ഇന്ത്യ കണ്ട ഏക്കാലത്തേയും മികച്ച ഫുട്ബോള്‍ താരം ആരെന്നു ചോദിച്ചാല്‍ അതിനുള്ള ഉത്തരങ്ങളിലൊന്ന് ഐ.എം.വിജയന് എന്ന പേരായിരിക്കും. ഇന്ത്യന്‍ ജഴ്സിയില്‍ കാല്‍പ്പന്ത് തട്ടിയ ഏറ്റവും മികച്ച സ്ട്രൈക്കര്‍ എന്ന വിശേഷണം വിജയനു നല്കുന്നതില് ഒട്ടും അതിശയോക്തിയില്ല. മൈതാനത്ത് പുതിയ താരങ്ങള്‍ അവതരിച്ചെങ്കിലും ഇന്നും വിജയനെ പോലൊരു താരത്തെ ഇന്ത്യയ്ക്ക് ലഭിച്ചിട്ടില്ലെന്നതാണ് വസ്തുത.
പ്രായം 50 കടന്നിരിക്കുകയാണ്. എന്നാല്‍ വിജയന് തന്റെ കാലുകളില്‍ ഒളിപ്പിച്ചു വച്ച ആ മാന്ത്രികതയ്ക്ക് ഇന്നും ഒരു കോട്ടവും സംഭവിച്ചിട്ടില്ല. അതിനുള്ള ഉത്തമ ഉദാഹരണമാണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്ന വീഡിയോ. മണ്ണാര്‍ക്കാട് നടന്നൊരു സൗഹൃദ മത്സരത്തില്‍ വിജയന് നേടിയ മനോഹര ഗോളാണ് കാല്‍പ്പന്താരാധകര്‍ ഏറ്റെടുത്തത്.
ഗോള്‍ പോസ്റ്റിന് 20 വാര അകലെ നിന്നും മൂന്ന് ഡിഫന്‍ഡര്‍മാരെ കാഴ്ചക്കാരാക്കിയാണ് വിജയന് ഗോള്‍ നേടിയത്. പന്തിനെ വലതുകാല്‍ കൊണ്ട് നിയന്ത്രിച്ച ശേഷം വിജയന് തൊടുത്ത ഷോട്ട് ഗോള്‍കീപ്പറെ കാഴ്ചക്കാരാനാക്കി പോസ്റ്റിന്റെ വലത് മൂലയിലേക്ക് പറന്നിറങ്ങുകയായിരുന്നു. വിജയന്റെ ഗോളില്‍ ഗ്യാലറി അക്ഷരാര്‍ത്ഥത്തില്‍ പൊട്ടിത്തെറിച്ചു.