ജൊഹന്നാസ്ബർഗ്: വർണവെറിക്കും വംശീയ അധിക്ഷേപങ്ങൾക്കും എതിരെ വലിയ പോരാട്ടങ്ങൾ കണ്ട രാജ്യമാണ് ദക്ഷിണാഫ്രിക്ക. വർണവെറിക്കെതിരെ നഖശിഖാന്തം പോരാടിയ ചരിത്ര പുരുഷൻ​ നെൽസൺ മണ്ടേലയും ഇന്നാട്ടുകാരനാണ്. എന്നാൽ ഈ നാട്ടില്‍ ചെന്ന് ഒരു ഇന്ത്യക്കാരനാണ് ദക്ഷിണാഫ്രിക്കന്‍ താരം ഇമ്രാന്‍ താഹിറിനെ വംശീയമായി അധിക്ഷേപിച്ചത്.

ഇന്ത്യക്കെതിരായ നാലാം ഏകദിന മൽസരത്തിനിടെയാണ് ഇമ്രാൻ താഹിർ വംശീയമായി അധിക്ഷേപിക്കപ്പെട്ടത്. വാക്കുകൾകൊണ്ടും ആംഗ്യങ്ങൾക്കൊണ്ടും താഹിറിനെ അപമാനിക്കുകയായിരുന്നു. പിന്നാലെ സുരക്ഷ ഉദ്യോഗസ്ഥർ എത്തി താഹിറെ അപമാനിച്ച വ്യക്തിയെ സ്റ്റേഡിയത്തിന് പുറത്തേക്ക് കൊണ്ട് പോകുകയും ചെയ്തു. ഇമ്രാൻ താഹിറിന്റെ ഭാഗത്ത് നിന്ന് യാതൊരു വിധ പ്രകോപനവും ഉണ്ടായില്ല.

കൂടാതെ തന്നെ പിന്തുണച്ചവര്‍ക്ക് നന്ദി അറിയിച്ച് താഹിര്‍ തന്നെ രംഗത്തെത്തി. രാജ്യത്തിന്റേയും നിറത്തിന്റേയും മതത്തിന്റേയും വേര്‍തിരിവില്ലാതെ എല്ലാവരേയും സ്നേഹിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് താനെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ലോകത്ത് എല്ലായിടത്തും ക്രിക്കറ്റ് കളിച്ച് സ്നേഹം മാത്രം ഉണ്ടാക്കിയ ആളാണ് താനെന്നും താഹിര്‍ വ്യക്തമാക്കി. ഇമ്രാന്‍ താഹിറിന്റെ ട്വീറ്റിനെ ആരാധകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ഇന്ത്യയ്ക്ക് നാണക്കേടുണ്ടാക്കുന്നതാണ് ഇത്തരത്തിലുളള വർഗ്ഗീയ കോമരങ്ങളുടെ പ്രവൃത്തിയെന്ന് ആരാധകര്‍ പറഞ്ഞു. താഹിറിന് പിന്തുണയുമായി എത്തിയവരില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ആരാധകരും ഉണ്ടായിരുന്നു. ഇതിനും താഹിര്‍ നന്ദി അറിയിച്ചു.

ഐസിസിയുടെ നിയമപ്രകാരം സ്റ്റേഡിയത്തിൽ വംശീയ അധിക്ഷേപം നടത്തുന്നവരെ സ്റ്റേഡിയത്തിൽ നിന്ന് ആജീവനാന്തം വിലക്കുകയും ക്രിമിനൽ കേസ് ചുമത്തുകയും ചെയ്യണമെന്നാണ്. അധിക്ഷേപം നടത്തിയ വ്യക്തിക്കെതിരെ നിയമപരമായി നടപടി സ്വീകരിക്കുമെന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. താഹിറിനെ വംശീയമായി അധിക്ഷേപിച്ച വ്യക്തിയുടെ കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. എന്നാൽ താഹിറിനെതിരായ അധിക്ഷേപത്തിന്റെ ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കയുടെ തന്നെ ആരാധകരായ ഒരു സംഘമാണ് താഹിറിന് നേരെ ആക്രോശം നടത്തുന്നത്. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് ദക്ഷിണാഫ്രിക്കൻ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.

ഇത് ആദ്യമായല്ല ഇമ്രാൻ താഹിർ വംശീയമായി അധിക്ഷേപിക്കപ്പെടുന്നത്. 2014 ൽ ഓസ്ട്രേലിയയിലെ ഓവലിൽ നടന്ന മൽസരത്തിനിടെ താഹിറിന് നേരെ വംശീയ അധിക്ഷേപം നടന്നിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ