മെല്‍ബണ്‍: ഓസ്‌ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യ മികച്ച നിലയില്‍. ഒന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 215 റണ്‍സെടുത്തിട്ടുണ്ട്. 47 റണ്‍സുമായി നായകന്‍ വിരാട് കോഹ്‌ലിയും 68 റണ്‍സുമായി ചേതേശ്വര്‍ പൂജാരയുമാണ് ക്രീസിലുള്ളത്.

കഴിഞ്ഞ രണ്ട് ടെസ്റ്റുകളിലും ഇന്ത്യയ്ക്ക് ഇല്ലാതെ പോയത് മികച്ച തുടക്കമായിരുന്നു. അതുകൊണ്ട് തന്നെ ഇന്ന് പുതിയ ഓപ്പണിങ് കൂട്ടുകെട്ടിനെയാണ് ഇന്ത്യ പരീക്ഷിച്ചത്. അരങ്ങേറ്റ താരം മായങ്ക് അഗര്‍വാളും ഹനുമ വിഹാരിയുമായിരുന്നു ഇന്ത്യയ്ക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. 66 പന്തുകള്‍ നേരിട്ടെങ്കിലും എട്ട് റണ്‍സ് മാത്രമേ വിഹാരിക്ക് എടുക്കാന്‍ സാധിച്ചുള്ളൂ. എന്നാല്‍ പുതുമുഖമായ മായങ്ക് അര്‍ധ സെഞ്ചുറി നേടിയാണ് അരങ്ങേറ്റം ആഘോഷിച്ചത്. 161 പന്തുകളില്‍ നിന്നും 76 റണ്‍സുമായാണ് മായങ്ക് കളം വിട്ടത്.

വിഹാരിയേയും മായങ്കിനേയും നഷ്ടമായെങ്കിലും പൂജാരയും കോഹ്‌ലിയും കളിയുടെ നിയന്ത്രണം ഇന്ത്യയുടെ വരുതിയില്‍ തന്നെ നില നിര്‍ത്തുകയായിരുന്നു. ഓസ്‌ട്രേലിയ്ക്കായി രണ്ട് വിക്കറ്റും നേടിയത് പാറ്റ് കമ്മിന്‍സാണ്. സ്‌കോര്‍ 123 ല്‍ എത്തി നില്‍ക്കെയാണ് ഇന്ത്യയ്ക്ക് മായങ്കിനെ നഷ്ടമാകുന്നത്. അവിടെ നിന്നും 215 ലേക്ക് വിരാടും പൂജാരയും ചേര്‍ന്ന് ഇന്ത്യയെ നയിക്കുകയായിരുന്നു.

ആദ്യ ടെസ്റ്റില്‍ വിജയവും രണ്ടാം ടെസ്റ്റില്‍ പരാജയവും സ്വന്തമാക്കിയപ്പോള്‍ പരമ്പരയില്‍ ഇന്ത്യ ഓസീസിനൊപ്പമാണ്. മൂന്നാം ടെസ്റ്റ് ജയിച്ച് പരമ്പരയില്‍ മുന്നിലെത്തുക എന്നത് ഇരുകൂട്ടര്‍ക്കും ഏറെ നിര്‍ണായകമാണ്. ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഓസീസിനാണ് മുന്‍തൂക്കം കല്‍പ്പിക്കുന്നതെങ്കിലും ഇന്ത്യയെ എഴുതിത്തള്ളുക അസാധ്യമാണ്.

കഴിഞ്ഞ രണ്ട് ടെസ്റ്റുകളിലും തിളങ്ങിയ ബോളിങ് നിര ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. അതേസമയം, ജയം സ്വന്തമാക്കണമെങ്കില്‍ പരാജയപ്പെട്ട ബാറ്റിങ് നിര ഉയിര്‍ത്തെഴുന്നേറ്റേ മതിയാവൂ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ