ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ അഫ്ഗാനെ നേരിടുകയാണ്. മത്സരത്തിന് മുന്നോടിയായി ടോസ് ഇടാനായി അഫ്ഗാന്‍ നായകനൊപ്പം ഇറങ്ങി വരുന്ന ഇന്ത്യന്‍ താരത്തെ കണ്ട് ആരാധകർ ആദ്യം ഒന്ന് അമ്പരന്നു, പിന്നെ ആവേശം കൊണ്ട് രോമങ്ങള്‍ പോലും എഴുന്നേറ്റ് നിന്നു. അതെ, സാക്ഷാല്‍ ക്യാപ്റ്റന്‍ കൂള്‍ ധോണി. ക്യാപ്റ്റന്‍സിയില്‍ നിന്നും സ്വയം പിന്മാറിയതിന് ശേഷം ഇതാദ്യമായി ധോണി വീണ്ടും ക്യാപ്റ്റന്റെ കുപ്പായമണിഞ്ഞിരിക്കുകയാണ്.

നായകന്‍ രോഹിത് ശര്‍മ്മയ്ക്കും ഉപനായകന്‍ ശിഖര്‍ ധവാനും വിശ്രമം അനുവദിച്ചതോടെയാണ് ധോണി വീണ്ടും നായകസ്ഥാനത്തേക്ക് എത്തിയത്. ക്യാപ്റ്റനായി ധോണിയുടെ 200ാമത്തെ മത്സരമാണിത്. കോഹ്ലിയായാലും രോഹിത് ആയാലും കളിക്കളത്തിലെ യഥാര്‍ത്ഥ നായകന്‍ ധോണിയാണെന്ന് പലവട്ടം കണ്ടതാണ്. ഇന്ന് ജയിക്കാനായാല്‍ അത് വീണ്ടുമൊന്നു കൂടി ശക്തമാകും.

അതേസമയം, ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ടൂര്‍ണമെന്റിലിതുവരെ പരാജയം അനുഭവിക്കാതെയാണ് ഇന്ത്യയുടെ കുതിപ്പ്. അതേസമയം, ഈ ടൂര്‍ണമെന്റിലെ യഥാര്‍ത്ഥ താരങ്ങളാണ് അഫ്ഗാന്‍. പാകിസ്ഥാനെ പരാജയപ്പെടുത്തിയ, ബംഗ്ലാദേശിനെ വിറപ്പിച്ചവര്‍ ഇന്ന് ഇന്ത്യയെ എങ്ങനെ പ്രതിരോധക്കും എന്നത് കണ്ടറിയേണ്ടതാണ്.

രോഹിതും ധവാനും ഇല്ലാതെ ഇറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ ദീപക് ചാഹറിന് അരങ്ങേറ്റത്തിന് അവസരമൊരുങ്ങിയിട്ടുണ്ട്. ആദ്യ മത്സരത്തില്‍ അരങ്ങേറിയ ഖലീല്‍ അഹമ്മദും ടീമിലുണ്ട്. കെഎല്‍ രാഹുലും സിദ്ധാര്‍ത്ഥ് കൗളും മടങ്ങിയെത്തിയിട്ടുണ്ട്.

ഇന്ത്യന്‍ ടീം; കെഎല്‍ രാഹുല്‍, റായിഡു, കാര്‍ത്തിക്, ധോണി, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, സിദ്ധാര്‍ത്ഥ് കൗള്‍, കുല്‍ദീപ് യാദവ്, ഖലീല്‍ അഹമ്മദ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ