ജൊഹന്നാസ്ബർഗ്: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന മൽസര പരമ്പര തുടങ്ങാനിരിക്കേ വിജയിക്കുമെന്ന ആത്മവിശ്വാസവുമായി ടീം ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. ടെസ്റ്റിൽ ആദ്യ രണ്ട് ടെസ്റ്റിലും പരാജയപ്പെട്ട ഇന്ത്യ മൂന്നാം ടെസ്റ്റിൽ മാത്രമാണ് വിജയിച്ചത്. ടെസ്റ്റിലെ പ്രകടനം നോക്കി ഏകദിനത്തിലെ കളിയെ വിലയിരുത്തേണ്ടെന്ന് ഹിറ്റ്മാൻ പറഞ്ഞു.

“ടെസ്റ്റ് മൽസരം പോലെയല്ല ഏകദിന മൽസരം. ടെസ്റ്റിൽ കളിക്കുന്ന ഷോട്സും ഏകദിനത്തിൽ കളിക്കുന്ന ഷോട്സും വ്യത്യസ്തമാണ്. ഞാൻ എന്നെക്കുറിച്ച് മാത്രമാണ് പറയുന്നത്. ഓരോ കളിക്കാരനും അവന്റേതായ പ്ലാൻ കാണും. ടെസ്റ്റ് കളിക്കുമ്പോൾ മുഴുവൻ സാഹചര്യങ്ങളെ നോക്കി വേണം കളിക്കാൻ. കളി എവിടെ നിൽക്കുന്നു. ഏത് ഷോട് കളിക്കണം, തുടങ്ങി അനേകം കാര്യങ്ങൾ. ദീർഘ ഇന്നിങ്സുകൾ ഇല്ലാതെ പോയാൽ കളി താളം തെറ്റും”, രോഹിത് ശർമ്മ വിശദീകരിച്ചു.

“ഏകദിനത്തിൽ രണ്ട് സ്റ്റെപ് മുൻകൂട്ടി കാണണം. ബോളർമാരെ വേഗം സമ്മർദ്ദത്തിലാക്കാൻ സാധിക്കണം. ടെസ്റ്റിനെയും ഏകദിനത്തെയും ഒരേ നിലയ്ക്ക് സമീപിക്കുന്ന ബാറ്റ്സ്മാന്മാർ ഒരുപാടുണ്ട്. പക്ഷെ എന്റെ രീതി വ്യത്യസ്തമാണ്. ഷോട് സെലക്ഷനും സാങ്കേതിക വശങ്ങളും എല്ലാം വ്യത്യസ്തമാണ്.”

“സ്പോർട്സിൽ ഒന്നും സ്ഥിരമായി സംഭവിക്കില്ല. എല്ലാ കളിയും വ്യത്യാസപ്പെട്ടിരിക്കും. ടെസ്റ്റിനെ കുറിച്ച് കൂടുതൽ സംസാരിക്കാനില്ല. അത് കഴിഞ്ഞ കാര്യമാണ്. ഏകദിനത്തിൽ ഒരു ഇംപാക്ട് ഉണ്ടാക്കാനാണ് ശ്രമം. അത് സാധിക്കുമെന്ന് തന്നെയാണ് വിശ്വാസം”, ഹിറ്റ്മാൻ ദക്ഷിണാഫ്രിക്കയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ