പെര്‍ത്ത്: കളിയുടെ എല്ലാ തലങ്ങളിലും ആവേശകരമാണ് പെര്‍ത്ത് ടെസ്റ്റ്. വിജയത്തിനായി രണ്ടു ടീമുകളും കടുത്ത പോരാട്ടമാണ് കാഴ്ച വയ്ക്കുന്നത്. ആദ്യ ഇന്നിങ്‌സിലെ കോഹ്‌ലിയുടെ സെഞ്ചുറിയും നഥാന്‍ ലിയോണിന്റെ അഞ്ച് വിക്കറ്റ് നേട്ടവും മുതല്‍ രണ്ടാം ഇന്നിങ്‌സിലെ ഷമിയുടെ ആറ് വിക്കറ്റ് നേട്ടവും ബുംറയുടേയും ഉമേഷിന്റേയും തീ പാറും പന്തുകള്‍ വരെ അത്യന്തം ആവേശകരമാണ് പെര്‍ത്ത് ടെസ്റ്റ്.

ആവേശത്തിനിടെ ചെറുതായൊന്ന് പേടിപ്പിക്കുകയും ചെയ്തു പെര്‍ത്ത്. ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിങ്‌സിലായിരുന്നു സംഭവം. പേസര്‍മാര്‍ക്ക് അനുകൂലമായ പെര്‍ത്തിലെ പിച്ച് അതിന്റെ സ്വഭാവം പുറത്തെടുത്ത നിമിഷമായിരുന്നു അത്. ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയെറിഞ്ഞ ബൗണ്‍സര്‍ ഓസീസ് ഓപ്പണര്‍ മാര്‍ക്കസ് ഹാരിസിന്റെ ഹെല്‍മെറ്റ് തകര്‍ത്തു.

അപ്രതീക്ഷിതമായി അതിവേഗത്തില്‍ വന്ന ബൗണ്‍സറില്‍ നിന്നും ഒഴിഞ്ഞ് മാറാനോ നേരിടാനോ ഹാരിസിന് സാധിച്ചില്ല. ഹെല്‍മറ്റില്‍ പന്ത് കൊണ്ടതും ഹാരിസ് നിലത്തു വീണു. ഫില്‍ ഹ്യൂസിന്റെ ഓര്‍മ്മകള്‍ ഇന്നും മരിക്കാതെ സൂക്ഷിക്കുന്ന ഓസീസ് താരങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ഭയപ്പെടുത്തുന്നതായിരുന്നു ആ നിമിഷം. ഹാരിസ് നിലത്ത് വീണയുടനെ തന്നെ മെഡിക്കല്‍ ടീമെത്തി പരിശോധിച്ചു. ഭാഗ്യവശാല്‍ ഹാരിസിന് പരുക്കേറ്റിരുന്നില്ല. ഹെല്‍മറ്റില്‍ വിള്ളല്‍ വീണിട്ടുണ്ട്.

ഹാരിസിനെ പരിശോധിക്കാന്‍ ഇന്ത്യന്‍ താരങ്ങളും അടുത്തേക്ക് ഓടിയെത്തിയിരുന്നു. മത്സരത്തിന്റെ ആവേശം വിളിച്ചോതുന്നതായിരുന്നുവെങ്കിലും കാഴ്ചക്കാരെയും താരങ്ങളേയും ഒരുപോലെ ഭയപ്പെടുത്തുന്നതായിരുന്നു ആ നിമിഷം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ