അപരാജിത അർദ്ധസെഞ്ച്വറിയുമായി മുന്നേറിയ കാലിസിന്റെ മികവിൽ ഷാഹിദ് അഫ്രീദിയുടെ റോയൽസ് ടീമിന് വിജയം. വീരേന്ദർ സെവാഗിന്റെ ഡയമണ്ട്സിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് അഫ്രീദിയുടെ സംഘം 2-0 ന് പരമ്പര തൂത്തുവാരിയത്.

20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 205 റൺസാണ് സെവാഗ് XI നേടിയത്. 20 പന്ത് അവശേഷിക്കെ കാലിസിന്റെ 90 റൺസിന്റെ മികവിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ അഫ്രീദി സംഘം വിജയം നേടി.

ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങി സെവാഗിന്റെ ടീമിന് തുടക്കത്തിൽ തന്നെ തിരിച്ചടി കിട്ടി. ആദ്യ രണ്ട് ഓവർ പിന്നിട്ടപ്പോഴേക്കും 15 റൺസ് നേടിയ സെവാഗിന്റെ ടീമിന് രണ്ട് വിക്കറ്റ് നഷ്ടമായിരുന്നു. തകർച്ചയിലേക്ക് വീണ ടീമിനെ സെവാഗാ(48)ണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

67 റൺസ് നേടി പുറത്താകാതെ നിന്ന ആന്ഡ്രൂ സൈമൺസാണ് വീരുവിനൊപ്പം ടീമിനെ മികച്ച സ്കോറിലേക്ക് എത്തിച്ചത്. മധ്യനിരയിൽ മുഹമ്മദ് കൈഫും സെവാഗിന്റെ ടീമിന് കരുത്തായി. അഫ്രീദിയുടെ ടീമിൽ അബ്ദുർ റസാഖ് മൂന്നും വെട്ടോറി, ഗ്രാന്റ് എലിയട്ട് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ടീം സ്കോർ 28 ൽ നിൽക്കവേയാണ് മാറ്റ് പ്രയറിന്റെ വിക്കറ്റ് അഫ്രീദിയുടെ ടീമിന് നഷ്ടമായത്. എന്നാൽ ഒരറ്റത്ത് കാലിസ് തകർപ്പൻ അടികൾ കാഴ്ചവച്ചതോടെ മൈതാനം പൂരപ്പറമ്പായി. 37 പന്തിൽ നിന്ന് 90 റൺസ് അടിച്ചുകൂട്ടിയ കാലിസ് 13 ഫോറും നാല് സിക്സറും പറത്തി.

21 പന്തിൽ നിന്ന് 43 റൺസ് നേടിയ ഒവൈസ് ഷായും കാലിസിന് മികച്ച പിന്തുണ നൽകി. സെവാഗിന്റെ ടീമിൽ കുന്തമുനകളായിരുന്ന സഹീർ ഖാനും ജൊഗീന്ദർ ശർമ്മയുമാണ് മത്സരത്തിൽ ഏറ്റവുമധികം റൺസ് വഴങ്ങിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook