അഡ്‌ലെയ്ഡ്: ഒരുവശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും മറുവശത്ത് പ്രതിരോധത്തിന്റെ മതിൽ തീര്‍ത്ത് ചേതേശ്വര്‍ പൂജാര. മുന്‍ നിര ബാറ്റ്‌സ്മാന്മാരെ നേരത്തെ നഷ്ടപ്പെട്ടതോടെ ഉത്തരവാദിത്വത്തോടെ കളിച്ച പൂജാര സെഞ്ചുറി പൂര്‍ത്തിയാക്കി. 245 പന്തുകള്‍ നേരിട്ട പൂജാര 123 റണ്‍സെടുത്തു പുറത്തായി. ഓസ്ട്രേലിയയില്‍ പൂജാരയുടെ ആദ്യ സെഞ്ചുറിയാണിത്. ഓപ്പണിങ് ബാറ്റ്‌സ്മാന്മാരായ മുരളി വിജയ്‌യും കെ.എല്‍.രാഹുലും നായകന്‍ വിരാട് കോഹ്‌ലിയുമെല്ലാം നേരത്തെ തന്നെ കൂടാരം കയറിയ കളിയില്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കിയത് പൂജാരയാണ്.
ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ 250-9 എന്ന നിലയിലാണ്.

രോഹിത് ശര്‍മ്മയുമൊത്തു 41-4 എന്ന നിലയില്‍ നിന്നും ഇന്ത്യയെ പിടിച്ചുയര്‍ത്തി കൊണ്ടു വരികയായിരുന്നു പൂജാര. ഇന്ത്യന്‍ ഇന്നിങ്‌സ് 86 റണ്‍സിലെത്തി നില്‍ക്കെയാണ് രോഹിത് ശര്‍മ്മ പുറത്താകുന്നത്. 37 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം. പിന്നീട് ആര്‍.അശ്വിനെ കൂട്ടുപിടിച്ച പൂജാര പതിയെ ഇന്ത്യയെ കൈപിടിച്ചു നടത്തിക്കുകയായിരുന്നു. 76 പന്ത് നേരിട്ട അശ്വിന്‍ 25 റണ്‍സെടുത്ത് പുറത്തായി.

മൂന്ന് റണ്‍സെടുത്തു നില്‍ക്കെ കെ.എല്‍.രാഹുലിനെയാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. രണ്ട് റണ്‍സ് മാത്രമാണ് രാഹുലിന് എടുക്കാനായത്. ജോഷ് ഹെയ്‌സല്‍വുഡാണ് രാഹുലിനെ പുറത്താക്കിയത്. പിന്നാലെ മുരളി വിജയ്‌യേയും ഇന്ത്യയ്ക്ക് നഷ്ടമായി. 22 പന്തില്‍ 11 റണ്‍സുമായാണ് വിജയ് മടങ്ങിയത്. മിച്ചല്‍ സ്റ്റാര്‍ക്കിനായിരുന്നു വിജയിയുടെ വിക്കറ്റ്.

Read ALso: ‘ഈ പുരസ്‌കാരം എനിക്കു വേണ്ട, കോഹ്‌ലിക്ക് നല്‍കൂ’; ഗംഭീര്‍ അന്ന് പറഞ്ഞത്

പിന്നാലെ വന്ന നായകന്‍ വിരാട് കോഹ്‌ലിക്കും നിലയുറപ്പിക്കാനായില്ല. മൂന്ന് റണ്‍സ് മാത്രമെടുത്താണ് കോഹ്‌ലി പുറത്തായത്. പാറ്റ് കമ്മിന്‍സാണ് കോഹ്‌ലിയെ പുറത്താക്കിയത്. ഉപനായകന്‍ അജിങ്ക്യ രഹാനെ 13 റണ്‍സുമായി പുറത്തായി. വീണ്ടും ഹെയിസല്‍വുഡ് തന്നെ ഇന്ത്യയ്ക്ക് പ്രഹരമേല്‍പ്പിക്കുകയായിരുന്നു.

ഇന്ത്യന്‍ ടീം

കെ.എല്‍.രാഹുല്‍, മുരളി വിജയി, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, രോഹിത് ശര്‍മ്മ, റിഷഭ് പന്ത്, രവിചന്ദ്ര അശ്വിന്‍, ജസ്പ്രീത് ബുംമ്ര, ഇശാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook