വിരാട് കോഹ്ലി ടെസ്റ്റ് ടീം നായകസ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ പിന്‍ഗാമി ആരായിരിക്കുമെന്നതില്‍ ചര്‍ച്ചകള്‍ സജീവമാണ്. ഭൂരിഭാഗം പേരും രോഹിത് ശര്‍മയുടെ പേരാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. കോഹ്ലിക്ക് ശേഷം ഏകദിന, ട്വന്റി 20 ടീമുകളുടെ നായകനായി രോഹിതിനെ ബിസിസിഐ നിയമിച്ചിരുന്നു. ടെസ്റ്റില്‍ രോഹിതിന് പുറമെ റിഷഭ് പന്തിന്റേയും കെ. എല്‍. രാഹുലിന്റേയും പേരുകള്‍ ചര്‍ച്ചയാകുന്നുണ്ട്.
വിരാട് കോഹ്ലിക്ക് പരിക്ക് പറ്റിയതിന് പിന്നാലെ കെ. എല്‍. രാഹുലിനെ ടെസ്റ്റ് ടീം നായകനായി താത്കാലിക ചുമതല നല്‍കിയിരുന്നു. ജസ്പ്രിത് ബുംറയായിരുന്നു ഉപനായകന്‍. രാഹുലിന്റെ കീഴില്‍ ഏകദിന പരമ്പര ഇന്ത്യയ്ക്ക് നഷ്ടമാവുകയും ചെയ്തു. 3-0 നായിരുന്നു ദക്ഷിണാഫ്രിക്ക അധിപത്യം സ്ഥാപിച്ചത്. ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി നായകനാകാനുള്ള അവസരം ലഭിച്ചാല്‍ സന്തോഷപൂര്‍വം സ്വീകരിക്കുമെന്നായിരുന്നു ബുംറ പറഞ്ഞത്.
ഇന്ത്യയുടെ മുന്‍ ബോളിങ് പരിശീലകന്‍ ഭരത് അരുണ്‍ ബുംറ നായകനാകാന്‍ അനുയോജ്യനല്ല എന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ്. “നായകനാകാനുള്ള മികവുള്ളയാളാണ് ബുംറ. എന്നാല്‍ മൂന്ന് ഫോര്‍മാറ്റിലും ബുംറയ്ക്ക് അത് സാധിക്കുമൊ. ഇതൊരു പ്രധാനപ്പെട്ട ചോദ്യമാണ്. കാരണം വളരെയധികം ശ്രദ്ധ ചെലുത്തേണ്ട ബോളറാണ് ബുംറ, അദ്ദേഹത്തിന് മതിയായ വിശ്രമം അനിവാര്യമാണ്. അതിനാല്‍ ബുറയെ നായകനാക്കുന്നത് ഉചിതമായിരിക്കില്ല,” അരുണ്‍ ന്യൂസ് 9 നോട് പറഞ്ഞു.
“നിങ്ങള്‍ രാഹുല്‍, പന്ത്, ശ്രേയസ് അയ്യര്‍ എന്നിവരെ നോക്കുക. മൂന്ന് പേര്‍ക്കും നായകനാകാനുള്ള മികവുണ്ട്. ഒരു പ്രത്യേക ഘട്ടത്തിൽ അവർ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു എല്ലാം. ഒരു ബാറ്ററെ നായകസ്ഥാനത്ത് പരിഗണിക്കുന്നതിനോടാണ് എനിക്ക് യോജിപ്പ്. അയാള്‍ക്കാവുമ്പോള്‍ വിശ്രമമില്ലാതെ മൂന്ന് ഫോര്‍മാറ്റുകളിലും കളിക്കാന്‍ കഴിയും,” അരുണ്‍ വ്യക്തമാക്കി.
Also Read: അണ്ടര്‍ 19 ലോകകപ്പ്: ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ സെമിയില്‍