ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് ആഷസ് പരമ്പരയോടെ തുടക്കമായിരുന്നു. ഒമ്പത് ടീമുകൾ മത്സരിക്കുന്ന ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ആറ് ടീമുകളാണ് ഇതുവരെ മത്സരങ്ങൾക്ക് തുടക്കം കുറിച്ചത്. വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പര തൂത്തുവാരിയ ഇന്ത്യയാണ് പട്ടികയിൽ മുന്നിൽ. 120 പോയിന്റുകളുമായാണ് ഇന്ത്യ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുന്നത്. ശ്രീലങ്കക്കെതിരായ ഇന്നിങ്സ് വിജയത്തിന്റെ മികവിൽ ന്യൂസിലൻഡാണ് രണ്ടാം സ്ഥാനത്ത്.

ആഷസ് ടെസ്റ്റ് പരമ്പര സമനിലയിൽ അവസാനിച്ചതോടെ ഓസ്ട്രേലിയയും ഇംഗ്ലണ്ടും 56 പോയിന്റുകൾ വീതം നേടി യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലാണ്. കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ട വെസ്റ്റ് ഇൻഡീസ് ആറാം സ്ഥാനത്താണ്. ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നീ ടീമുകൾ ഇതുവരെ ഒരു മത്സരം പോലും കളിച്ചിട്ടില്ല.

ഓഗസ്റ്റ് ഒന്നിന് ആഷസ് പരമ്പരയോടെയാണ് രണ്ട് വർഷം നീണ്ടുനിക്കുന്ന ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് തുടക്കമായത്. ഒമ്പത് ടീമുകള്‍ 27 പരമ്പരകളില്‍ നിന്നുമായി 71 മത്സരങ്ങള്‍ കളിക്കും. അതേസമയം, സാധാരണയായി നടക്കുന്ന ടെസ്റ്റ് പരമ്പരകളുടെ സ്വാഭാവത്തില്‍ നിന്നും വ്യത്യസ്തമായിരിക്കില്ല ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്. മത്സരങ്ങള്‍ ബൈലാറ്ററല്‍ പരമ്പരകളായായിരിക്കും നടക്കുക. ഓരോ മത്സരത്തിലേയും പോയിന്റുകള്‍ കൂട്ടിയായിരിക്കും അന്തിമ വിജയിയെ കണ്ടെത്തുക. പോയിന്റ് പട്ടികയില്‍ മുകളിലുള്ള രണ്ട് ടീമുകള്‍ തമ്മിലായിരിക്കും 2021 ജൂണില്‍ നടക്കുന്ന ഫൈനല്‍ മത്സരം. ഇംഗ്ലണ്ടിലായിരിക്കും ഫൈനല്‍ അരങ്ങേറുക.

Also Read: ആഷസ് ടെസ്റ്റ്: അവസാന ടെസ്റ്റിൽ ഇംഗ്ലണ്ടിന് ജയം; കിരീടം ഓസ്ട്രേലിയയ്ക്ക്

ഐസിസിയുടെ ടെസ്റ്റ് റാങ്കിങ് പട്ടികയില്‍ ആദ്യ ഒമ്പത് സ്ഥാനങ്ങളിലുള്ള ടീമുകളായിരിക്കും ചാമ്പ്യന്‍ഷിപ്പില്‍ കളിക്കുക. ഇന്ത്യ, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ശ്രീലങ്ക, പാക്കിസ്ഥാന്‍, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ് എന്നീ ടീമുകളാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കളിക്കുക. 2018 മാര്‍ച്ച് 31 വരെയുള്ള റാങ്കിങ് അടിസ്ഥാനമാക്കിയാണ് ടീമുകളെ തിരഞ്ഞെടുത്തത്. അഫ്ഗാനിസ്ഥാന്‍, അയര്‍ലൻഡ്, സിംബാബ്‌വെ ടീമുകള്‍ക്കെതിരായ ടെസ്റ്റ് പരമ്പരകള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമല്ല.

ഒമ്പത് ടീമുകളും മൂന്ന് ഹോം പരമ്പരകളും മൂന്ന് എവേ പരമ്പരകളും കളിക്കും. ഒരു പരമ്പരയില്‍ രണ്ട് മുതല്‍ അഞ്ച് വരെ ടെസ്റ്റുകളായിരിക്കും ഉണ്ടാവുക. എന്നാല്‍ ഓരോ ടീമുകളും കളിക്കുന്ന മത്സരങ്ങളുടെ എണ്ണം ഒരുപോലെയല്ല. ഏറ്റവും കൂടുതല്‍ മത്സരം കളിക്കുന്നത് ഇംഗ്ലണ്ടാണ്. 22 ടെസ്റ്റുകളാണ് ഇംഗ്ലണ്ട് കളിക്കുന്നത്. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇന്ത്യ ടീമുകള്‍ക്കെതിരെ അഞ്ച് ടെസ്റ്റ് വീതമുള്ള പരമ്പരകള്‍ ഇംഗ്ലണ്ട് കളിക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ ടെസ്റ്റുകള്‍ കളിക്കുന്നത് ശ്രീലങ്കയും പാക്കിസ്ഥാനുമാണ്. 13 മത്സരങ്ങളാണ് ശ്രീലങ്കയും പാക്കിസ്ഥാനും കളിക്കുന്നത്. ഇന്ത്യയ്ക്ക് 18 മത്സരങ്ങളാണുള്ളത്.

ഓരോ ടീമും ആറ് പരമ്പരകളാണ് കളിക്കുന്നത്. മത്സരങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പോയിന്റുകള്‍. ആകെ പോയിന്റ് 120 ആണ്. രണ്ട് മത്സരങ്ങളുള്ള പരമ്പരയില്‍ ഒരു മത്സരത്തിന് 60 പോയിന്റായിരിക്കും. മൂന്ന് ടെസ്റ്റുകളുണ്ടെങ്കില്‍ ഓരോ ടെസ്റ്റിനും 40 പോയിന്റ് വീതമായിരിക്കും. മത്സരം ടൈ ആവുകയാണെങ്കില്‍ പകുതി പോയിന്റ് വീതം ഓരോ ടീമിനും നല്‍കും. മത്സരം ഡ്രോ ആവുകയാണെങ്കില്‍ 3:1 എന്ന ആനുപാതത്തിലായിരിക്കും പോയിന്റ് നല്‍കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook