സിഡ്‌നി: നാലാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ആദ്യ ദിനം കളിയവസാനിക്കുമ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ 303/4 എന്ന നിലയിലാണ്. സെഞ്ച്വറി നേടിയ ചേതേശ്വര്‍ പൂജാരയുടേയും അര്‍ധ സെഞ്ച്വറി നേടിയ മായങ്ക് അഗര്‍വാളിന്റേയും മികവിലാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്. 250 പന്തില്‍ നിന്നും 130 റണ്‍സുമായി പൂജാരയും 58 പന്തില്‍ നിന്നും 39 റണ്‍സുമായി ഹനുമ വിഹാരിയുമാണ് കളി അവസാനിക്കുമ്പോള്‍ ക്രീസിലുള്ളത്.

ഓപ്പണര്‍ കെ.എല്‍.രാഹുല്‍ ഇന്നും പരാജയപ്പെട്ടപ്പോള്‍ യുവതാരം മായങ്ക് അഗര്‍വാള്‍ ഒരിക്കല്‍ കൂടി ഇന്ത്യയെ കളിയില്‍ പിടിച്ചു നിര്‍ത്തി. 18 റണ്‍സെടുത്ത രഹാനെയെയാണ് ഇന്ത്യയ്ക്ക് അവസാനമായി നഷ്ടപ്പെട്ടത്.

112 പന്തുകളില്‍ നിന്നും 77 റണ്‍സാണ് മായങ്ക് നേടിയത്. രാഹുലിന് 9 റണ്‍സ് മാത്രമേ നേടാനായുള്ളൂ. പിന്നാലെ പൂജാരയും മായങ്കും ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ട് നയിക്കുകയായിരുന്നു. മായങ്ക് വീണതോടെ പൂജാര കോഹ്‌ലിയെ കൂട്ടുപിടിച്ചു. എന്നാല്‍ 23 റണ്‍സുമായി കോഹ്‌ലി പുറത്തായി. അപ്പോഴും ഒരുവശത്ത് വീഴാതെ പൂജാര നിലയുറപ്പിക്കുകയായിരുന്നു.

ഹെയ്‌സല്‍ വുഡിന് രണ്ട് വിക്കറ്റുകളും നഥാന്‍ ലിയോണിനും ഓരോ വിക്കറ്റുണ്ട്. മായങ്കിനെ പുറത്താക്കിയത് ലിയോണ്‍ ആണ്. നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് മടങ്ങിയെത്തിയിട്ടുണ്ട്. ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയുമാണ് പേസര്‍മാര്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook