൽ സ്റ്റേഡിയം നീലക്കടലായി മാറിയിട്ടുണ്ട്. 1.30 ലക്ഷം പേർക്കിരിക്കാവുന്ന ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം നടക്കുന്നത്. ലോകത്തേറ്റവുമധികം പേർ കളി കാണുന്ന ക്രിക്കറ്റ് മത്സരമെന്ന റെക്കോഡും അഹമ്മദാബാദ് ഇന്ന് തൂക്കൂം.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ നിരവധി പ്രമുഖർ സോഷ്യൽ മീഡിയയിലൂടെ ഇന്ത്യൻ ടീമിന് ആശംസകൾ നേർന്ന് രംഗത്തെത്തി. ടോസ് നേടിയ ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ് ആദ്യം ഫീൽഡിങ്ങ് തിരഞ്ഞെടുത്തു. പിച്ച് കുറച്ച് സ്ലോ ആണെന്ന് കരുതുന്നുണ്ടെന്നും അതിനാലാണ് ഫീൽഡിങ്ങ് തിരഞ്ഞെടുത്തതെന്നും ഓസീസ് നായകൻ പറഞ്ഞു. അതേസമയം, ടോസ് നേടിയിരുന്നുവെങ്കിൽ ആദ്യം ബാറ്റ് ചെയ്യുമായിരുന്നുവെന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ പറഞ്ഞു.

മൂന്നാം കിരീടം തേടി ഫൈനലിന് ഇറങ്ങുന്ന ഇന്ത്യയാണ് ടൂര്‍ണ്ണമെന്റിലെ ഫേവറൈറ്റുകള്‍. ലോകകപ്പിലെ തുടര്‍ച്ചയായ പത്ത് വിജയങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ ഫൈനല്‍ പോരാട്ടത്തിനിറങ്ങുന്നത്. ഇത് ലോകകപ്പ് കരിയറിലെ ചരിത്ര നേട്ടമാണ്. സെമി ഫൈനലിൽ നിന്ന് ഫൈനലിലേക്ക് വരുമ്പോൾ ഇരു ടീമുകളിലും കാര്യമായ മാറ്റങ്ങളില്ല. 

ടീം ഇന്ത്യ: രോഹിത്ത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ.

ടീം ഓസ്ട്രേലിയ: ട്രാവിഡ് ഹെഡ്ഡ്, ഡേവിഡ് വാർണർ, മിച്ചെൽ മാർഷ്, സ്റ്റീവൻ സ്മിത്ത്, മാർനസ് ലബൂഷാൻ, ഗ്ലെൻ മാക്സ്‌വെൽ, ജോഷ് ഇംഗ്ലിസ്, മിച്ചെൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), ആദം സാമ്പ, ജോഷ് ഹേസിൽവുഡ്.

  • Nov 19, 2023 21:25 IST

    ഓസ്ട്രേലിയയ്ക്ക് ആറാം വിശ്വകിരീടം; ഇന്ത്യയെ 6 വിക്കറ്റിന് തോൽപ്പിച്ചു

    ട്രാവിഡ് ഹെഡ്ഡിന്റെ തകർപ്പൻ സെഞ്ചുറിയുടെ കരുത്തിലാണ് (120 പന്തിൽ 137) ഓസീസ് വീണ്ടും വിശ്വജേതാക്കളായത്. ആറ് വിക്കറ്റിനാണ് ഓസ്ട്രേലിയയുടെ ജയം. 43 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ അവർ ലക്ഷ്യം കണ്ടു.



  • Nov 19, 2023 21:10 IST

    ലബൂഷാന് ഫിഫ്റ്റി; ഓസീസ് ജയത്തിനരികെ

    ഓസ്ട്രേലിയയുടെ മാർനസ് ലബൂഷാന് (54) അർധസെഞ്ചുറി. ആവേശകരമായ ഫൈനലിൽ ട്രാവിസ് ഹെഡ്ഡിനൊപ്പം (129) ചേർന്ന് 183 റൺസിന്റെ കൂട്ടുകെട്ടാണ് താരം പടുത്തുയർത്തിയത്. 230/3 (40.4).



  • Nov 19, 2023 20:54 IST

    ലോകകപ്പ് ഫൈനൽ കാണാൻ ബിസിസിഐ ക്ഷണിച്ചില്ല; പരാതിയുമായി കപിൽ ദേവ്

    അഹമ്മദാബാദിൽ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ കാണാൻ ബിസിസിഐ അധികൃതർ തന്നെ ക്ഷണിച്ചില്ലെന്ന പരാതിയുമായി മുൻ ഇതിഹാസ താരം കപിൽ ദേവ് രംഗത്ത്. 1983ലെ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക് ആദ്യമായി സമ്മാനിച്ചത് കപിലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമായിരുന്നു. 83ലെ ടീമിൽ നിന്നാർക്കും സ്റ്റേഡിയത്തിലേക്ക് ക്ഷണമുണ്ടായിരുന്നില്ലെന്നും കപിൽ ചൂണ്ടിക്കാട്ടി.

    വാർത്ത വിശദമായി വായിക്കാം



  • Nov 19, 2023 20:48 IST

    ഹെഡ്ഡിന് സെഞ്ചുറി; ഫൈനലിൽ ഓസീസിന് മേൽക്കൈ

    ലോകകപ്പ് ഫൈനലിൽ 241 റൺസ് വിജയലക്ഷ്യം തേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ 35 ഓവറിൽ 192/3 എന്ന നിലയിൽ ബാറ്റിങ്ങ് തുടരുകയാണ്. നാലാം വിക്കറ്റിൽ ഓസീസ് സഖ്യം 145 റൺസ് കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഓപ്പണർ ട്രാവിഡ് ഹെഡ് (107) ലോകകപ്പ് ഫൈനലിൽ തകർപ്പൻ സെഞ്ചുറിയുമായി പുറത്താകാതെ നിൽക്കുകയാണ്. മാർനസ് ലബൂഷാനാണ് (41) ഒപ്പം ക്രീസിൽ.



  • Nov 19, 2023 20:02 IST

    ട്രാവിഡ് ഹെഡ്ഡിന് ഫിഫ്റ്റി; നാലാം വിക്കറ്റിൽ 75 റൺസ് കൂട്ടുകെട്ട്

    ഓപ്പണർ ട്രാവിഡ് ഹെഡ്ഡിന്റെ (58) ഫിഫ്റ്റിയുടെ കരുത്തിൽ ഓസീസ് മുന്നേറുന്നു. നാലാം വിക്കറ്റിൽ 75 റൺസിന്റെ കൂട്ടുകെട്ടാണ് മാർനസ് ലബുഷാനൊപ്പം (25) അദ്ദേഹം പടുത്തുയർത്തിയത്. 126/3 (23.2) എന്ന നിലയിൽ ഓസീസ് ബാറ്റിങ്ങ് തുടരുകയാണ്. 



  • Nov 19, 2023 19:49 IST

    ഓസീസിന് 3 വിക്കറ്റ് നഷ്ടം; 20 ഓവറിൽ നൂറ് കടന്ന് ഓസീസ്

    ഏകദിന ലോകകപ്പ് ഫൈനലിൽ രണ്ടാം ഇന്നിംഗ്സിൽ ബാറ്റു വീശുന്ന ഓസ്ട്രേലിയയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. ഡേവിഡ് വാർണർ (7), മിച്ചെൽ മാർഷ് (15), സ്റ്റീവൻ സ്മിത്ത് (4) എന്നിവരാണ് പുറത്തായത്. വാർണറെ ഷമിയും മറ്റു രണ്ടു പേരെയും ജസ്പ്രീത് ബുംറയുമാണ് പുറത്താക്കിയത്. ട്രാവിഡ് ഹെഡ് (44), മാർനസ് ലബുഷാൻ (14) എന്നിവരാണ് ക്രീസിലുള്ളത്.



  • Nov 19, 2023 18:37 IST

    ഓസീസിന് ആദ്യ വിക്കറ്റ് നഷ്ടമായി

    മറുപടി ബാറ്റിങ്ങ് ആരംഭിച്ച ഓസ്ട്രേലിയയ്ക്ക് രണ്ടാം ഓവറിൽ തന്നെ ഡേവിഡ് വാർണറെ (7) നഷ്ടമായി. മുഹമ്മദ് ഷമിയുടെ പന്തിൽ വിരാട് കോഹ്ലിയാണ് ക്യാച്ചെടുത്തത്, ഓസ്ട്രേലിയ 28/1 (2 ഓവർ).



  • Nov 19, 2023 17:57 IST

    ഓസ്ട്രേലിയയ്ക്ക് 241 റൺസ് വിജയലക്ഷ്യം

    ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയ്ക്ക് മുന്നിൽ 241 റൺസ് വിജയലക്ഷ്യം ഉയർത്തി ഇന്ത്യ. ബാറ്റിങ്ങ് ദുഷ്ക്കരമായ സ്ലോ പിച്ചിൽ 66 റൺസെടുത്ത കെ എൽ രാഹുലാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. വിരാട് കോഹ്ലി (54), രോഹിത്ത് ശർമ്മ (47), സൂര്യകുമാർ യാദവ് (18) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ഓസീസിനായി മിച്ചെൽ സ്റ്റാർക്ക് മൂന്ന് വിക്കറ്റും കമ്മിൻസും ഹേസിൽവുഡും രണ്ട് വീതവും വിക്കറ്റെടുത്തു.



  • Nov 19, 2023 17:30 IST

    ഇന്ത്യയ്ക്ക് 8 വിക്കറ്റ് നഷ്ടം; പിച്ചിലെ ഭൂതം തിരിച്ചടിക്കുന്നു

    ലോകകപ്പ് ഫൈനലിൽ ഇന്ത്യയ്ക്ക് 8 വിക്കറ്റ് നഷ്ടമായി. അഹമ്മദാബാദിൽ ബിസിസിഐ ഒരുക്കിയ സ്ലോ പിച്ചിലെ ഭൂതം ഇന്ത്യൻ ടീമിനെ തന്നെ തിരിച്ചടിക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്. സൂര്യകുമാർ യാദവും (14) കുൽദീപുമാണ് (0) ക്രീസിൽ. 216-8 (45.1 Ov)



  • Nov 19, 2023 17:27 IST

    ഹോട്ട്സ്റ്റാറിൽ ലൈവ് കാണുന്നത് 4.8 കോടി കാഴ്ചക്കാർ

    ഇന്ത്യ-ഓസ്ട്രേലിയ ഏകദിന ക്രിക്കറ്റ് ഫൈനൽ മത്സരം ഡിജിറ്റൽ സംപ്രേക്ഷണാവകാശമുള്ള ഹോട്ട് സ്റ്റാറിലൂടെ കാണുന്നത് 4.8 കോടി കാഴ്ചക്കാരാണ്. ഈ ലോകകപ്പിൽ ഇതിന് മുമ്പും 5 കോടിയിലേറെ കാഴ്ചക്കാർ ഹോട്ട് സ്റ്റാറിൽ ഇന്ത്യയുടെ മത്സരം കണ്ടിരുന്നു.



  • Nov 19, 2023 16:52 IST

    കെ എൽ രാഹുലിന് ഫിഫ്റ്റി; ജഡേജയും പുറത്ത്

    അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന രവീന്ദ്ര ജഡേജ-കെ എൽ രാഹുൽ സഖ്യത്തെ പൊളിച്ച് കംഗാരുക്കൾ. ജോഷ് ഹേസിൽവുഡിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ഇംഗ്ലിസാണ് ജഡേജയുടെ ക്യാച്ചെടുത്തത്. അർധസെഞ്ചുറി നേടിയ കെ എൽ രാഹുലാണ് (57) ഇന്ത്യയുടെ ടോപ് സ്കോറർ. സൂര്യകുമാർ യാദവാണ് ഒപ്പം ക്രീസിൽ.



  • Nov 19, 2023 16:08 IST

    കോഹ്ലിയുടെ കുറ്റി തെറിപ്പിച്ച് കമ്മിൻസ്; ഇന്ത്യ വീണ്ടും പതറുന്നു

    29ാം ഓവറിൽ പാറ്റ് കമ്മിൻസിന്റെ പന്തിൽ അനാവശ്യ ഷോട്ടിന് ശ്രമിച്ച് പ്ലേയ്ഡ് ഓണായി ഇന്ത്യയുടെ വിരാട് കോഹ്ലി (54). സ്ലോ ബോളിൽ ബാറ്റ് വെച്ച കോഹ്ലിക്ക് പിഴച്ചു. പന്ത് സ്റ്റമ്പിലേക്കാണ് വീണത്. പറ്റിയ അബദ്ധം വിശ്വസിക്കാനാകാതെ കോഹ്ലി ക്രീസിൽ ഏതാനും നിമിഷം അനങ്ങാനാകാതെ നിന്നു. ഒടുവിൽ തലകുനിച്ച് ക്രീസിന് പുറത്തേക്ക് നടന്നകന്നു. രവീന്ദ്ര ജഡേജയും (1), കെ എൽ രാഹുലുമാണ് (38) ക്രീസിൽ. 152-4 (30 Ov).



  • Nov 19, 2023 15:59 IST

    വിരാട് കോഹ്ലിക്ക് ഫിഫ്റ്റി; ഫൈനലിൽ ഇന്ത്യ കരകയറുന്നു

    ഏകദിന ലോകകപ്പ് ഫൈനലിൽ തുടക്കത്തിലെ മൂന്ന് വിക്കറ്റുകളുടെ നഷ്ടത്തിന് ശേഷം വിരാട് കോഹ്ലിയുടെ (51) ഫിഫ്റ്റിയുടെ കരുത്തിൽ ഇന്ത്യ കരകയറുന്നു. കെ എൽ രാഹുലാണ് (34) ഒപ്പം ക്രീസിലുള്ളത്. ഓസീസിനായി മാക്സ്‌വെൽ, സ്റ്റാർക്ക്, കമ്മിൻസ് എന്നിവർ ഓരോ വിക്കറ്റെടുത്തു. 142-3 (27.1 Ov).



  • Nov 19, 2023 14:52 IST

    ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം; രോഹിത്തും അയ്യരും പുറത്ത്

    ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 81/3 എന്ന നിലയിലാണ്. രോഹിത്ത് ശർമ്മ (47), ശുഭ്മൻ ഗിൽ (4), ശ്രേയസ് അയ്യർ (4) എന്നിവരാണ് പുറത്തായത്. 



  • Nov 19, 2023 14:34 IST

    ഫൈനലിൽ ഇന്ത്യയ്ക്ക് ആദ്യ ഷോക്ക്; ശുഭ്മൻ ഗിൽ പുറത്ത്

    അഞ്ചാം ഓവറിലെ രണ്ടാം പന്തിൽ ഗില്ലിനെ മിച്ചെൽ സ്റ്റാർക്ക് മടക്കി. ആദം സാമ്പയ്ക്ക് ക്യാച്ച് സമ്മാനിച്ചാണ് ഇന്ത്യൻ യുവ ഓപ്പണർ മടങ്ങിയത്. അതേസമയം, വിരാട് കോഹ്ലി രോഹിത്തിനൊപ്പം മികച്ച ബാറ്റിങ്ങാണ് കാഴ്ചവെക്കുന്നത്. മിച്ചെൽ സ്റ്റാർക്ക് എറിഞ്ഞ ഏഴാം ഓവറിൽ തുടരെ മൂന്ന് ബൌണ്ടറികൾ പായിച്ച് കോഹ്ലി തന്റെ വരവറിയിച്ചു. മത്സരം ഏഴ് ഓവർ പിന്നിടുമ്പോൾ രോഹിത്ത് (32), കോഹ്ലി (16) എന്നിങ്ങനെയാണ് സ്കോർ, 54-1 (7 Ov).



  • Nov 19, 2023 13:39 IST

    ടോസ് ഭാഗ്യം തുണച്ചത് ഓസീസിനെ; ഇന്ത്യയ്ക്ക് ആദ്യം ബാറ്റിങ്ങ്

    ടോസ് നേടിയ ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ് ആദ്യം ഫീൽഡിങ്ങ് തിരഞ്ഞെടുത്തു. പിച്ച് കുറച്ച് സ്ലോ ആണെന്ന് കരുതുന്നുണ്ടെന്നും അതിനാലാണ് ഫീൽഡിങ്ങ് തിരഞ്ഞെടുത്തതെന്നും ഓസീസ് നായകൻ പറഞ്ഞു. അതേസമയം, ടോസ് നേടിയിരുന്നുവെങ്കിൽ ആദ്യം ബാറ്റ് ചെയ്യുമായിരുന്നുവെന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ പറഞ്ഞു.



cricket world cup final india vs Aus final

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: