ICC World Cup 2019: വെടിക്കെട്ട് ബാറ്റിങ്ങും തീപാറുന്ന പന്തുകളുമാണ് വിൻഡീസ് ക്രിക്കറ്റിന്റെ മുഖം. 1975ലെ ലോകകപ്പ് കിരീടം നേട്ടം മുതൽ ഇന്നേവരെ അതിന് ഒരു മാറ്റം വന്നതായി തോന്നുന്നില്ല. എന്നാൽ ആദ്യ രണ്ട് കിരീട നേട്ടങ്ങൾക്ക് ശേഷം ലോകകപ്പ് ഉയർത്താൻ അവർക്ക് സാധിച്ചിട്ടില്ലെന്ന് മാത്രമല്ല 1996ന് ശേഷം സെമിഫൈനലിൽ എത്താൻ പോലും കരീബിയൻ പടയ്ക്ക് ആയിട്ടില്ല. ഇത്തവണ ആ ചീത്തപേരിനൊക്കെ മറുപടി നൽകാനാണ് ജേസൺ ഹോൾഡറും സംഘവും എത്തുന്നത്. ഇത്തവണയും അങ്ങനെ ചിന്തിക്കാനും വിശ്വാസിക്കാനും വിൻഡീസിനെ സഹായിക്കുന്നത് നേരത്തെ പറഞ്ഞ വെടിക്കെട്ട് ബാറ്റിങ്ങും തീപാറുന്ന പന്തുകളുമാണ്.
1975ലെയും 1979ലെയും ലോകകപ്പ് കിരീടം ഉയർത്തി മൂന്നാം കിരീടം ലക്ഷ്യമിട്ട് 1983ൽ ലോർഡ്സിൽ എത്തിയ കരിബീയൻ പടയെ അട്ടിമറിച്ച് കപിൽ ദേവിന്റെ ചെകുത്താന്മാർ വിൻഡീസിന്റെ ഹാട്രിക് മോഹങ്ങൾ തകർത്തു. പിന്നീട് 1996ൽ സെമിഫൈനലിൽ എത്തിയ വിൻഡീസ് ഇതിനിടയിലെ രണ്ട് ലോകകപ്പിലും ശേഷം നടന്ന രണ്ട് ലോകകപ്പിലും ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായി. 2007ൽ സൂപ്പർ എട്ടിലെത്തിയ വിൻഡീസ് 2011ലും 2015ലും ക്വർട്ടർ ഫൈനലിൽ ഓട്ടം അവസാനിപ്പിച്ചു.
ICC World Cup 2019: വിൻഡീസിന്റെ ലോകകപ്പ് പ്രകടനങ്ങൾ
1975 – ചാമ്പ്യന്മാർ
1979 – ചാമ്പ്യന്മാർ
1983 – റണ്ണർസ് അപ്പ്
1987 – ഗ്രൂപ്പ് ഘട്ടം
1992 – ഗ്രൂപ്പ് ഘട്ടം
1996 – സെമിഫൈനൽ
1999 – ഗ്രൂപ്പ് ഘട്ടം
2003 – ഗ്രൂപ്പ് ഘട്ടം
2007 – സൂപ്പർ എട്ട്
2011 – ക്വർട്ടർ
2015 – ക്വർട്ടർ
ICC World Cup 2019: കരീബിയൻ കഥകൾ
2019ൽ ഇംഗ്ലണ്ടിൽ എത്തുമ്പോൾ ഈ കണക്കകളൊന്നും വിൻഡീസിന് മുന്നിലുള്ള. കിരീടമെന്ന ലക്ഷ്യമാണ് ജേസൺ ഹോൾഡർ നയിക്കുന്ന വിൻഡീസ് ടീമിനുള്ളത്. അതിന് ശക്തി പകരുന്ന സ്ക്വാഡിനെ വിൻഡീസ് ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചിരുന്നു. ക്രിസ് ഗെയ്ലും ആന്ദ്രെ റസലും ഷായ് ഹോപ്പും എല്ലാമടങ്ങുന്ന ബാറ്റിങ് നിര വിൻഡീസ് പ്രതീക്ഷകൾക്ക് അടിസ്ഥാനമിടുന്നു. ഏകദിനത്തിൽ അത്ര മികച്ച പ്രകടനമല്ല ടീം നടത്തുന്നതെങ്കിലും 2012ലും 2016ലും ടി20 കിരീടം സ്വന്തമാക്കാൻ വിൻഡീസിന് സാധിച്ചു.
Windies Cricket have named their ICC Cricket World Cup squad!!! #CWC19 #Rally #ItsOurGame #ICC #WIReady #CricketPlayedLouder pic.twitter.com/l7WTQoagBL
— CPL T20 (@CPL) April 25, 2019
ഏകദിനത്തിലും അടുത്ത കാലത്തെ പ്രകടനങ്ങൾ വിൻഡീസിന് അനുകൂലമാണ്. 2014ന് ശേഷം ഒരു ഏകദിന പരമ്പര പോലും നേടാനാകാതിരുന്ന ടീം ഇംഗ്ലണ്ട് പരമ്പരയിൽ രണ്ട് മത്സരങ്ങൾ ജയിച്ച് കിരീടം പങ്കുവച്ചു. ടീമിനുള്ളിലെ ആഭ്യന്തര കലഹങ്ങളും തർക്കങ്ങളുമാണ് വിൻഡീസ് ടീമിന് അടുത്തകാലത്ത് വിനയായത്. അതെല്ലാം കെട്ടടങ്ങിയിരിക്കുന്നു. ഇപ്പോൾ ടീം തിരിച്ചുവരവിന്റെ പാതയിലാണ്, അതിന് മികച്ച തുടക്കം ലോകകപ്പ് നേട്ടം തന്നെയാണെന്ന് വിൻഡീസ് താരങ്ങളും വിശ്വസിക്കുന്നു. എന്നാൽ ലോകകപ്പ് യോഗ്യത മത്സരങ്ങളിലൂടെയാണ് വിൻഡീസ് 2019 ലോകകപ്പിന് യോഗ്യത നേടിയതെന്നതും ശ്രദ്ധേയമാണ്.
#CWC2019: The Windies have had issues in limited overs cricket recently.
But their squad for the 2019 World Cup has several runaway match-winners.
How much of a threat will the boys from the Caribbean pose to the likes of India and England?
That's on today's #AakashVani. pic.twitter.com/ifFFwE1LNv
— Aakash Chopra (@cricketaakash) May 21, 2019
ICC World Cup 2019: കരുത്ത് കാട്ടി ബാറ്റിങ് നിര
ഏത് ബോളറെയും നേരിടാൻ കെൽപ്പുള്ള ബാറ്റിങ് നിരയാണ് വിൻഡീസിന്റെ പ്രധാന കരുത്ത്. ഓപ്പണർമാർ മുതൽ താഴേക്ക് ഓരോ താരങ്ങളും ഒരു ഓവറിൽ കളിയുടെ ഗതിമാറ്റാൻ സാധിക്കുന്നവർ. ക്രിസ് ഗെയ്ൽ, ആന്ദ്രെ റസൽ എന്നിവരുടെ ഐപിഎല്ലിലെ പ്രകടനം തന്നെ ഇതിന് വലിയ ഉദ്ദാഹരണമാണ്. കൂട്ടിന് ഷായി ഹോപ്പും, ഡാരൻ ബ്രാവോയും, ഷിമ്രോൻ ഹെറ്റ്മയറും എത്തുന്നതോടെ വിൻഡീസിനെ പിടിച്ചുകെട്ടുക അത്ര എളുപ്പമല്ല. മുന്നേറ്റ നിര വീഴുന്നടുത്ത് ഉയർത്തെഴുന്നേൽപ്പിന് കരുത്താകുന്ന ബാറ്റിങ് ഓൾറൗണ്ടർമാരും ടീമിന് പ്രതീക്ഷ നൽകുന്നു. കാർലോസ് ബ്രാത്ത്വൈറ്റും നായകൻ ജേസൺ ഹോൾഡറും ആഷ്ലി നഴ്സുമെല്ലാം ബാറ്റിങ്ങിലും ബോളിങ്ങിലും തിളങ്ങാൻ സാധിക്കുന്ന താരങ്ങളാണ്.
ICC World Cup 2019: കുന്തമുന ഒടിഞ്ഞ ബോളിങ് നിര
ലോകത്തെ പല ക്രിക്കറ്റ് താരങ്ങളുടെയും പേടിസ്വപ്നമായിരുന്നു വിൻഡീസ് താരങ്ങളുടെ വില്ലൻ ബൗൻസറുകൾ. അതിന് ഇപ്പോൾ വലിയ മാറ്റം വന്നിട്ടുണ്ടെങ്കിലും പൂർണമായും എഴുതി തള്ളുന്നില്ല വിൻഡീസ് ബോളിങ്ങിനെ. കെമർ റോച്ച്, ഷാനോൻ ഗബ്രിയേൽ, ഓഷെയ്ൻ തോമസ് എന്നിവരാണ് ബോളിങ്ങിൽ വിൻഡീസിന്റെ കുന്തമുനകൾ. ഷെൽഡൻ കൊട്ട്രൽസ് ടീമിന്റെ ബോണസ് ബോളറാണ്. സ്പിന്നിൽ ആഷ്ലി നഴ്സും ഫാബിയാൻ അലനും തിളങ്ങിയാൽ വിൻഡീസ് ലോകകപ്പിൽ തിളങ്ങുമെന്ന കാര്യത്തിൽ സംശയം വേണ്ട.
ICC World Cup 2019: ഓടിനടക്കും ഓൾറൗണ്ടർമാർ
ഓൾറൗണ്ട് മികവ് തന്നെയാണ് ടീമിന്റെ പ്രതീക്ഷകൾ സജീവമാക്കുന്നത്. ലോകകപ്പിൽ ഏറ്റവും കൂടുതൽ ഓൾറൗണ്ടർ താരങ്ങളുമായി എത്തുന്ന ടീമും വിൻഡീസ് തന്നെയാണ്. നായകസ്ഥാനത്തുള്ള പരിചയ സമ്പന്നനായ ജേസൺ ഹോൾഡർ മുതൽ നിരവധി താരങ്ങളാണ് ബാറ്റിലും ബോളിലും തിളങ്ങാൻ ലോകകപ്പ് വേദിയിലേക്ക് വിൻഡീസ് കുപ്പായത്തിലെത്തുന്നത്. ലോകകപ്പിൽ കറുത്ത കുതിരകളാകുമെന്ന് പ്രവചിക്കപ്പെടുന്ന ടീം കൂടിയാണ് വിൻഡീസ്.
WI are here! The #MenInMaroon have touched down in England ahead of camp for the #CWC19. #ItsOurGame pic.twitter.com/6NKPTq075T
— Windies Cricket (@windiescricket) May 18, 2019
ICC World Cup 2019: വിൻഡീസ് ടീം
നായകൻ: ജേസൺ ഹോൾഡർ
ബാറ്റ്സ്മാൻ: ക്രിസ് ഗെയ്ൽ, എവിൻ ലെവിസ്, ഡാരൻ ബ്രാവോ, ഷിമ്രോൻ ഹെറ്റ്മയർ.
ഓൾറൗണ്ടർ: ആഷ്ലി നഴ്സ്, ഫാബിയാൻ അലൻ, ആന്ദ്രെ റസൽ, കാർലോസ് ബ്രാത്ത്വൈറ്റ്, ജേസൺ ഹോൾഡർ
വിക്കറ്റ് കീപ്പർ: നിക്കോളാസ് പൂറാൻ, ഷായ് ഹോപ്പ്
ബോളർ: കെമർ റോച്ച്, ഓഷെയ്ൻ തോമസ്, ഷാനോൻ ഗബ്രിയേൽ, ഷെൾഡൻ കോട്ട്രെൽ
ICC World Cup 2019: വിൻഡീസ് ക്രിക്കറ്റ് ടീം
ടീം : വിൻഡീസ്
ഏകദിന റാങ്കിങ് : 9
ലോകകപ്പ് പങ്കാളിത്തം : 11 (1975,1979,1983,1987,1992,1996,1999,2003,2007,2011,2015)
മികച്ച പ്രകടനം : ചാമ്പ്യന്മാർ (1975,1979)
#CWC19 Save the date! . ALL. IN! ..Are you? #Rally #MenInMaroon #ItsOurGame pic.twitter.com/0EG5ZMtczL
— Windies Cricket (@windiescricket) May 19, 2019