കൊല്‍ക്കത്തയുടെ തെരുവുകളില്‍ മഴ നിര്‍ത്താതെ പെയ്യുമ്പോഴും സോനാഗച്ചി മിടുക്കികളുടെ ഫുട്‌ബോള്‍ ആവേശത്തെ കെടുത്താന്‍ സാധിച്ചിട്ടില്ല. വെള്ളം മൂടിയ ഗ്രൗണ്ടുകള്‍ക്ക് പകരം തെരുവിന്റെ ഓരങ്ങളിലാണ് ഇവര്‍ പന്തു തട്ടുന്നത്. അവിടെ അവര്‍ പന്തു തട്ടുകയും മെസിയും ക്രിസ്റ്റ്യാനോയുമൊക്കെ ആവുകയും ചെയ്യുന്നു.

സംസ്ഥാനത്തെ ലൈംഗിക തൊഴിലാളികളേയും അവരുടെ മക്കളേയും സഹായിക്കുന്ന ദര്‍ബാര്‍ മഹിള സമാന്‍വായ കമ്മിറ്റി (ഡിഎംഎസ്‌സി)യാണ് സോനാഗച്ചിലെ ഈ ഫുട്‌ബോള്‍ മോഹികള്‍ക്ക് കരുത്തു പകരുന്നത്. ലൈംഗിക തൊഴിലാളികളുടെ പെണ്‍മക്കളെ അണിനിരത്തി കൊണ്ട് ഒരു ഫുട്‌ബോള്‍ ടീം ലോഞ്ച് ചെയ്യാനൊരുങ്ങുകയാണ് ഡിഎംസ്‌സി. ‘അംറാ പഥാതിക്’ ക്ലബ്ബിന്റെ ഭാഗമായ ടീം സമ്പ്രദായിക രീതികളെ ഉടച്ചു വാര്‍ക്കുന്നതിലും പ്രദേശത്തെ ലൈംഗിക തൊഴിലാളികളുടെ പെണ്‍മക്കള്‍ക്ക് അവരുടെ സ്വപ്‌നം നേടാനുള്ള അവസരം ഒരുക്കുന്നതിലുമാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

ലോകകപ്പില്‍ നിന്നും അര്‍ജന്റീന നേരത്തെ തന്നെ പുറത്തായെങ്കിലും സോനാഗച്ചിയിലെ തെരുവുകളില്‍ ആകാശ നീലയും വെള്ളയും നിറങ്ങളിലുള്ള തോരണങ്ങള്‍ അടുത്തൊന്നും അപ്രത്യക്ഷ്യമാകില്ലെന്നാണ് ടീമിലെ പ്രധാന താരങ്ങളിലൊരാളായ സുനിത ദാസ് പറയുന്നത്. ”എനിക്ക് മെസിയെ ഒരുപാട് ഇഷ്ടമാണ്. ഒരുനാള്‍ അദ്ദേഹത്തെ പോലെ ഗോള്‍ നേടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു” 14 കാരിയായ സുനിതയുടെ വാക്കുകളാണ്. മെസിയുണ്ടേല്‍ പിന്നെ അവിടെ ക്രിസ്റ്റ്യാനോയും വേണമെന്നാണല്ലോ, ടീമിലെ മറ്റൊരു താരമായ സ്വപ്‌ന ഷെയ്ക്ക് കട്ട റൊണാള്‍ഡോ ഫാനാണ്. ഒരിക്കലും ക്രിസ്റ്റ്യാനോയെ പോലെ ഗോളടിക്കാനാകില്ലെന്നാണ് സ്വപ്‌ന പറയുന്നത്.

”ഞങ്ങളും മോശക്കാരല്ലെന്ന് ആണ്‍കുട്ടികളെ കാണിച്ചു കൊടുക്കും. കാര്യം അവര് നല്ല സപ്പോര്‍ട്ടാണെങ്കിലും ഇടയ്‌ക്കൊക്കെ പറയാറുണ്ട്, നിങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ പറ്റുമെന്ന് കാണട്ടേയെന്ന്” ആണ്‍കുട്ടികള്‍ക്ക് ഒപ്പം കളിച്ച് ശീലിച്ചിട്ടുള്ള സ്വപ്‌ന പറയുന്നു.

ഒമ്പത് പേരാണ് ഇപ്പോള്‍ ടീമിന്റെ ഭാഗമായി പരിശീലനം നടത്തുന്നത്. പ്രാക്ടീസ് പുരോഗമിക്കുമ്പോള്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ മുന്നോട്ട് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡിഎംസ്‌സി പറയുന്നു. ”പെണ്‍കുട്ടികള്‍ക്ക് മാത്രമായി ഒരു ടീം എന്നത് നേരത്തേ തന്നെ ഞങ്ങളുടെ ചിന്തയിലുണ്ടായിരുന്നു. കാരണം ഞങ്ങള്‍ സ്ത്രീകളുടെ ക്ഷേമത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. അവരില്‍ ചിലര്‍ ആണ്‍കുട്ടികള്‍ക്കൊപ്പമാണ് കളിക്കുന്നത്. സ്വന്തം ടീമുണ്ടാകുമ്പോള്‍ അതിന്റേതായ ഗുണമുണ്ടാകും.” ഡിഎംസ്‌സിയുടെ ഭാരവാഹിയായ ഭാരതി ഡേ പറയുന്നു.

‘തങ്ങളുടെ മക്കള്‍ കളിക്കണമെന്ന് പലര്‍ക്കും ആഗ്രഹമുണ്ട് പക്ഷെ പെണ്‍കുട്ടികള്‍ ട്രൗസര്‍ ഇടുന്നതിനെ മറ്റുള്ളവര്‍ എങ്ങനെ കാണും എന്ന് ഓര്‍ത്ത് ആണ് അവരുടെ ആശങ്ക. പക്ഷെ സ്‌പോര്‍ട്‌സില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ യാതൊരു വ്യത്യാസമില്ലെന്നും അവരെ പറഞ്ഞ് മനസിലാക്കുകയാണ് ഞങ്ങള്‍. പണക്കാരുടെ മക്കള്‍ ഷോര്‍ട്ട്‌സ് ഇടുന്നുണ്ടല്ലോ, പിന്നെന്തിന് നിങ്ങള്‍ നാണിക്കണം”, ഡേ പറയുന്നു.

ലോകകപ്പ് അവരുടെയുള്ളിലെ ഫുട്‌ബോള്‍ ആവേശത്തെ ഊതിക്കത്തിക്കുകയും ചെയ്തിട്ടുണ്ട്. ഫുട്‌ബോളിനെ കുറിച്ച് കൂടുതല്‍ അറിയാനും പഠിക്കാനും അവര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. ”വളരെ ആകാംഷയോടെ കാത്തിരിക്കുകയാണ്. എല്ലാം പഠിക്കണം” 18 കാരിയായ ആലിയ ഗോര്‍ പറയുന്നു. പെനാല്‍റ്റി ഷൂട്ടൗട്ട് മുതല്‍ മഞ്ഞക്കാര്‍ഡ് വരെ തങ്ങളുടെ സംശയങ്ങള്‍ നിരത്തി കോച്ചിനെ വലയ്ക്കാന്‍ തന്നെയാണ് ആലിയയുടേയും കൂട്ടുകാരികളുടേയും ഉദ്ദേശ്യം.

മോഹന്‍ ബഗാന്റെ ടീം ഡോക്ടറായിരുന്ന ഡോ.പ്രതീം റോയിയുടെ സേവനവും ടീമിനുണ്ട്. സമ പ്രായക്കാരായ ആണ്‍കുട്ടികള്‍ ഫുട്‌ബോളിലൂടെ വിദേശ രാജ്യങ്ങളിലേക്ക് പോകുന്നതും ജീവിത വിജയം നേടുന്നതും അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുന്നതും ഈ പെണ്‍കുട്ടികള്‍ കണ്ടിട്ടുണ്ടെന്നും അത് തങ്ങളുടെ ജീവിതത്തിലും സംഭവിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നുണ്ടെന്നും റോയി പറയുന്നു. അംറ പാഥതിക് ടീമിലെ ചില താരങ്ങള്‍ നേരത്തെ തന്നെ പോളണ്ടിലും ഡെന്‍മാര്‍ക്കിലും മാഞ്ചസ്റ്ററിലുമെല്ലാം ഫുട്‌ബോള്‍ കളിച്ചിട്ടുണ്ട്.

”പലര്‍ക്കും താല്‍പര്യമുണ്ട്. പക്ഷെ നാണിച്ച് മാറി നില്‍ക്കുകയാണ്. പതിയെ അവരും മുന്നോട്ട് വരും’ റോയി പറയുന്നു. എല്ലാ ആഴ്ചയിലും ഒരു ദിവസം പരിശീലനം നടത്താനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ദാര്‍ജി പാരയിലായിരിക്കും കോച്ചിങ് നടത്തുക. പെണ്‍കുട്ടികളുടെ ടീമിന് സ്‌പോണ്‍സര്‍മാരോ പ്രത്യേക പണമോ നിലവിലില്ല. പക്ഷെ പതിയെ പിന്തുണയുമായി മറ്റുള്ളവരുമെത്തുമെന്ന് ഡിഎംഎസ്‌സി പ്രതീക്ഷിക്കുന്നു. നമുക്കും പ്രതീക്ഷയോടെ കാത്തിരിക്കാം മെസിയ്ക്കും ക്രിസ്റ്റ്യാനോയ്ക്കും നെയ്മറിനും ഛേത്രിയ്ക്കും വേണ്ടിയെന്ന പോലെ സ്വപ്‌നയ്ക്കും സുനിതയ്ക്കും വേണ്ടി കൈയ്യടിക്കുന്ന നാളേയ്ക്കായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook