ഇത് പോലെ പിഴവ് കാണിച്ചാല്‍ പാണ്ഡ്യയെ ഞാനുമായി താരതമ്യം ചെയ്യരുത്: കലിപ്പോടെ കപില്‍ദേവ്

സെഞ്ചൂറിയനില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ പാണ്ഡ്യ കാണിച്ച പിഴവാണ് കപിലിനെ ചൊടിപ്പിച്ചത്

സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റ് മൽസരത്തില്‍ കാണിച്ചത് പോലെയുളള പിഴവുകള്‍ ഹാര്‍ദിക് പാണ്ഡ്യ വീണ്ടും കാണിച്ചാല്‍ താനുമായി താരതമ്യം ചെയ്യരുതെന്ന് ഇന്ത്യന്‍ മുന്‍ നായകന്‍ കപില്‍ദേവ്. കപില്‍ദേവിന് ശേഷമുളള മികച്ച ഓള്‍റൗണ്ടറായാണ് പാണ്ഡ്യയെ കണക്കാക്കുന്നത്.

സെഞ്ചൂറിയനില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ പാണ്ഡ്യ കാണിച്ച പിഴവാണ് കപിലിനെ ചൊടിപ്പിച്ചത്. 287 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് 65 റണ്‍സിന് 5 വിക്കറ്റ് നഷ്ടമായിരിക്കെയാണ് പാണ്ഡ്യ ക്രീസിലെത്തിയത്. വൈഡ് എറിഞ്ഞ പന്തിനായി റാംപ് ഷോട്ട് അടിക്കാന്‍ ശ്രമിക്കെ കീപ്പറിന് ക്യാച്ച് നല്‍കിയാണ് പാണ്ഡ്യ മടങ്ങിയത്. ആദ്യ ഇന്നിങ്സിലും അലക്ഷ്യമായി ഓടിയാണ് പാണ്ഡ്യ റണ്‍ ഔട്ടായത്. ഇതും വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.

അവസാനമായി കളിച്ച 9 ടെസ്റ്റ് പരമ്പരകളും സ്വന്തമാക്കിയ ഇന്ത്യ ദക്ഷിണാഫ്രിക്കൻ മണ്ണിൽ അതിദാരുണമായാണ് പരാജയപ്പെട്ടത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ 135 റൺസിനാണ് കോഹ്‌ലിപ്പടയുടെ പരാജയം. 287 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 151 റൺസിന് പുറത്താവുകയായിരുന്നു. സെഞ്ചൂറിയനിലെ ജയത്തോടെ 3 മൽസരങ്ങളുള്ള പരമ്പര ദക്ഷിണാഫ്രിക്ക 2-0 സ്വന്തമാക്കി.

അഞ്ചാദിനം തോൽവി ഒഴിവാക്കാൻ ഇറങ്ങിയ ഇന്ത്യക്ക് തുടക്കം തന്നെ പിഴച്ചു. സ്കോർബോർഡിൽ 50 റൺസ് കടക്കും മുൻപ് ഇന്ത്യൻ പ്രതീക്ഷയായ ചേതേശ്വർ പൂജാരെ കൂടാരം കയറി. ആദ്യ ഇന്നിങ്സിലെ തനിയാവർത്തനമായിരുന്നു പൂജാരെയുടെ പുറത്താകൽ. ഇല്ലാത്ത റൺസിന് ഓടിയ പൂജാരെയെ ഡിവില്ലിയേഴ്സ് – ഡിക്കോക്ക് കൂട്ടുകെട്ട് റണ്ണൗട്ടാക്കുകയായിരുന്നു. 19 റൺസ് മാത്രമാണ് പൂജാരെയുടെ സമ്പാദ്യം. രണ്ട് ഇന്നിങ്സുകളിലും റണ്ണൗട്ട് ആകുന്ന ആദ്യ ഇന്ത്യൻ താരമെന്ന നാണക്കേടിന്റെ റെക്കോർഡും പൂജാരെ സ്വന്തം പേരിലാക്കി.

പാർത്ഥിവ് പട്ടേലിന്റേതായിരുന്നു അടുത്ത ഊഴം. കഗീസോ റബാദയുടെ ഷോട്ട് അതിർത്തി കടത്താൻ ശ്രമിച്ച പട്ടേലിനെ തകർപ്പൻ ഒരു ക്യാച്ചിലൂടെ മോണി മോർക്കൽ പുറത്താക്കുകയായിരുന്നു. പട്ടേലിന്റെ സമ്പാദ്യം 19 റൺസ് മാത്രം. പിന്നാലെ എത്തിയ പാണ്ഡ്യയും അശ്വിനും പെട്ടെന്ന് മടങ്ങി. അരങ്ങേറ്റക്കാരൻ എൻഗിഡിയുടെ പന്തിൽ വിക്കറ്റ് കീപ്പർ ഡിക്കോക്കിന് ക്യാച്ച് നൽകിയാണ് ഇരുവരുടെയും മടക്കം. പാണ്ഡ്യ 6 റൺസും അശ്വിൻ 3 റൺസുമാണ് നേടിയത്.

എട്ടാം വിക്കറ്റിൽ മുഹമ്മദ് ഷമിയുടെ കൂട്ടുപിടിച്ച് രോഹിത് ശർമ്മ നടത്തിയ പ്രതിരോധമാണ് ഇന്ത്യൻ സ്കോർ 100 കടത്തിയത്. ആക്രമണ ശൈലിയിൽ ബാറ്റ് വീശിയ ഇരുവരും ഏട്ടാം വിക്കറ്റിൽ 57 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. എന്നാൽ തീപാറുന്ന ബൗൺസറുകളുമായി ഇന്ത്യയെ വിരട്ടിയ മോണി മോർക്കൽ രോഹിത് ശർമ്മയ്ക്ക് മടക്കടിക്കറ്റ് നൽകി. മോർക്കലിന്റെ ബൗൺസറിൽ പുൾഷോട്ടിന് ശ്രമിച്ച രോഹിത്തിന്റെ ശ്രമം തകർപ്പൻ ഒരു ക്യാച്ചിലുടെ ഡിവില്ലിയേഴ്സ് കൈപ്പിടിയിൽ ഒതുക്കി. 47 റൺസാണ് രോഹിത്തിന്റെ സമ്പാദ്യം. രോഹിത് മടങ്ങയതിന് പിന്നാലെ ഷമിയും വീണു. എൻഗിഡിയുടെ പന്ത് അതിർത്തി കടത്താൻ ശ്രമിച്ച ഷമിയെ മോർക്കൽ പിടിച്ച് പുറത്താക്കി. മുഹമ്മദ് ഷമിയുടെ സമ്പാദ്യം 28 റൺസ്. തൊട്ടടുത്ത ഓവറിൽ ജസ്പ്രീത് ബുമ്രയെ വീഴ്ത്തി എൻഗിഡി ഇന്ത്യയുടെ കഥകഴിച്ചു.

രണ്ടാം ഇന്നിങ്സിൽ 6 വിക്കറ്റ് വീഴ്ത്തിയ അരങ്ങേറ്റക്കാരൻ എൻഗിഡിയാണ് ഇന്ത്യയെ തകർത്തത്. മോണി മോർക്കൽ 3 വിക്കറ്റും വീഴ്ത്തി. കന്നി മൽസരത്തിൽ രണ്ട് ഇന്നിങ്സുകളിലുമായി 6 വിക്കറ്റ് വീഴ്ത്തിയ​ ലുങ്കി എൻഗിടിയാണ് കളിയിലെ താരം. 39 റൺസ് മാത്രം വിട്ട്കൊടുത്ത്കൊണ്ടാണ് എൻഗിഡി 6 വിക്കറ്റ് വീഴ്ത്തിയത്. പരമ്പരയിലെ അവസാന മൽസരം 24ന് ജോഹന്നാസ്ബർഗിൽ തുടക്കമാകും.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: If pandya makes silly mistakes dont compare him with me kapil dev

Next Story
കോപ്പലാശാൻ കലിപ്പടക്കി; ബ്ലാസ്റ്റേഴ്സിനെതിരെ ജാംഷഡ്പൂർ എഫ്സിക്ക് ആധികാരിക ജയം
The moderation of comments is automated and not cleared manually by malayalam.indianexpress.com