പുണെ: രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് 64 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. ചെന്നൈ ഉയര്‍ത്തിയ 205 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് തുടക്കം മുതലേ പിഴക്കുകയായിരുന്നു. രാജസ്ഥാന്റെ ഇന്നിങ്സ് 140ല്‍ അവസാനിക്കുകയായിരുന്നു. രാജസ്ഥാന്‍ ബാറ്റിങ് നിരയില്‍ അൽപമെങ്കിലും പൊരുതി നിന്നത് ബെന്‍ സ്റ്റോക്സ് മാത്രമാണ്. 45 റണ്‍സെടുത്ത സ്റ്റോക്സാണ് അവരുടെ ടോപ് സ്‌കോറര്‍.

രാജസ്ഥാനെതിരെ ഷെയ്ന്‍ വാട്സണിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ കരുത്തിലാണ് ചെന്നൈ വിജയം കൊയ്തത്. 51പന്തില്‍ നിന്നും സെഞ്ചുറി നേടിയാണ് വാട്സണ്‍ പുണെയിലേക്കുള്ള ചെന്നൈയുടെ ഗൃഹപ്രവേശം ആഘോഷിച്ചത്. ഒമ്പത് ഫോറും ആറ് സിക്സും അടങ്ങുന്നതാണ് വാട്സണിന്റെ ഇന്നിങ്സ്. 57 പന്തില്‍ നിന്നും 106 റണ്‍സെടുത്താണ് വാട്‌സണ്‍ പുറത്തായത്. വാട്‌സണിന്റെ ഏറ്റവും ഉയര്‍ന്ന ഐപിഎല്‍ സ്‌കോറാണിത്.

നേരിട്ട ആദ്യ പന്തുമുതല്‍ ആക്രമിച്ചു കളിക്കുക എന്ന ശൈലിയാണ് വാട്സണ്‍ പിന്തുടര്‍ന്നിരിക്കുന്നത്. അതേസമയം, ഓപ്പണര്‍ അമ്പാട്ടി റായിഡു 12 റണ്‍സെടുത്ത് കൂടാരം കണ്ടപ്പോള്‍ സുരേഷ് റെയ്ന 46 റണ്‍സുമായി വാട്സണിന് മികച്ച പിന്തുണ നല്‍കി. ഒമ്പത് ഫോറുകള്‍ അടങ്ങുന്നതായിരുന്നു റെയ്നയുടെ ഇന്നിങ്സ്. വാട്‌സണിന്റെ സെഞ്ചുറിയുടെ കരുത്തില്‍ ചെന്നെ 20 ഓവറില്‍ 204 റണ്‍സ് നേടി.

അതേസമയം, പരുക്കിന്റെ പിടിയിലുള്ള നായകന്‍ എം.എസ്.ധോണി അഞ്ച് റണ്‍സെടുത്തു പുറത്തായി. പിന്നാലെ വന്ന ബില്ലിങ്സും രണ്ടക്കം കാണാതെ പുറത്തായെങ്കിലും വാട്സണ്‍ ഒരറ്റത്ത് നിലയുറപ്പിച്ച് ബാറ്റ് ചെയ്തതോടെ ചെന്നൈ മികച്ച സ്‌കോറിലേക്ക് കുതിക്കുകയായിരുന്നു. ഇന്നലെ സൂപ്പര്‍ താരം ക്രിസ് ഗെയിലിന്റെ സെഞ്ചുറിയ്ക്ക് പിന്നാലെയാണ് ഐപിഎല്ലില്‍ മറ്റൊരു സെഞ്ചുറി പിറക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ