ജൊഹന്നാസ്ബർഗ്: വർണ്ണവെറിക്കും വംശീയ അധിക്ഷേപങ്ങൾക്കും എതിരെ വലിയ പോരാട്ടങ്ങൾ കണ്ട രാജ്യമാണ് ദക്ഷിണാഫ്രിക്ക. വർണ്ണവെറിക്കെതിരെ നഖശിഖാന്തം പോരാടിയ ചരിത്ര പുരുഷൻ​ നെൽസൺ മണ്ടേലയും ഇന്നാട്ടുകാരനാണ്. എന്നാൽ ഈ ഖ്യാതികൾ എല്ലാം തകർന്നടിയുന്ന തരത്തിലുള്ളൊരു സാഹചര്യത്തിൽ എത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്ക. സ്വന്തം രാജ്യത്തിന്റെ ജഴ്സി അണിഞ്ഞ താരത്തിനെതിരായ വംശീയ അധിക്ഷേപമാണ് ദക്ഷിണാഫ്രിക്കയ്ക്ക് പുതിയ നാണക്കേട് സമ്മാനിച്ചത്.

ഇന്ത്യക്കെതിരായ നാലാം ഏകദിന മൽസരത്തിനിടെയാണ് ഇമ്രാൻ താഹിർ വംശീയമായി അധിക്ഷേപിക്കപ്പെട്ടത്. വാക്കുകൾകൊണ്ടും ആംഗ്യങ്ങൾക്കൊണ്ടും താഹിറിനെ അപമാനിക്കുകയായിരുന്നുവെന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് സ്ഥിരീകരിച്ചു. അധിക്ഷേപത്തെപ്പറ്റി താഹിർ സുരക്ഷ ഉദ്യോഗസ്ഥർക്ക് ഉടൻ പരാതി നൽകുകയും ചെയ്തു.

പിന്നാലെ സുരക്ഷ ഉദ്യോഗസ്ഥർ എത്തി താഹിറെ അപമാനിച്ച വ്യക്തിയെ സ്റ്റേഡിയത്തിന് പുറത്തേക്ക് കൊണ്ട് പോകുകയും ചെയ്തു. ഇമ്രാൻ താഹിറിന്റെ ഭാഗത്ത് നിന്ന് യാതൊരു വിധ പ്രകോപനവും ഉണ്ടായില്ലെന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡും പൊലീസും സ്ഥിരീകരിച്ചു.

ഐസിസിയുടെ നിയമപ്രകാരം സ്റ്റേഡിയത്തിൽ വംശീയ അധിക്ഷേപം നടത്തുന്നവരെ സ്റ്റേഡിയത്തിൽ നിന്ന് ആജീവനാന്തം വിലക്കുകയും ക്രിമിനൽ കേസ് ചുമത്തുകയും ചെയ്യണമെന്നാണ്. അധിക്ഷേപം നടത്തിയ വ്യക്തിക്കെതിരെ നിയമപരമായി നടപടി സ്വീകരിക്കുമെന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. താഹിറിനെ വംശീയമായി അധിക്ഷേപിച്ച വ്യക്തിയുടെ കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

എന്നാൽ താഹിറിനെതിരായ അധിക്ഷേപത്തിന്റെ ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കയുടെ തന്നെ ആരാധകരായ ഒരു സംഘമാണ് താഹിറിന് നേരെ ആക്രോശം നടത്തുന്നത്. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് ദക്ഷിണാഫ്രിക്കൻ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.

ഇത് ആദ്യമായല്ല ഇമ്രാൻ താഹിർ വംശീയമായി അധിക്ഷേപിക്കപ്പെടുന്നത്. 2014 ൽ ഓസ്ട്രേലിയയിലെ ഓവലിൽ നടന്ന മൽസരത്തിനിടെ താഹിറിന് നേരെ വംശീയ അധിക്ഷേപം നടന്നിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ