ന്യൂഡൽഹി: ഫുട്ബോൾ ചരിത്രത്തിലാദ്യമായി ജോർദാനെതിരെ ഇന്ത്യ പോരാട്ടത്തിനിറങ്ങുന്നു. നവംബർ 17 ന് ജോർദാനിലെ അമ്മാനിൽ ഇരു രാജ്യങ്ങളും തമ്മിലുളള സൗഹൃദ മത്സരം നടക്കും.

കിങ് അബ്ദുളള II അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. രാത്രി 9.30 നാണ് കിക്കോഫ്. ലോകകപ്പ് റണ്ണേർസ് അപ്പായ ക്രൊയേഷ്യക്കെതിരെ നടന്ന അവസാന മത്സരത്തിൽ ജോർദാൻ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോറ്റെങ്കിലും 110ാം റാങ്കിലുളള ജോർദാനെ സംബന്ധിച്ച് ഇത് അഭിമാനം ഉയർത്തുന്നതായിരുന്നു.

ഇന്ത്യ ഇപ്പോൾ 97ാം റാങ്കിലാണ്. ഈ വർഷം രണ്ട് തവണ അണ്ടർ 16 മത്സരത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയതൊഴിച്ചാൽ, സീനിയർ ടീമുകൾ ഇതുവരെ നേർക്കുനേർ പോരടിച്ചിട്ടില്ല.

എഎഫ്‌സി ഏഷ്യ കപ്പിന് മുന്നോടിയായി കഴിഞ്ഞ തവണ ചൈനയ്ക്ക് എതിരെ ഇന്ത്യ ഏറ്റുമുട്ടിയിരുന്നു. ഈ മത്സരം സമനിലയിൽ കലാശിച്ചു. ജോർദാനെതിരെ മത്സരിക്കുന്നത്, ഏഷ്യ കപ്പിന് മുൻപ് ടീമിന്റെ ആത്മവിശ്വാസവും കരുത്തും വർദ്ധിക്കാൻ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്.

ഏഷ്യ കപ്പിൽ ഗ്രൂപ്പ് എ യിൽ യുഎഇ, തായ്‌ലന്റ്, ബഹ്റിൻ എന്നിവർക്കൊപ്പമാണ് ഇന്ത്യയുളളത്. യുഎഇ ക്ക് സമാനമായ അമ്മാനിലെ കാലാവസ്ഥയിൽ കളിക്കുന്നത് ഏഷ്യ കപ്പിൽ ഇന്ത്യയ്ക്ക് മുതൽക്കൂട്ടാകുമെന്ന് കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റയിൻ പറയുന്നു.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook