scorecardresearch

ഇഴഞ്ഞു നീങ്ങുന്ന ഇന്ത്യന്‍ ബാറ്റിങ് നിര

വനിതാ ലോകപ്പില്‍ പാക്കിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ ബോളര്‍മാരായിരുന്നു ഇന്ത്യക്ക് വിജയമൊരുക്കിയത്. എന്നാല്‍ മികച്ച ടീമായ ന്യൂസിലന്‍ഡിനെ നേരിട്ടപ്പോള്‍ ഇന്ത്യയ്ക്ക് പ്രതീക്ഷക്കൊത്ത് ഉയരാനായില്ലെന്നു മാത്രമല്ല ബാറ്റിങ് നിരയുടെ പോരായ്മമയും വെളിപ്പെട്ടു

India vs New Zealand, ICC Women's World Cup
Photo: Facebook/ Indian Cricket Team

ഓക്ലന്‍ഡ്: വനിതാ ലോകപ്പില്‍ പാക്കിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ ബോളര്‍മാരായിരുന്നു ഇന്ത്യക്ക് വിജയമൊരുക്കിയത്. എന്നാല്‍ മികച്ച ടീമായ ന്യൂസിലന്‍ഡിനെ നേരിട്ടപ്പോള്‍ ഇന്ത്യയ്ക്ക് പ്രതീക്ഷക്കൊത്ത് ഉയരാനായില്ലെന്നു മാത്രമല്ല ബാറ്റിങ് നിരയുടെ പോരായ്മമയും വെളിപ്പെട്ടു. കിവീസ് ഉയര്‍ത്തിയ 261 റണ്‍സ് വിജയലക്ഷ്യത്തിന്റെ അടുത്തെത്താന്‍ പോലും സാധിച്ചില്ല എന്നതാണ് എടുത്തുപറയേണ്ടത്. ലോകകപ്പിന് മുന്നോടിയായി നടന്ന ന്യൂസിലന്‍ഡ് പര്യടനത്തില്‍ എല്ലാ മത്സരങ്ങളിലും തന്നെ സ്ഥിരതയോടെ 250 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്ത മിതാലി രാജിന്റെ ടീമിന് ഇന്ന് പിഴച്ചു. ലോകകപ്പിന്റെ അധിക സമ്മര്‍ദമാകുമോ കാരണമെന്ന് പരിശോധിക്കാം.

261 എന്ന താരതമ്യേന ഭേദപ്പെട്ടൊരു സ്കോര്‍ പിന്തുടരുമ്പോള്‍ മികച്ച തുടക്കം അനിവാര്യമാണ്. ആദ്യ 20 ഓവറില്‍ ഇന്ത്യക്ക് നേടാനായത് കേവലം 50 റണ്‍സ് മാത്രമായിരുന്നു. മൂന്ന് വിക്കറ്റുകളും നഷ്ടമായി. ഏകദിനത്തില്‍ ടെസ്റ്റ് ക്രിക്കറ്റിന് ഓര്‍മ്മിപ്പിക്കും വിധമുള്ള ബാറ്റിങ്. നേരിട്ട 120 പന്തുകളില്‍ 85 എണ്ണവും ഡോട്ട് ബോളുകളായിരുന്നു. ഓരോവറില്‍ അഞ്ച് റണ്‍സ് മാത്രമായിരുന്നു ഇന്ത്യക്ക് ആവശ്യമായിരുന്നത്. അത് 20 ഓവര്‍ കടന്നപ്പോള്‍ ഏഴിലേക്കെത്തി. സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ ബാറ്റര്‍മാര്‍ക്ക് കഴിയാതെ പോയത് 261 എന്ന വിജയലക്ഷ്യം ബാലികേറമലയാക്കി മാറ്റി.

ഇന്ത്യന്‍ ബാറ്റര്‍മാരുടെ സ്ട്രൈക്ക് റേറ്റ് പരിശോധിക്കുകയാണെങ്കില്‍ തന്നെ വ്യക്തമാകും താളം കണ്ടെത്താന്‍ ഓരോരുത്തരും എത്രത്തോളം ബുദ്ധിമുട്ടിയെന്ന്. യാസ്തിക ഭാട്ടിയ (47.46), സ്മ്യതി മന്ദാന (28.57), ദീപ്തി ശര്‍മ (38.46), മിതാലി രാജ് (51.36), ഹര്‍മ്മന്‍പ്രീത് കൗര്‍ (112.70), റിച്ച ഘോഷ് (0). ഹര്‍മ്മന്‍ പ്രീത് സ്കോറിങ്ങിന് വേഗം കൂട്ടിയത് കളി കൈവിട്ടതിന് ശേഷമായിരുന്നു. ഇന്ത്യന്‍ ഇന്നിങ്സില്‍ പിറന്ന മൂന്ന് സിക്സില്‍ രണ്ടും ഹര്‍മ്മന്റെ ബാറ്റില്‍ നിന്നാണ്. ഒന്ന് ജുലാന്‍ ഗോസ്വാമിയുടേതും.

പാക്കിസ്ഥാനെതിരെയും ഇന്ത്യന്‍ ബാറ്റിങ് നിര തിരിച്ചടി നേരിട്ടിരുന്നു. സ്മ്യതി മന്ദാന മാത്രമാണ് മുന്‍നിരയില്‍ തിളങ്ങിയത്. സ്നേ റാണയുടേയും പൂജാ വസ്ത്രാക്കറിന്റേയും ചെറുത്ത് നില്‍പ്പായിരുന്നു അന്ന് ഇന്ത്യയെ രക്ഷപ്പെടുത്തിയത്. ന്യൂസിലന്‍ഡിന്റെ ബോളിങ് മികവിന് മുന്നില്‍ നിലയില്ലാ കയത്തില്‍ വീണപോലെയായിരുന്നു ബാറ്റര്‍മാര്‍. സ്കോറിങ്ങിന് വേഗം കൂട്ടാനോ റണ്‍സ് കണ്ടെത്താനൊ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനൊ കഴിഞ്ഞില്ല. ടൂര്‍ണമെന്റില്‍ മികച്ച ഫോമിലുള്ള വെസ്റ്റ് ഇന്‍ഡീസാണ് ഇന്ത്യയുടെ അടുത്ത എതിരാളികള്‍. ബാറ്റിങ് യൂണിറ്റ് കരുതലോടെ കളിച്ചില്ലെങ്കില്‍ കഴിഞ്ഞ തവണ കൈവിട്ട കിരീടത്തിന് അടുത്തെത്താന്‍ പോലും കഴിയാതെ പോകും ഇന്ത്യക്ക്.

അനായാസം ന്യൂസിലന്‍ഡ്

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ലഭിച്ച ന്യൂസിലന്‍ഡ് വളരെ ശ്രദ്ധയോടെയായിരുന്നു തുടങ്ങിയത്. സൂസി ബേറ്റ്സിന്റെ റണ്ണൗട്ട് മാറ്റി നിര്‍ത്തിയാല്‍ മുന്‍നിരയും മധ്യനിരയും തിളങ്ങി. എസ്. ഡിവൈന്‍ (35), അമേലിയ കേര്‍ (50), സാറ്റേര്‍ത്വെയ്റ്റ് (75), മാഡി ഗ്രീന്‍ (27), കെയ്റ്റി മാര്‍ട്ടിന്‍ (41) എന്നിങ്ങനെയായിരുന്നു ബാറ്റര്‍മാരുടെ സ്കോര്‍. ഇന്ത്യക്കെതിരായ പരമ്പരയിലെ പരിചയസമ്പത്തും കിവീസിന് തുണയായെന്ന് പറയാം. ആദ്യ പത്ത് ഓവറില്‍ തന്നെ സ്കോര്‍ 50 കടന്നിരുന്നു. ഇന്ത്യയാകട്ടെ ആദ്യ പത്തോവറില്‍ നേടിയത് കേവലം 26 റണ്‍സ് മാത്രം. ഇന്ത്യയുടെ മൂന്ന് ബോളര്‍മാരുടെ എക്കണോമി ആറ് റണ്‍സിന് മുകളിലായിരുന്നു. ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡിസിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങേണ്ടി വന്നെങ്കിലും ജയത്തോടെ ടൂര്‍ണമെന്റില്‍ തിരിച്ചെത്താന്‍ കിവീസിനായി.

തലയുയര്‍ത്തി പൂജ വസ്ത്രാക്കര്‍

പാക്കിസ്ഥാനെതിരെ ബാറ്റുകൊണ്ട് തിളങ്ങിയ പൂജ, ന്യൂസിലന്‍ഡിനെതിരെ പന്തു കൊണ്ടായിരുന്നു മികവ് കാട്ടിയത്. ന്യൂസിലന്‍ഡ് കൂറ്റന്‍ സ്കോറിലേക്ക് മുന്നേറുന്നത് തടഞ്ഞതും പൂജയുടെ ബോളിങ്ങായിരുന്നു. 40 ഓവര്‍ പിന്നിടുമ്പോള്‍ ന്യൂസിലന്‍ഡ് 211-4 എന്ന നിലയിലായിരുന്നു. കേവലം 34 റണ്‍സ് വിട്ടു നല്‍കി പൂജ നേടിയത് നാല് വിക്കറ്റുകള്‍. താനെറിഞ്ഞ അവസാന ആറ് ഓവറില്‍ 19 റണ്‍സ് വഴങ്ങിയാണ് മൂന്ന് വിക്കറ്റ് നേടിയത്. ലീ തഹൂഹു, ജെസ് കെര്‍ എന്നിവരെ പുറത്താക്കി ഹാട്രിക്കിന് തൊട്ടരികില്‍ വരെ പൂജയെത്തി. ഫ്രാന്‍സെസ് മക്കെയുടെ പ്രതിരോധം തകര്‍ക്കാന്‍ കഴിയാതെ പോയതോടെ സ്വപ്ന നേട്ടം സാധ്യമായില്ല. അതേസമയം ജൂലന്‍ ഗോസ്വാമി ലോകകപ്പില്‍ ഏറ്റവും അധികം വിക്കറ്റ് നേടുന്ന താരമെന്ന റെക്കോര്‍ഡിനൊപ്പമെത്തി. ഇതുവരെ 39 വിക്കറ്റാണ് താരം ലോകകപ്പുകളില്‍ നേടിയിട്ടുള്ളത്.

Also Read: ‘വേദന സഹിക്കാന്‍ അസാധാരണ മികവ്;’ കോഹ്ലി ലോകകപ്പ് സെമി കളിച്ചത് പരുക്കുമായി

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Icc wwc 2022 what went wrong for india against new zealand