ഗുജറാത്ത് ടൈറ്റൻസിനെ ആദ്യ സീസണിൽ തന്നെ കന്നി കിരീടത്തിലെത്തിച്ച ഹർദിക് പാണ്ഡ്യ ഇന്ത്യയുടെ ഭാവി ക്യാപ്റ്റനാണെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കിൾ വോൺ. ട്വിറ്ററിൽ ഗുജറാത്തിന്റെ വിജയത്തിൽ അഭിനന്ദനം നേർന്ന് കൊണ്ടാണ് മൈക്കിൾ വോൺ ഇക്കാര്യം പറഞ്ഞത്.
ഇന്നലെ നടന്ന ഐപിഎൽ ഫൈനലിൽ രാജസ്ഥാൻ റോയൽസിനെ തോൽപിച്ചാണ് ഗുജറാത്ത് ടൈറ്റൻസ് കിരീടമുയർത്തിയത്. സീസണിൽ 10 മത്സരങ്ങളും ജയിച്ച് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായാണ് ഗുജറാത്ത് പ്ലേഓഫിൽ എത്തിയത്.
“ഒരു പുതിയ ഫ്രാഞ്ചൈസിക്ക് ലഭിക്കാവുന്ന മികച്ച നേട്ടം… രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യക്ക് ഒരു ക്യാപ്റ്റനെ ആവശ്യമുണ്ടെങ്കിൽ ഞാൻ ഹർദിക് പാണ്ഡ്യായെ കഴിഞ്ഞേ ആരെയും ചിന്തിക്കു…” വോൺ ട്വീറ്റ് ചെയ്തു.
മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്കറും ഗുജറാത്ത് ടീം മെന്റർ ഗാരി കിർസ്റ്റണും ഉൾപ്പെടെയുള്ള മുൻ കളിക്കാരും ഹർദിക്കിന്റെ നേതൃത്വ പാടവത്തെ പ്രശംസിച്ചു രംഗത്തെത്തിയിരുന്നു.
സീസണിൽ 487 റൺസും 8 വിക്കറ്റും നേടിയ ഹാർദിക് ഫൈനലിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മൂന്ന് വിക്കറ്റുകൾ വീഴ്ത്തുകയും 34 റൺസ് നേടി ശുഭമാൻ ഗില്ലിനൊപ്പം നിർണായകമായ കൂട്ടുകെട്ട് ഉണ്ടാകുകയും ചെയ്തിരുന്നു.
Also Read: IPL 2022: ടൂര്‍ണമെന്റിന്റെ താരമായി ജോസ് ബട്ലര്; മറ്റ് അവാര്‍ഡുകള്‍ ഇങ്ങനെ