ലണ്ടൻ: വിജയം നേടാനായി അനിവാര്യ സമയങ്ങളിൽ ടീം അംഗങ്ങളെ വേദനിപ്പിക്കുന്ന തരത്തിലുള്ള തുറന്നു പറച്ചില്‍ വേണ്ടി വരുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കൊഹ്‍ലി. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഐസിസി ചാന്പ്യൻസ് ലീഗ് മത്സരം ആധികാരികമായി സ്വന്തമാക്കി സെമി ഉറപ്പിച്ച ശേഷമായിരുന്നു കോഹ്‌ലിയുടെ പ്രതികരണം. ശ്രീലങ്കക്കെതിരായ മത്സരത്തിലെ അപ്രതീക്ഷിത പരാജയം ഏല്‍പ്പിച്ച ആഘാതത്തിന് ശേഷം ടീമിനെ തിരിച്ചുവരവിന് പ്രേരിപ്പിച്ചതിന് പിന്നിലെ പ്രധാന കാരണം എന്താണെന്ന് പരോക്ഷമായി സൂചിപ്പിച്ചിരിക്കുകയാണ് നായകൻ.

‘നായകനെന്ന നിലയില്‍ സത്യസന്ധനായിരിക്കണം. വിജയം നേടണമെങ്കിൽ അനിവാര്യമാകുന്പോൾ ചിലപ്പോള്‍ സഹതാരങ്ങളെ മുറിപ്പെടുത്തുന്ന തരത്തില്‍ സംസാരിക്കേണ്ടി വരും. ഞാനുള്‍പ്പെടെയുള്ള ടീമിന് എവിടെയാണ് തെറ്റിയതെന്ന് അവരോട് വ്യക്തമാക്കേണ്ടതുണ്ട്. ഇത് തീവ്രതയോടെ ഉള്‍ക്കൊണ്ട് മുന്നേറണം. ദശലക്ഷങ്ങളുടെ ഇടയില്‍ നിന്നും ടീമംഗങ്ങളായി തെരഞ്ഞെടുക്കുന്നത് ഇതിന് വേണ്ടിയാണ്. ഒരേ തെറ്റുകള്‍ ആവര്‍ത്തിക്കുന്നതില്‍ പ്രസക്തിയില്ല. രണ്ടോ മൂന്നോ കളിക്കാരോട് ഇത് ആവശ്യപ്പെടുകയല്ല, മറിച്ച് ഓരോ കളിക്കാരനോടും തെറ്റുകള്‍ മനസിലാക്കി തിരുത്താനാണ് ആവശ്യപ്പെടുന്നത്. ഇത് എല്ലാവരും ഫലപ്രദമായി നടപ്പിലാക്കുന്നുണ്ടെന്നത് സന്തോഷകരമാണ്’ കോഹ്‌ലി വ്യക്തമാക്കി.

ഐസിസി ചാംപ്യൻസ് ട്രോഫിയിൽ ദക്ഷിണാഫ്രിക്കയെ തോല്‍പിച്ചാണ് ഇന്ത്യ സെമിയില്‍ കടന്നത്. ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ ദക്ഷിണാഫ്രിക്കൻ താരങ്ങൾക്ക് അടിപതറിയതോടെ 44.3 ഓവറിൽ 191 റൺസ് എടുക്കുന്നതിനിടെ മുഴുവൻ കളിക്കാരെയും ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. പിന്തുടര്‍ന്ന് ഇറങ്ങിയ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം മറികടന്നത്. ഇന്ത്യയ്ക്ക് വേണ്ടി നായകന്‍ വിരാട് കോഹ്‌ലി 101 പന്തില്‍ 76 റണ്‍സ് നേടി. ശിഖര്‍ ധവാന്റെ 78 റണ്‍സ് പ്രകടനമാണ് ഇന്ത്യയ്ക്ക് അടിത്തറ നല്‍കിയത്. പിന്നാലെ കോഹ്‌ലിയും ക്രീസില്‍ തുടര്‍ന്നപ്പോള്‍ ഇന്ത്യന്‍ വിജയം അനായാസമായി. 12 റണ്‍സെടുത്ത് രോഹിത് ശര്‍മ്മ പുറത്തായപ്പോള്‍ 23 റണ്‍സുമായി യുവരാജ് സിംഗ് ക്രീസില്‍ തുടര്‍ന്നു.

ഓപ്പണർമാരായി ഇറങ്ങിയ ക്വിന്റൺ ഡി കോക്കും ഹാഷിം അംലയും ആണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കമാണ് നൽകിയത്. 18-ാം ഓവറിലാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. അശ്വിന്റെ ബോളിൽ ധോണിയുടെ ക്യാച്ചിലൂടെ അംലയാണ് (35) ആദ്യം പുറത്തായത്. പിന്നാലെ 53 റൺസെടുത്ത ഡി കോക്കിനെ ജഡേജയും പുറത്താക്കി. എബി ഡിവില്ലിയേഴ്സും (16), ഡേവിഡ് മില്ലറും (1) റൺഔട്ടിലൂടെ കളംവിട്ടു. ഹാർദിക് പാണ്ഡ്യയുടെ ബോളിൽ ഡു പ്ലെസിസും (36) വീണതോടെ ദക്ഷിണാഫ്രിക്കൻ നിര തകർന്നു.

പിന്നീട് ഇറങ്ങിയ ക്രിസ് മോറിസ് (4), ആൻഡിലേ ഫെലൂക്വായോ (4), റബാദ (5), മോൺ മോർക്കൽ (0), ഇമ്രാൻ താഹിർ (1) എന്നിവർക്ക് കാര്യമായി ഒന്നും തന്നെ ചെയ്യാനുണ്ടായിരുന്നില്ല. ഡുമിനി 20 റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി ബുംറയും ഭുവനേശ്വർ കുമാറും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. അശ്വിൻ, പാണ്ഡ്യ, ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

ആദ്യ മത്സരത്തില്‍ ചിരവൈരികളായ പാക്കിസ്ഥാനെ തോല്‍പ്പിച്ച ടീം ഇന്ത്യക്ക് ശ്രീലങ്കക്കെതിരെ ചുവട് പിഴച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ