ലണ്ടൻ: ഐസിസിചാന്പ്യൻസ് ട്രോഫിയിൽ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന പോരാട്ടമാണ് ഇന്ത്യാ- ബംഗ്ലാദേശ് സെമി ഫൈനൽ. ദക്ഷിണാഫ്രിക്കക്കെതിരെ തകര്‍പ്പന്‍ ജയം നേടിയാണ് ഇന്ത്യ സെമി ഫൈനല്‍ കളിക്കാന്‍ യോഗ്യത നേടിയത്. ജൂണ്‍ 15നാണ് ഗ്രൂപ്പ് എയിലെ റണ്ണറപ്പുകളായി സെമിയിലെത്തിയ ബംഗ്ലാദേശുമായി ഇന്ത്യ ഏറ്റുമുട്ടുക.

അതെസമയം ക്രിക്കറ്റ് പ്രേമികള്‍ ആവേശപൂര്‍വ്വം കാത്തിരിക്കുന്ന മത്സരമായ അയല്‍ക്കാരുടെ പോരാട്ടത്തിൽ ജയിക്കാതെ തന്നെ ഇന്ത്യയ്ക്ക് ഫൈനലിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കാനുളള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. ജൂണ്‍ 15ലെ ഇന്ത്യ-ബംഗ്ലാദേശ് മത്സരം മഴമൂലമോ മറ്റോ ഉപേക്ഷിക്കപ്പെട്ടാലാണ് അത്തരമൊരു സാധ്യതക്ക് പ്രസക്തിയേറുക. ഇതാണ് ആ കണക്കിലെ കളികൾ:

ഇന്ത്യയുടെ നെറ്റ് റണ്‍ റൈറ്റ് നിലവില്‍ 1.370 ആണ് . ഇംഗ്ലണ്ടിന്റേതാകട്ടെ 1.045. അതെസമയം സെമിഫൈനല്‍ നടക്കുന്ന എഡ്ബാസ്റ്റണില്‍ ടീം ഇന്ത്യയെ ബംഗ്ലാദേശ് നേരിടുക പൂജ്യം നെറ്റ് റണ്‍ റൈറ്റുമായിട്ടാണ്. ഐസിസി നിയമപ്രകാരം മത്സരത്തില്‍ ഫലം ഉണ്ടാകാതെ പോകുകയോ, മഴമൂലം ഉപേക്ഷിക്കുകയോ ചെയ്താല്‍ നെറ്റ് റണ്‍ റൈറ്റിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ടീമുകളുടെ മുന്നോട്ട് പോക്ക് തീരുമാനിക്കുക.

സെമിഫൈനലില്‍ അങ്ങനെ സംഭവിക്കുകയാണെങ്കില്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയ്ക്ക് അനായാസം ഫൈനലിലേക്ക് പോകാന്‍ കഴിയും. മറ്റൊരു സെമിഫൈനലായ ഇംഗ്ലണ്ട്- പാകിസ്ഥാൻ മത്സരം ഉപേക്ഷിച്ചാൽ ഇംഗ്ലണ്ട് ആയിരിക്കും ഇത്തരത്തിൽ ഫൈനലിലെത്തുക.

നിലവിൽ ചാമ്പ്യന്‍സ് ട്രോഫിയില്‍ നിരവധി മത്സരങ്ങളാണ് മഴമൂലം പാതിവഴിയില്‍ ഉപേക്ഷിക്കുകയോ, ഡെക്ക് വര്‍ത്ത് ലൂയിസ് നിയമ പ്രകാരം റിസള്‍ട്ട് പ്രഖ്യാപിക്കുകയോ ചെയ്യേണ്ടിവന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ