ഓക്ലന്ഡഡ്: വനിതാ ലോകകപ്പിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് ഉജ്വല ജയം. 318 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസിനെ 162 റണ്‍സിന് പുറത്താക്കി. മൂന്ന് വിക്കറ്റ് നേടിയ സ്നേ റാണയും രണ്ട് വിക്കറ്റ് നേടിയ മേഘ്ന സിങ്ങുമായിരുന്നു ബോളിങ് നിരയില്‍ തിളങ്ങിയത്. വിന്‍ഡീസിനായി ഡീന്ദ്ര ഡോട്ടിനും (62) ഹെയ്ലി മാത്യൂസും മാത്രമാണ് തിളങ്ങിയത്. ടൂര്‍ണമെന്റിലെ ഇന്ത്യയുടെ രണ്ടാം ജയമാണിത്.
വിന്‍ഡീസ് കുതിച്ചു, പിന്നീട് കിതച്ചു
318 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിന് ഡോട്ടിനും ഹെയ്ലിയും ചെര്‍ന്ന് ഉജ്വല തുടക്കമാണ് നല്‍കിയത്. പവര്‍പ്ലെ ഓവറുകളില്‍ ഇരുവരും ചേര്‍ന്ന് തകര്‍ത്തടിച്ചു. അനായാസം ബൗണ്ടറികള്‍ നേടി ഇന്ത്യ സമ്മര്‍ദത്തിലേക്ക് തള്ളിവിട്ടു. 12-ാം ഓവറിലെത്തിയപ്പോഴേക്കും വിന്‍ഡീസിന്റെ സ്കോര്‍ 100 ലേക്കെത്തി. ഇതിലും മികച്ച ഓപ്പണിങ് കൂട്ടുകെട്ട് ഈ ലോകകപ്പില്‍ ഉണ്ടായിട്ടില്ല.
സ്നേഹ റാണയ്ക്ക് ബോളുകൊടുത്ത് മിതാലി രാജ് കാര്യങ്ങള്‍ മാറ്റിമറിച്ചു. തന്റെ രണ്ടാം പന്തില്‍ തന്നെ ഡോട്ടിനെ മേഘ്നയുടെ കൈകളിലെത്തിക്കാന്‍ സ്നേക്കായി. കേവലം 46 പന്തില്‍ 62 റണ്‍സെടുത്തായിരുന്നു ഡോട്ടിന് പുറത്തായത്. പത്ത് ഫോറുകളും ഒരു സിക്സുമടങ്ങിയതായിരുന്നു താരത്തിന്റെ ഇന്നിങ്സില്‍. ഡോട്ടിന്റെ മടക്കത്തിന് ശേഷം ചീട്ടുകൊട്ടാരം പോലെ വിന്‍ഡീസ് തകര്‍ന്നടിയുകയായിരുന്നു.
പിന്നാലെയെത്തിയവരെ നിലയുറപ്പിക്കാന്‍ പോലും ഇന്ത്യന്‍ ബോളര്‍മാര്‍ അനുവദിച്ചില്ല. 62 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഒന്‍പത് വിക്കറ്റുകള്‍ നഷ്ടമായി. അനീസ മുഹമ്മദിനെ പുറത്താക്കിക്കൊണ്ട് ജുലാന് ഗോസ്വാമി ലോകകപ്പ് ചരിത്രത്തിലെ വിക്കറ്റ് വേട്ടക്കാരില്‍ മുന്‍പന്തിയിലെത്തി. ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ നേരിട്ട തോല്‍വിയില്‍ നിന്ന് കരകയറാന്‍ ഇന്ത്യക്കായി.
ബാറ്റിങ് വീരഗാഥ

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണര്‍ സ്മൃതി മന്ദാനയുടേയും (123) ഹര്‍മന്‍പ്രീത് കൗറിന്റേയും (109) സെഞ്ചുറിയുടെ മികവില്‍ 317 റണ്‍സെടുത്തു. നാലാം വിക്കറ്റില്‍ 184 റണ്‍സാണ് ഇരുവരും ചേര്‍ത്തത്. 31 റണ്‍സ് നേടിയ യാസ്തിക ഭാട്ടിയയാണ് മറ്റൊരു പ്രധാന സ്കോറര്‍.
പാക്കിസ്ഥാനും ന്യൂസിലന്ഡിനുമെതിരെയായ മത്സരങ്ങളില്‍ മോശം തുടക്കമായിരുന്നു ഇന്ത്യക്ക് ലഭിച്ചത്. എന്നാല്‍ പതിവ് തിരുത്തി യാസ്തിക തുടക്കം മുതല്‍ ആക്രമിച്ചു കളിക്കുകയായിരുന്നു. സ്മ്യതി മന്ദാനയെ നോണ്‍ സ്ട്രൈക്കര്‍ എന്‍ഡില്‍ കാഴ്ചക്കാരിയാക്കി നിര്‍ത്തി യാസ്തിക അനായാസം ബൗണ്ടറികള്‍ നേടി. ആറ് ഓവറില്‍ ഇന്ത്യന്‍ സ്കോര്‍ 40 കടന്നു.
യാസ്തികയെ പുറത്താക്കി ഷക്കീര സല്‍മാനാണ് ഇന്ത്യയുടെ കുതിപ്പിന് തടയിട്ടത്. പിന്നാലെയെത്തിയ ക്യാപ്റ്റന്‍ മിതാലി രാജ് (5) ഒരിക്കല്‍കൂടി പരാജയപ്പെട്ടു. ദീപ്തി ശര്‍മയും (15) അതിവേഗം മടങ്ങിയതോടെ ഇന്ത്യ 80-3 എന്ന നിലയിലേക്ക് വീണു. പിന്നീടായിരുന്നു സ്മ്യതിയും ഹര്‍മന്‍പ്രീതും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.
കൂടുതല്‍ തകര്‍ച്ചയിലേക്ക് നീങ്ങാതിരിക്കാന്‍ ഇരുവരും ശ്രദ്ധയോടെ ബാറ്റ് വീശി. എന്നാല്‍ മെല്ലപ്പോക്കായിരുന്നില്ല ഇത്തവണ നിലപാട്. സ്കോറിങ്ങിന് വേഗം കൂട്ടാന്‍ ബൗണ്ടറികളും ഇരുവരും കണ്ടെത്തി. വിന്‍ഡീസ് ബോളര്‍മാര്‍ ഒരു തരത്തിലും ഇരുവര്‍ക്കും വെല്ലുവിളി ഉയര്‍ത്തിയില്ലെന്ന് പറയാം.
അര്‍ധ സെഞ്ചുറി പിന്നിട്ടതിന് ശേഷമായിരുന്നു സ്മ്യതി ഇന്നിങ്സിന് വേഗത കൂട്ടിയത്. മറുവശത്ത് നിന്ന് ഹര്‍മന്‍പ്രീതും സമാന രീതിയില്‍ ബാറ്റ് വീശിയതോടെ വിന്‍ഡീസ് ബോളര്‍മാര്‍ക്ക് സമ്മര്‍ദം വര്‍ധിച്ചു. അത് അലസമായ ബോളിങ്ങിലേക്കും നയിച്ചു. ഇതോടെ ഇരുവരും റണ്‍സ് അതിവേഗം കണ്ടെത്താന്‍ ആരംഭിച്ചു.
119 പന്തില്‍ നിന്നായിരുന്നു സ്മൃതി 123 റണ്‍സെടുത്തത്. ഏകദിന കരിയറിലെ അഞ്ചാം ശതകമായിരുന്നു. 13 ഫോറും രണ്ട് സിക്സും ഇന്നങ്സിലുള്പ്പെട്ടു. സ്മൃതിയുടെ വിക്കറ്റെടുത്ത് ശാമില കൊന്നെലാണ് വിന്‍ഡീസിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടു വന്നത്. പിന്നീട് ഇന്ത്യയുടെ കൂട്ടത്തകര്‍ച്ചയായിരുന്നു കണ്ടത്.
ഇതിനിടയിര് ഹര്‍മ്മന്‍ മൂന്നക്കം കടന്നു. 107 പന്തില്‍ 109 റണ്‍സാണ് താരം നേടിയത്. ലോകകപ്പിലെ താരം നേടുന്ന രണ്ടാം സെഞ്ചുറിയാണിത്. 10 ഫോറുകളും രണ്ട് സിക്സും ഹര്‍മന്‍പ്രീതിന്റെ ബാറ്റില്‍ നിന്ന് പിറന്നു. അവസാന പത്ത് ഓവറുകളില്‍ 84 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇന്ത്യക്ക് അഞ്ച് വിക്കറ്റുകളാണ് നഷ്ടമായത്. വിന്‍ഡീസിന്റെ ബോളിങ് മികവായിരുന്നു ഡെത്ത് ഓവറുകളില്‍ കണ്ടത്. 350 കടക്കാന്‍ സാധ്യതയുണ്ടായിരുന്ന സ്കോര്‍ 317 ലേക്ക് ഒതുക്കാനവര്ക്കായി.
Also Read: സഹലിന്റെ ‘ഒരടി’യില്‍ ജംഷധ്പൂര്‍ വീണു; 90 മിനുറ്റിനപ്പുറം ഫൈനല്‍