സിഡ്‌നി: ഓസീസ് ബോളര്‍മാരെ നിഷ്പ്രഭമാക്കിയ ഋഷഭ് പന്തിന് പാട്ടിലൂടെ പിന്തുണയുമായി ഇന്ത്യന്‍ ആരാധകര്‍. സിഡ്‌നി ടെസ്റ്റിനിടെ ഗ്യാലറിയില്‍ നിന്നുമായിരുന്നു മനോഹരമായ ആ കാഴ്ച കണ്ടത്. ഇന്ത്യയുടെ ആരാധക്കൂട്ടമായ ഭാരത് ആര്‍മിയാണ് പന്തിന് വേണ്ടി പുതിയ ചാന്റ് ആലപിച്ചത്. പന്തിന്റെ ബാറ്റിങ്ങിനെ കുറിച്ചും ബേബിസിറ്റര്‍ സംഭവത്തേയും കുറിച്ചാണ് പാട്ടില്‍ പറയുന്നത്.

മൈതാനത്ത് പന്ത് ഓസീസ് ബോളര്‍മാരെ ബൗണ്ടറികള്‍ പായിക്കുമ്പോള്‍ ഓസീസ് ആരാധകരെ നോക്കി പാട്ടു പാടുകയായിരുന്നു ഇന്ത്യന്‍ ആരാധകര്‍.” ഞങ്ങള്‍ക്ക് പന്തുണ്ട്, ഋഷഭ് പന്ത്” എന്നു തുടങ്ങുന്ന ഗാനത്തില്‍ അവന്‍ നിങ്ങളുടെ കുട്ടികള്‍ക്കായി ബേബി സിറ്റ് ചെയ്യും നിങ്ങളെ സിക്‌സടിക്കുമെന്നും പറയുന്നുണ്ട്.

രസകരമായ ചാന്റിന്റെ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. പന്തിന്റെ പ്രകടനത്തിനെ ക്രിക്കറ്റ് പണ്ഡിതരും ആരാധകരും പ്രശംസിക്കുന്ന സമയത്താണ് ആരാധകരുടെ പാട്ടിന്റെ വീഡിയോയും ഹിറ്റായി മാറുന്നത്.

നാലാം ടെസ്റ്റിന്റെ രണ്ടാം ദിനം പൂജാരയ്ക്ക് പിന്നാലെ പന്തും സെഞ്ചുറി നേടുകയായിരുന്നു. ഇതോടെ ഓസ്‌ട്രേലിയയില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടമാണ് പന്ത് സ്വന്തമാക്കിയത്. പന്ത് 159 റണ്‍സെടുത്തു. 15 ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിങ്‌സ്.

138 പന്തുകളില്‍ നിന്നുമാണ് പന്ത് സെഞ്ചുറി നേടിയത്. ഇന്ത്യന്‍ സ്‌കോര്‍ 329-5 എന്ന നിലയിലെത്തി നില്‍ക്കെയാണ് പന്ത് ക്രീസിലേക്ക് എത്തുന്നത്. ചേതേശ്വര്‍ പൂജാരയുമൊത്ത് 89 റണ്‍സ് പന്ത് ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ എഴുതി ചേര്‍ത്തു. എന്നാല്‍ 193 റണ്‍സെടുത്ത് പൂജാര മടങ്ങിയതോടെ കളിയുടെ നിയന്ത്രണം പന്ത് ഏറ്റെടുക്കുകയായിരുന്നു. പിന്നാലെ വന്ന രവീന്ദ്ര ജഡേജയും ആക്രമിച്ച് കളിക്കാന്‍ തുടങ്ങിയതോടെ ഇന്ത്യയുടെ സ്‌കോര്‍ അതിവേഗം മുന്നോട്ട് കുതിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 100 റണ്‍സിലധികം കൂട്ടിച്ചേർത്തു.

ഏഷ്യക്ക് പുറത്ത് ഉയര്‍ന്ന സ്‌കോര്‍ നേടുന്ന വിക്കറ്റ് കീപ്പര്‍ എന്ന നേട്ടവും പന്ത് ഇന്നിങ്സിനിടെ സ്വന്തമാക്കി. 1959ല്‍ വിന്‍ഡീസിനെതിരെ മഞ്ജരേക്കര്‍ നേടിയ 118 റണ്‍സായിരുന്നു ഇതിനുമുമ്പുള്ള റെക്കോര്‍ഡ്. ഓസ്‌ട്രേലിയയില്‍ 150 ല്‍ കൂടുതല്‍ റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറുമായി മാറി ഇതോടെ പന്ത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook