ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ സാധ്യതപട്ടികയിൽ സജീവമായിരുന്ന പേരുകളിൽ ഒന്നായിരുന്നു ഋഷഭ് പന്തിന്റെത്. എന്നാൽ ടീം പ്രഖ്യാപനത്തിൽ പന്ത് തഴയപ്പെട്ടു. ഇതോടെ സെലക്ഷൻ കമ്മിറ്റിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ. സമൂഹമാധ്യമങ്ങളായ ട്വിറ്ററിലും ഫെയ്സ്ബബുക്കിലുമെല്ലാം പന്തിനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ചുള്ള പോസ്റ്റുകളാണ്.

Also Read: പന്തും റയ്‌ഡുവും പുറത്ത്; ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ധോണിയുടെ പിൻഗാമിയെന്ന് അറിയപ്പെടുന്ന ഋഷഭ് പന്ത് മികച്ച ബാറ്റിങ് പ്രകടനത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്. ഋഷഭ് പന്ത് മികച്ച പ്രകടനമാണ് അരങ്ങേറ്റ വർഷം തന്നെ പുറത്തെടുത്തത്. ധോണിയുടെ പിൻഗാമിയായി എത്തിയ പന്തിനെ മറ്റൊരു ഗിൽക്രിസ്റ്റായിട്ടാണ് ക്രിക്കറ്റ് ലോകത്തെ പല പ്രമുഖരും കാണുന്നത്. ടെസ്റ്റിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ സ്ഥാനം ഉറപ്പിച്ച പന്ത് ധോണിയ്ക്ക് ശേഷം ഏകദിന ടീമിലും ലോകകപ്പ് ടീമിലും ഇടം നേടുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ അതെല്ലാം അസ്ഥാനത്താക്കിയാണ് പന്തിന് പകരം രണ്ടാം വിക്കറ്റ് കീപ്പറായി ദിനേശ് കാർത്തിക് ടീമിലിടം പിടിച്ചത്.

ടെസ്റ്റ് ക്രിക്കറ്റിൽ ഗംഭീര തുടക്കമാണ് പന്തിന് ലഭിച്ചത്. 2018ൽ ഇന്ത്യൻ ടീമിന്റെ ഭാഗമായ പന്ത് ഇതുവരെ കളിച്ച 9 മത്സരങ്ങളിൽ നിന്ന് തന്നെ രണ്ട് സെഞ്ചുറികൾ തികച്ചുകഴിഞ്ഞു. റൺശരാശരി 50ലും അധികം നിലനിർത്തുന്നുമുണ്ട് താരം. ഏഷ്യക്ക് പുറത്ത് രണ്ട് സെഞ്ചുറികൾ നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ എന്ന റെക്കോർഡ് ഉൾപ്പടെ നിരവധി റെക്കോർഡുകളാണ് ഇതിനോടകം തിരുത്തിയെഴുതിയത്.

അമ്പാട്ടി റായ്ഡുവിനെ ഒഴിവാക്കിയതിലും പ്രതിഷേധമുയരുന്നുണ്ട്. അമ്പാട്ടി റായ്ഡുവിന് പകരക്കാരനായി ഓൾറൗണ്ടർ വിജയ് ശങ്കറാണ് ടീമിലിടം പിടിച്ചിരിക്കുന്നത്. ലോകകപ്പ് പോലുള്ള വലിയ വേദിയിൽ അനുഭവ പരിചയത്തിനാണ് കൂടുതൽ പ്രാധാന്യം നൽകുക എന്നത് കൊണ്ടുതന്നെയാണ് നിർണായകമായ നാലാം നമ്പരിൽ അമ്പാട്ടി റയ്‌ഡുവിനെ പലരും പ്രതീക്ഷിച്ചത്. എന്നാൽ ബാറ്റ്സ്മാനെന്ന നിലയിൽ മാത്രമല്ല മൂന്ന് റോളിലും ഒരുപോലെ തിളങ്ങാൻ സാധിക്കുന്ന താരമെന്ന നിലയിലാണ് വിജയ് ശങ്കർ ടീമിലിടം പിടിച്ചത്.

Also Read: അമ്പാട്ടി റയ്‌ഡുവിനെ ഒഴിവാക്കി എന്തുകൊണ്ട് വിജയ് ശങ്കർ? മുഖ്യ സെലക്ടർ വ്യക്തമാക്കുന്നു

എന്തായലും രണ്ട് താരങ്ങളെ തഴഞ്ഞതിലും ആരാധകർ പ്രതിഷേധത്തിലാണ്. ദിനേശ് കാർത്തിക് തന്നെയാണ് പ്രതിഷേധക്കാരുടെ മുഖ്യ ശത്രുവും. അമ്പാട്ടി റയ്ഡുവിന്റെയും ഋഷഭ് പന്തിന്റെയും അവസരം നഷ്ടപ്പെടുത്തിയത് കാർത്തിക്കാണെന്നാണ് ഒരു വിഭാഗം പറയുന്നത്.