35 വയസ്സെത്തിയ മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ്ങ് ധോണിയുടെ ഭാവിയെപ്പറ്റി പ്രതികരണവുമായി ചീഫ് സെലക്ടർ എം.എസ്.കെ പ്രസാദ് രംഗത്ത്. ധോണി നന്നായി കളിക്കുന്നില്ലെങ്കിൽ പകരം താരങ്ങളെ പരിഗണിക്കുമെന്ന് എം.എസ്.കെ പ്രസാദ് വ്യക്തമാക്കി. 2019 ൽ നടക്കാനിരിക്കുന്ന ലോകകപ്പിൽ ധോണി കളിക്കുമോ എന്ന കാര്യത്തിൽ ഇപ്പോൾ ഒന്നും പറയാൻ ആകില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

2019 ൽ നടക്കാനിരിക്കുന്ന ലോകകപ്പിനുള്ള ടീമിനെ വാർത്തെടുക്കാനുള്ള പദ്ധതി തങ്ങൾ തയ്യാറിക്കിയിട്ടുണ്ടെന്നും മികച്ച പ്രകടനം പുറത്തെടുക്കുന്നവരെ മാത്രമെ ടീമിൽ ഉൾപ്പെടുത്തുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു. എല്ലാ താരങ്ങളുടെയും പ്രകടനത്തെപ്പറ്റി കൃത്യമായി വിലയിരുത്താറുണ്ടെന്നും എം.എസ്.കെ പ്രസാദ് പറഞ്ഞു. ധോണി ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരം തന്നെയാണ്, പ്രായമല്ല പ്രകടനമാണ് തങ്ങൾ പരിഗണിക്കാറ് എന്നും ചീഫ് സെലക്ടർ കൂട്ടിച്ചേർത്തു.

ദക്ഷിണാഫ്രിക്കയിൽ നടന്ന ഇന്ത്യൻ എ ടീമിന്റെ മത്സരങ്ങളിൽ മോശം പ്രകടനം കാഴ്ചവെച്ചതിനാലാണ് റിഷബ് പണ്ഡിനെ ഒഴിവാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ട്വന്റി-20 ഫോർമാറ്റിന് പറ്റിയ താരമാണ് പണ്ഡെന്നും അദ്ദേഹം പറഞ്ഞു.

വിന്‍ഡീസ് പരമ്പരയിലെ ടീമില്‍ നിന്ന് ഏഴ് മാറ്റങ്ങളുമായാണ് ടീം പ്രഖ്യാപനം. മനീഷ് പാണ്ഡെ, ശര്‍ദ്ദുല്‍ താക്കൂര്‍, യൂസ്‌വേന്ദ്ര ചഹല്‍, അക്‌സര്‍ പട്ടേല്‍, കെ.എല്‍ രാഹുല്‍ എന്നിവര്‍ ടീമിലേക്ക് തിരിച്ചെത്തി. അതേസമയം ഋഷബ് പന്തിന് അവസരം നല്‍കിയില്ല. എം.എസ് ധോണി, ധവാന്‍, രോഹിത് ശര്‍മ്മ, രഹാനെ എന്നിവര്‍ ടീമിലുണ്ട്.

അഞ്ച് ഏകദിനങ്ങളും ഒരു ടി20യും അടങ്ങുന്ന പരമ്പര ഈ മാസം 20ന് തുടങ്ങും. ചാമ്പ്യന്‍സ് ട്രോഫിയിലും പിന്നാലെ വന്ന വിന്‍ഡീസ് പര്യടനത്തിലും യുവരാജിന് തിളങ്ങാനായിരുന്നില്ല. അദ്ദേഹത്തെ പുറത്തിരുത്തണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. കഴിഞ്ഞ ഏഴ് ഇന്നിങ്‌സുകളില്‍ നിന്ന് 162 റണ്‍സ് മാത്രമാണ് യുവിക്ക് നേടാനായത്. വിരാട് കോഹ് ലിക്ക് വിശ്രമം നല്‍കി രോഹിത് ശര്‍മ്മയെ നായകനാക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കോഹ് ലിയെ തന്നെ ക്യാപ്റ്റനാക്കി ടീം പ്രഖ്യാപിക്കുകയായിരുന്നു.

ടീം: വിരാട് കോഹ്ലി(നായകന്‍), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ, കെ.എല്‍ രാഹുല്‍, മനീഷ് പാണ്ഡെ, അജിങ്ക്യ രഹാന, എം.എസ് ധോണി, കേദാര്‍ ജാദവ്, ഹര്‍ദ്ദിക്ക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, യൂസ്‌വേന്ദ്ര ചാഹല്‍, ശര്‍ദ്ദുല്‍ താക്കൂര്‍, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ഭുംറ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ