മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ഏകദിന-ടി20 ടീമുകള്‍ ഇന്നലെയാണ് മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദ് പ്രഖ്യാപിച്ചത്. പ്രമുഖര്‍ പലരും ടീമിലേക്ക് തിരികെ എത്തി. ചില അപ്രതീക്ഷിത ഒഴിവാക്കലുമുണ്ടായി. പഞ്ചാബില്‍ നിന്നുമുള്ള യുവ സ്പിന്നര്‍ മായങ്ക് മാര്‍ക്കണ്ഡെയേ ടീമിലെടുത്തത് അപ്രതീക്ഷിത നീക്കമായിരുന്നു. ടി20 പരമ്പരയില്‍ ബാക്ക് അപ്പ് സ്പിന്നര്‍ എന്ന നിലയിലാണ് മായങ്കിനെ ടീമിലെടുത്തിരിക്കുന്നത്.
അപ്രതീക്ഷിതമായി ടീമിലെത്തിയതിന്റെ ആവേശത്തിലാണ് മായങ്ക്. ടീമിലേക്കുള്ള വിളി താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് മായങ്ക് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. തന്റെ കരിയറിലെ ഇതുവരെയുള്ള ഏറ്റവും വലിയ നേട്ടമാണിതെന്നും മായങ്ക് പറഞ്ഞു.
”ദേശീയ ടീമിലേക്കുള്ള വിളി ഏതൊരു താരത്തെ സംബന്ധിച്ചും കരിയറിലെ ഏറ്റവും വലിയ നേട്ടമാണ്. സത്യം പറയാലോ, ഞാനിത് പ്രതീക്ഷിച്ചിരുന്നില്ല. ഇത്ര നേരത്തെ ദേശീയ ടീമിലേക്ക് വിളി വരുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. ഞാന്‍ ഭാഗ്യവാനാണ്” മായങ്ക് പറഞ്ഞു.
ആഭ്യന്തര ക്രിക്കറ്റില്‍ 2018 ല്‍ പുലര്‍ത്തിയ സ്ഥിരതയാണ് മായങ്കിന് ഗുണമായത്. ഏഴ് ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നും 34 വിക്കറ്റുകളാണ് മായങ്ക് നേടിയത്. ”രഞ്ജി ട്രോഫിയിലേയും ഇന്ത്യ എയ്ക്കായുള്ള കളി ആയിരിക്കും അവരെ എന്നിലേക്ക് ആകര്‍ഷിച്ചത്. തെളിയിക്കാനുള്ള ഒരവസരം നല്‍കിയെന്നതില്‍ അവരോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു” താരം കൂട്ടിച്ചേര്‍ത്തു.
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമായ മായങ്കിന് മികച്ച സീസണായിരുന്നു പോയ വര്‍ഷത്തേത്. 14 മത്സരങ്ങളില്‍ നിന്നും 15 വിക്കറ്റുകളെടുത്തു. തന്റെ ആദ്യ മത്സരത്തില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്.ധോണിയേയും മായങ്ക് പുറത്താക്കിയിരുന്നു.