കട്ടപ്പന: പെരുമഴയത്തും കായികമേള നടത്തിയ സംഘാടകരെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി എം.എം. മണി നടത്തിയ പ്രസംഗം ശ്രദ്ധേയമാകുന്നു. പെരുമഴ പെയ്യുമ്പോൾ ഇടുക്കി റവന്യു ജില്ലാ കായികമേള നടത്താനുള്ള അധികൃതരുടെ നീക്കമാണ് ഉദ്ഘാടകനായ മന്ത്രിയുടെ രൂക്ഷ വിമർശനത്തിന് കാരണമായതെന്ന് മനോരമാ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. മഴ പെയ്തു പഴച്ചാറു പോലെയായ ഗ്രൗണ്ടില്‍ കുട്ടികള്‍ എങ്ങനെ ഓടാനാണെന്ന് ചോദിച്ച് മന്ത്രി നടത്തിയ വിമർശന വർഷത്തെ കായികപ്രേമികൾ കയ്യടികളോടെയാണ് സ്വീകരിച്ചത്.

ഉദ്ഘാടന വേദിയില്‍ മൈക്ക് സ്റ്റാന്‍ഡ് ഇല്ലാത്തതിനെ ചോദ്യം ചെയ്തുകൊണ്ടാണു മന്ത്രി പ്രസംഗം തുടങ്ങിയത്. മറ്റു രാജ്യങ്ങൾ കായികമേളകളിൽ സ്വർണം വാരിക്കൂട്ടുമ്പോൾ ഇന്ത്യ പുറകിലായിപ്പോകുന്നത് ഇതുകൊണ്ടാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വല്ലപ്പോഴും വെങ്കലമെന്തെങ്കിലും കിട്ടിയാലായി. ഇരുമ്പ് ഇല്ലാത്തതുകൊണ്ട് ഇരുമ്പു കിട്ടുന്നില്ലെന്നും മന്ത്രി പരിഹസിച്ചു.

ഓടുന്ന കുട്ടികളുടെ പുറകെ ചാക്കില്‍ മണലുമായി നടക്കുകയാണു ബാക്കിയുള്ളവരെന്നു മന്ത്രി ചൂണ്ടിക്കാട്ടി‍. ഇതില്‍പ്പരം മര്യാദകേടുണ്ടോ? കുട്ടികളുടെ ഓട്ടം കണ്ടപ്പോള്‍ സങ്കടം വന്നു. കായികതാരങ്ങളുടെ ബലപരീക്ഷണം നടത്തുന്ന രീതി ശരിയല്ല. കാലുവഴുതി വീഴാതെ ഓടാന്‍ നോക്കുന്നതിനിടയില്‍ കുട്ടികള്‍ക്കു നന്നായി മല്‍സരിക്കാന്‍ പറ്റുമോ? മന്ത്രി ചോദിച്ചു. മന്ത്രിയുടെ പ്രസംഗത്തിൽ ആവേശഭരിതരായ കാണികൾ കരഘോഷം മുഴക്കിയാണ് പിന്തുണ അറിയിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ