ക്രിക്കറ്റ് ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോകകപ്പ് അംഗത്തിന് ഒരുങ്ങി ടീമുകളും. 2019 ക്രിക്കറ്റ് ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ്. കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമായ കിരീടം ഇത്തവണ സ്വന്തമാക്കാൻ തന്നെ ഉറച്ചാണ് ന്യൂസിലൻഡ് ക്രിക്കറ്റ് ടീം ഇറങ്ങുന്നത്.
ആറ് തവണ സെമിഫൈനലും ഒരു തവണ ഫൈനലും കളിച്ച ന്യൂസിലൻഡിന് എന്നാൽ കിരീടം മാത്രം സ്വന്തമാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഏകദിന റാങ്കിങ്ങിൽ മികച്ച പ്രകടനം നടത്തുന്ന കിവികൾ നിലവിൽ മൂന്നാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്ത് ഇംഗ്ലണ്ടും രണ്ടാം സ്ഥാനത്ത് ഇന്ത്യയുമാണ്.
Also Read: ലോകകപ്പ് സാധ്യത പാക്കിസ്ഥാനും ഇന്ത്യയ്ക്കും: എബിഡി വില്ല്യേഴ്സ്
ലോകകപ്പ് നേടി തരാൻ സാധിക്കുന്ന മികച്ച 15 അംഗ ടീമിനെയാണ് ന്യൂസിലൻഡ് പ്രഖ്യാപിക്കുന്നതെന്ന് പരിശീലകൻ ഗ്യാരി സ്റ്റെഡ് പറഞ്ഞു. കെയ്ൻ വില്യംസൺ തന്നെയാണ് ടീമിനെ നയിക്കുന്നത്. ഏകദിന ക്രിക്കറ്റിൽ അരങ്ങേറ്റം കുറിയ്ക്കാൻ ഒരുങ്ങുന്ന ബ്ലണ്ടലാണ് ടീമിലെ പുതുമുഖം.
നായകൻ കെയ്ൻ വില്യംസൺ, റോസ് ടെയ്ലർ, മാർട്ടിൻ ഗുപ്റ്റിൽ, കോളിൻ മുൻറോ എന്നിവരടങ്ങുന്ന ബാറ്റിങ് നിര തന്നെയാണ് ടീമിന്റെ പ്രധാന കരുത്ത്. ബോളിങ്ങിൽ ടിം സൗത്തി, ട്രെന്റ് ബോൾട്ട്, ലോക്കി ഫെർഗ്യൂസൻ എന്നിവർക്കൊപ്പം ജിമ്മി നീഷാം, കോളിൻ ഡി ഗ്രാൻഡ്ഹോം എന്നീ ഓൾറൗണ്ടർമാർ കൂടി എത്തുന്നതോടെ ന്യൂസിലൻഡ് ടീം സജ്ജമാകും.
Also Read: ലോകകപ്പ് സാധ്യതയിൽ മുന്നിൽ ഇന്ത്യയല്ല; കോഹ്ലി സംഘത്തെ തളളി ഇന്ത്യൻ മുൻ നായകൻ
ലോകകപ്പിനുള്ള ന്യൂസിലൻഡ് ടീം: കെയ്ൻ വില്യംസൺ (നായകൻ), ടോം ബ്ലണ്ടൽ, ട്രെന്റ് ബോൾട്ട്, കോളിൻ ഡി ഗ്രാൻഡ് ഹോം, ലോക്കി ഫെർഗ്യൂസൺ, മാർട്ടിൻ ഗുപ്റ്റിൽ, മാറ്റ് ഹെൻറി, ടോം ലഥാം, കോളിൻ മുൻറോ, ജിമ്മി നീഷാം, ഹെൻറി നിക്കോളാസ്, മിച്ചൽ സാന്റ്നർ, ഇഷ് സോധി, ടിം സൗത്തി, റോസ് ടെയ്ലർ.
ഇംഗ്ലണ്ടിലും വെയ്ൽസിലുമായി നടക്കുന്ന 2019ലെ ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുന്നത് മെയ് 30നാണ്. ജൂലൈ 14നാണ് കലാശ പോരാട്ടം. ലോകകപ്പ് ചരിത്രത്തിലെ 12-ാം പതിപ്പിനാണ് ഇംഗ്ലണ്ട് വേദിയാകാൻ ഒരുങ്ങുന്നത്. പത്ത് ടീമുകളാണ് ഇത്തവണ ലോകകിരീടത്തിനായി പോരാടുന്നത്. ആതിഥേയ രാജ്യമായ ഇംഗ്ലണ്ടിന് പുറമെ ഐസിസി ഏകദിന ചാമ്പ്യൻഷിപ്പിലൂടെ ഓസ്ട്രേലിയ, ബംഗ്ലാദേശ്, ഇന്ത്യ, ന്യൂസിലൻഡ്, പാക്കിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നീ ടീമുകൾ ലോകകപ്പിന് യോഗ്യത നേടിയപ്പോൾ അഫ്ഗാനിസ്ഥാനും വെസ്റ്റ് ഇൻഡീസും യോഗ്യത മത്സരങ്ങളിലൂടെയാണ് പങ്കാളിത്തം ഉറപ്പാക്കിയത്.