ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ സാധ്യത പട്ടികയിൽ സജീവമായിരുന്ന രണ്ട് പേരുകളായിരുന്നു യുവതാരം ഋഷഭ് പന്തിന്റെയും അമ്പാട്ടി റായ്ഡുവിന്റെയും. എന്നാൽ ഇവരെ രണ്ട് പേരെയും മറികടന്നാണ് ദിനേശ് കാർത്തിക്കും വിജയ് ശങ്കറും ലോകകപ്പ് ടീമിൽ ഇടം പിടിച്ചത്. ഇംഗ്ലണ്ട് ലോകകപ്പിനുള്ള ഇന്ത്യൻ ടീം സെലക്ഷനിൽ ബിസിസിഐ സെലക്ടർമാർക്ക് ഏറെ തലവേദന സൃഷ്ടിച്ചത് നാലാം നമ്പർ തന്നെയാണ്. ആ സ്ഥാനത്തേക്കാണ് ഓൾറൗണ്ടർ വിജയ് ശങ്കർ ഇടംപിടിച്ചിരിക്കുന്നത്.

ലോകകപ്പ് പോലുള്ള വലിയ വേദിയിൽ അനുഭവ പരിചയത്തിനാണ് കൂടുതൽ പ്രാധാന്യം നൽകുക എന്നത് കൊണ്ടുതന്നെയാണ് നിർണായകമായ നാലാം നമ്പരിൽ അമ്പാട്ടി റയ്‌ഡുവിനെ പലരും പ്രതീക്ഷിച്ചത്. അമ്പാട്ടി റായ്‌ഡുവിനെ ഒഴിവാക്കി എന്തുകൊണ്ട് വിജയ് ശങ്കറിന് അവസരം നൽകി എന്ന ചോദ്യത്തിന് സെലക്ടർമാർക്ക് വ്യക്തമായ മറുപടി ഉണ്ടായിരുന്നു. ബാറ്റ്സ്മാനെന്ന നിലയിൽ മാത്രമല്ല മൂന്ന് റോളിലും ഒരുപോലെ തിളങ്ങാൻ സാധിക്കുന്ന താരമെന്ന നിലയിലാണ് വിജയ് ശങ്കർ ടീമിലിടം പിടിച്ചത്.

Also Read: പന്തും റയ്‌ഡുവും പുറത്ത്; ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

“ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ഒന്നിലധികം ബാറ്റ്സ്മാന്മാരെ മധ്യനിരയിൽ പരീക്ഷിച്ചിരുന്നു. ദിനേശ് കാർത്തിക്, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ അങ്ങനെ പലരെയും. അമ്പാട്ടി റായ്ഡുവിനും വിജയ് ശങ്കറിനും കൂടുതൽ അവസരങ്ങൾ നൽകി. എന്നാൽ മൂന്ന് തരത്തിലും തിളങ്ങാനുള്ള വിജയ് ശങ്കറുടെ കഴിവാണ് താരത്തിന് ടീമിലിടം നൽകിയത്. നാലാം നമ്പരിൽ ബാറ്റ് ചെയ്യാനും, ആവശ്യമെങ്കിൽ ബോൾ ചെയ്യാനും നന്നായി ഫീൾഡ് ചെയ്യാനും വിജയ് ശങ്കറിന് സാധിക്കും,” എംഎസ്കെ പ്രസാദ് പറഞ്ഞു.

കെ എൽ രാഹുൽ റിസർവ് ഓപ്പണറായിട്ടാണെങ്കിലും ടീമിലിടം പിടിച്ചിരുന്നെങ്കിലും ആവശ്യമെങ്കിൽ മധ്യനിരയിലും ബാറ്റ് ചെയ്യാൻ സാധിക്കുമെന്നും മുഖ്യ സെലക്ടർ എംഎസ്കെ പ്രസാദ് വ്യക്തമാക്കി. രണ്ടാം വിക്കറ്റ് കീപ്പറായിട്ടാണ് ദിനേശ് കാർത്തിക് ടീമിലിടം പിടിച്ചിരിക്കുന്നത്. ഒരുഘട്ടത്തിൽ മൂന്ന് വിക്കറ്റ് കീപ്പർമാർക്കും അവസരം കിട്ടുമെന്ന തരത്തിൽ റിപ്പോർട്ടുകളുണ്ടായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook