Hockey World Cup Schedule:ഭുവനേശ്വർ: വീണ്ടും ഹോക്കി ലോകകപ്പ് ഇന്ത്യൻ മണ്ണിൽ വിരുന്നെത്തിയിരിക്കുന്നു. ക്ഷേത്ര നഗരമായ ഭുവനേശ്വറിന്റെ മണ്ണിൽ ഇനി ഹോക്കിയുടെ തീർത്ഥാടനം. സ്വന്തം നാട്ടിൽ നടക്കുന്ന ടൂർണമെന്റിലൂടെ പഴയ പ്രതാപം വീണ്ടെടുക്കാനാണ് ഇന്ത്യയുടെ ശ്രമം. ഒപ്പം 43 വർഷങ്ങൾക്ക് ശേഷമുള്ള ഇന്ത്യയുടെ ആദ്യ കിരീട നേട്ടം എന്ന ലക്ഷ്യവും ഇന്ത്യയ്ക്ക് മുന്നിലുണ്ട്.
ഇന്ന് രാത്രി 7 മണിക്കാണ് ഇന്ത്യയുടെ ആദ്യ മത്സരം. ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികൾ. ലോക റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യയുടെ ഗ്രൂപ്പിൽ കരുത്തരായ ബെല്‍ജിയം, കാനഡ എന്നീ ടീമുകളും ഉൾപ്പെടുന്നു.
മലയാളി ഗോൾകീപ്പർ പി.ആർ.ശ്രീജേഷിന് പകരം മൻപ്രീത് സിങ്ങാണ് ഇന്ത്യയെ നയിക്കുന്നത്. നായകസ്ഥാനത്ത് ഇല്ലെങ്കിലും ഗോൾ വലയ്ക്ക് മുന്നിൽ ശക്തമായ കാവൽ ഒരുക്കേണ്ട ഉത്തരവാദിത്വം ശ്രീജേഷിനാകും. എഷ്യൻ ഗെയിംസിൽ സ്വർണ്ണം നേടാൻ കഴിഞ്ഞില്ലെങ്കിലും മികച്ച പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്. ഇത് വലിയ പ്രതീക്ഷ നൽകുന്നു.
1975 ലാണ് ഇന്ത്യ അവസാനമായി ലോകകപ്പ് കിരീടം ഉയർത്തുന്നത്. അതിന് ശേഷം പിന്നീട് ഒരിക്കലും സെമിയിൽ പോലും എത്താൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല. 1982 ൽ നടന്ന ലോകകപ്പിൽ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തതാണ് അത് കഴിഞ്ഞുള്ള ഇന്ത്യയുടെ മികച്ച പ്രകടനം. ഇത് മൂന്നാം തവണയാണ് ഇന്ത്യ ലോകകപ്പിന് അതിഥേയത്വം വഹിക്കുന്നത്. 1982ൽ ബോംബെയിലും 2010ൽ ഡൽഹിയിലും ലോകകപ്പ് മത്സരങ്ങൾ സംഘടിപ്പിക്കപ്പെട്ടിരുന്നു.