ലോക ഫുട്‌ബോളിലെ ഏറ്റവും വലിയ ക്ലബ്ബുകളിലൊന്നായ ബാഴ്‌സലോണയെ സ്വീകരിക്കാനൊരുങ്ങി കൊല്‍ക്കത്ത. ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ അതികായന്മാരായ മോഹന്‍ ബഗാന്റെ ഇതിഹാസ താരങ്ങളെ നേരിടാനായാണ് ബാഴ്‌സലോണ എത്തുന്നത്. ‘ക്ലാഷ് ഓഫ് ലെജന്റ്‌സ്’ പോരാട്ടത്തില്‍ വിവേകാനന്ദ യുബ ഭാരതി ക്രിരംഗനില്‍ സെപ്റ്റംബര്‍ 28നാണ് ഇതിഹാസങ്ങളുടെ പോരാട്ടം നടക്കുക.

51 അംഗ സാധ്യതാ ടീമിനെയാണ് മോഹന്‍ ബഗാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മലയാളികള്‍ക്ക് അഭിമാനമായി ഇന്ത്യന്‍ ഫുട്‌ബോളിലെ എക്കാലത്തേയും സൂപ്പര്‍ താരമായ ഐ.എം.വിജയനും ടീമിലുണ്ട്. ഇപ്പോള്‍ പ്രഖ്യാപിച്ച ടീമില്‍ നിന്നും 30 പേരെ പിന്നീട് ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത ശേഷമായിരിക്കും ഫൈനല്‍ ടീമിനെ തിരഞ്ഞെടുക്കുക.

ഐ.എം.വിജയന്‍, ജോപോള്‍ അഞ്ചേരി എന്നിവര്‍ക്കു പുറമേ ബൈചുങ് ബൂട്ടിയ, സുനില്‍ ഛേത്രി എന്നീ സൂപ്പര്‍ താരങ്ങളും ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. രാജ്യത്തിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ള ഇതിഹാസങ്ങളെ ടീമിലെടുത്തിട്ടുണ്ടെന്നാണ് മോഹന്‍ ബഗാന്‍ അധികൃതര്‍ പറഞ്ഞത്. കൊല്‍ക്കത്തയിലെ ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന ജനങ്ങള്‍ക്ക് തങ്ങള്‍ ഒരു കാലത്ത് നെഞ്ചിലേറ്റിയിരുന്ന താരങ്ങളെ ഒരിക്കല്‍ കൂടി കാണാന്‍ അവസരമൊരുക്കുന്നത് സന്തോഷമുള്ള കാര്യമാണെന്ന് മോഹന്‍ ബഗാന്‍ സെക്രട്ടറി അന്‍ജന്‍ മിത്ര പറഞ്ഞു.

കരുത്തില്‍ ബാഴ്‌സലോണക്ക് പുറകിലാണെങ്കിലും ചരിത്രത്തില്‍ അവര്‍ക്കൊപ്പം തന്നെ നില്‍ക്കുന്ന ക്ലബാണു മോഹന്‍ ബഗാനെന്നും അദ്ദേഹം പറഞ്ഞു. ബാഴ്‌സലോണയ്ക്കു വേണ്ടി കളിക്കുന്ന താരങ്ങളുടെ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ലെങ്കിലും ഇപ്പോള്‍ സെനഗല്‍ സഹപരിശീലകനായ പാട്രിക് ക്ലവര്‍ട്, ബാഴ്‌സ ഡയറക്ടര്‍ അബിദാല്‍, എഡ്ഗാര്‍ ഡേവിസ്, ബ്രസീലിയന്‍ താരം എഡ്മില്‍സണ്‍ എന്നിവര്‍ മത്സരത്തില്‍ കളിക്കുമെന്നാണ് സൂചനകള്‍.

250, 500 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ഇതില്‍ അന്തിമ തീരുമാനം ആയിട്ടില്ല. എന്തായാലും ചരിത്ര മത്സരത്തിനു വേണ്ടിയുള്ള ആവേശത്തോടെയുള്ള കാത്തിരിപ്പിലാണ് കൊല്‍ക്കത്തയിലെ ഫുട്‌ബോള്‍ പ്രേമികള്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook