ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സെലക്ഷൻ ലഭിക്കാൻ ഇന്ന് നിർബന്ധമായും യോ-യോ ടെസ്റ്റ് എന്ന കടമ്പ കടക്കണം. എന്നാൽ, ഈ ആധുനിക ശാരീരിക ക്ഷമതാ പരിശോധനയുടെ ഒരു ആരധകനല്ല മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ വിരേന്ദർ സെവാഗ്. യോ-യോ ടെസ്റ്റിലെ ഫലത്തിനു പകരം കളിക്കാരന്റെ വൈദഗ്ധ്യം മുൻ നിർത്തിവേണം ടീമിലെടുക്കാൻ എന്നാണ് സെവാഗ് പറയുന്നത്.
അതിനു ഉദാഹരണമായി ഇന്ത്യയുടെ മുൻ ക്യാപ്റ്റനും ഇപ്പോഴത്തെ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയും, മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ വിവിഎസ് ലക്ഷ്മണനും വളരെ അപൂർവമായി മാത്രമാണ് 12.5 എന്ന മാർക്ക് ഫിറ്റ്നസ് ടെസ്റ്റിൽ നേടിയിട്ടുള്ളൂവെന്ന് സെവാഗ് പറയുന്നു.
”ഞങ്ങൾ കളിച്ചുകൊണ്ടിരുന്ന കാലത്ത് യോ-യോ ടെസ്റ്റ് ഉണ്ടായിരുന്നെങ്കിൽ, ഞാൻ അതൊന്നും സമ്മതിക്കില്ലായിരുന്നു. സച്ചിൻ ടെൻഡുൽക്കറോ, ഗാംഗുലിയോ, ലക്ഷ്മണനോ അത് ചിലപ്പോ കടക്കാൻ സാധിക്കുമായിരുന്നില്ല. ഞങ്ങൾക്ക് അങ്ങനെ ഒരു ടെസ്റ്റ് ഉണ്ടായിരുന്നു, അതില്‍ അവർ 12.5 എന്ന മാർക്കിലേക്ക് എപ്പോഴും എത്തിയിരുന്നില്ല.” സെവാഗ് ക്രിക്ക്ബസ്സിനോട് പറഞ്ഞു.
Read Also: ബയോ ബബിളും ക്വാറന്റൈനും മടുത്തു, ഐപിഎല്‍ വേണ്ട ആഷസ് മതി; ജോഷ് ഹെയ്സല്‍വുഡ് വിശ്രമത്തിൽ
ഇന്ത്യൻ ടീമിന്റെ ഫിറ്റ്നസ് സ്റ്റാൻഡേർഡുകൾ ഉയർത്തുന്നത് സംബന്ധിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി എപ്പോഴും വാചാലനാണ്. കഴിഞ്ഞ ഇന്ത്യ ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുന്നോടിയായി നടന്ന ഫിറ്റ്നസ് ടെസ്റ്റിൽ വരുൺ ചക്രവർത്തിയും രാഹുൽ തേവാട്ടിയയും പരാജയപ്പെട്ടിരുന്നു. പിന്നീട് രണ്ടാം ശ്രമത്തിൽ തേവാട്ടിയ വിജയിച്ചെങ്കിലും വരുൺ ചക്രവർത്തിക്ക് ആ കടമ്പ കടക്കാൻ സാധിച്ചില്ല.
ഇതുസംബന്ധിച്ച് സെവാഗിന്റെ അഭിപ്രായം കളിക്കാരുടെ വൈദഗ്‌ധ്യം നോക്കിവേണം തിരഞ്ഞെടുക്കാൻ എന്നതാണ്. “മത്സര വൈദഗ്‌ധ്യം ആണ് പ്രധാനം, വൈദഗ്‌ധ്യമില്ലാതെ ശാരീരിക ക്ഷമത മാത്രമുള്ള ഒരു ടീമിനെ കളിപ്പിച്ചാൽ തോൽവി ആകും ഫലം. അവരുടെ വൈദഗ്‌ധ്യം അനുസരിച്ച് കളിപ്പിക്കുക വഴി അവർക്ക് അവരുടെ ശാരീരിക ക്ഷമത വർധിപ്പിക്കാൻ സാധിക്കും. അല്ലാതെ നേരെ യോ-യോ ടെസ്റ്റ് നടത്തിയാൽ കാര്യമില്ല. ഒരു കളിക്കാരന് ഫീൽഡ് ചെയ്യാനും പത്ത് ഓവർ ബോൾ ചെയ്യാനും സാധിക്കുമെങ്കിൽ അത് മതി. മറ്റു കാര്യങ്ങളെ കുറിച്ച് നമ്മൾ ചിന്തിക്കേണ്ടതില്ല.” സെവാഗ് പറയുന്നു.
”ഞാൻ ഒരു കാര്യം കൂടി പറയാം, നമ്മൾ ഇവിടെ യോ-യോ ടെസ്റ്റിനെ കുറിച്ചാണ് സംസാരിക്കുന്നത്. ഹർദിക് പാണ്ഡ്യയ്ക്ക് ഓടുന്നതിനു പ്രശ്നങ്ങളൊന്നുമില്ല, അദ്ദേഹത്തിന്റെ ബോളിങ് മൂലമുണ്ടാകുന്ന അധിക ജോലിയാണ് പ്രശ്നം. മറ്റൊരു വശത്ത് അശ്വിനും വരുൺ ചക്രവർത്തിയും യോ-യോ ടെസ്റ്റ് കടന്നില്ല, അതുകൊണ്ട് അവർ ടീമിൽ ഇല്ല,” സെവാഗ് കൂട്ടിച്ചേർത്തു.
അതേസമയം, ഇഎസ്പിഎൻ ക്രിക്ഇൻഫോക്ക് നൽകിയ ഒരു അഭിമുഖത്തിൽ ഇന്ത്യൻ പേസർ ഇഷാന്ത് ശർമ്മ ഇന്ത്യൻ ടീമിൽ സ്കില്ലിനോടൊപ്പം ശാരീരിക ക്ഷമതയും ഒരു മാനദണ്ഡമാക്കിയതിനു ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്ക് നന്ദി പറഞ്ഞു. വിരാട് കോഹ്‌ലി ശാരീരിക ക്ഷമതയുടെ കാര്യത്തിൽ ഇന്ത്യൻ ടീമിനകത്ത് ഒരു വിപ്ലവം സൃഷ്ടിച്ചുവെന്നും യോ-യോ ടെസ്റ്റ് പോലും വിരാട് കോഹ്‌ലി ക്യാപ്റ്റൻ ആയിരിക്കുമ്പോൾ സംഭവിച്ചതാണെന്ന് ഇഷാന്ത് പറഞ്ഞു.