സിഡ്‌നി: ഇന്ത്യയ്ക്കെതിരായ നാലാം ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് ഫോളോ ഓൺ. ഒന്നാം ഇന്നിങ്സിൽ ഓസീസിനെ ഇന്ത്യ 300 ന് പുറത്താക്കി. ഇതോടെ ഇന്ത്യ 322 റൺസിന്റെ ലീഡ് സ്വന്തമാക്കി. മൂന്നാം ദിനം വെളിച്ചക്കുറവ് മൂലം കളി നേരത്തെ അവസാനിപ്പിച്ചിരുന്നു. മൂന്നാം ദിനം കളി നിർത്തുമ്പോൾ ഓസ്ട്രേലിയ ആറു വിക്കറ്റ് നഷ്ടത്തിൽ 236 റൺസ് എടുത്തിരുന്നു. ഓസീസിന് ഫോളോ ഓൺ ഒഴിവാക്കാൻ 386 റൺസ് കൂടിയാണ് വേണ്ടിയിരുന്നത്. എന്നാൽ നാലാം ദിനത്തിൽ ഓസീസിന്റെ ആദ്യ ഇന്നിങ്സ് 300 ൽ​ അവസാനിച്ചു.

നാലാം ദിനം ആദ്യ സെഷനിൽ മഴ വില്ലനായതോടെ ഒരു ബോൾ പോലും എറിയാൻ സാധിച്ചില്ല. രണ്ടാം സെഷനിൽ പാറ്റ് കമ്മിൻസിന്റെ വിക്കറ്റാണ് ഓസ്ട്രേലിയയ്ക്ക് ആദ്യം നഷ്ടമായത്. മൂന്നാം ദിനത്തിൽ നേടിയ 25 റൺസിനോട് ഒരു റൺസ് പോലും കൂട്ടിച്ചേർക്കാൻ കഴിയാതെയാണ് കമ്മിൻസ് പവലിയനിലേക്ക് മടങ്ങിയത്. മുഹമ്മദ് ഷമിക്കായിരുന്നു വിക്കറ്റ്.

കമ്മിൻസ് മടങ്ങിയെങ്കിലും ഓസീസിനായി നിലയുറപ്പിച്ച ഹാൻഡ്കോംബിനെ തൊട്ടുപിന്നാലെ ബുംറ മടക്കിയതോടെ ഓസീസ് തകർന്നടിഞ്ഞു. നഥാൻ ലിയോണിനെ അക്കൗണ്ട് തുറക്കും മുൻപേ കുൽദീപ് യാദവ് മടക്കി. അവസാന വിക്കറ്റിൽ മിച്ചൽ സ്റ്റാർക്കും ഹെയ്സൽവുഡും ചേർന്ന കൂട്ടുകെട്ടാണ് ഓസീസിനെ 300 ൽ എത്തിച്ചത്. ഇരുവരും ചേർന്ന് 42 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 21 റൺസെടുത്ത ഹെയ്സൽവുഡിനെ കുൽദീപ് വീഴ്ത്തിയതോടെ ഓസീസിന്റെ ഒന്നാം ഇന്നിങ്സ് അവസാനിച്ചു. കുൽദീപ് യാദവാണ് ഓസീസിനെ ടീമിനെ തകർത്തത്. കുൽദീപ് 5 വിക്കറ്റുകളാണ് നേടിയത്. മുഹമ്മദ് ഷമി രണ്ടും രവീന്ദ്ര ജഡേജ രണ്ടും ബുംറ ഒരു വിക്കറ്റും വീഴ്ത്തി.

79 റൺസെടുത്ത മാർകസ് ഹാരിസ് മാത്രമാണ് ഓസ്ട്രേലിയൻ നിരയിൽ തിളങ്ങിയത്. ഉസ്മാൻ ഖ്വാജ (27), മാർനസ് ലാബസ്ചാഗ്നെ (38), ഷോൺ മാർഷ് (8), ട്രാവിസ് ഹെഡ് (20) എന്നിവർക്ക് അധിക നേരം പിടിച്ചുനിൽക്കാനായില്ല. ക്യാപ്റ്റൻ ടിം പെയിനിനെ കുല്‍ദീപ് മടക്കി അയച്ചു. 5 റണ്‍സ് മാത്രമാണ് പെയിനിന് എടുക്കാനായത്.

വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ 24 റൺസെന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഓസ്ട്രേലിയക്ക് ഖ്വാജയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. കുൽദീപ് യാദവാണ് ഇന്ത്യൻ വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്. അധികം വൈകാതെ 79 റൺസെടുത്ത ഹാരിസിനെ ജഡേജ മടക്കി. പിന്നീട് കൃത്യമായ ഇടവേളകളിൽ ഓസ്‌ട്രേലിയൻ താരങ്ങളെ ഇന്ത്യൻ ബോളർമാർ കൂടാരം കയറ്റി.

ഒന്നാം ഇന്നിങ്സിൽ കൂറ്റൻ സ്കോറായ 622 ആണ് ഓസീസിനു മുന്നിൽ ഇന്ത്യ ഉയർത്തിയത്. ചേതേശ്വർ പൂജാര (193), റിഷഭ് പന്ത് (159), രവീന്ദ്ര ജഡേഡ (81), മായങ്ക് അഗർവാൾ (77) എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook