ക്രിക്കറ്റ് ലോകം ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന പേര് ഹര്‍മന്‍പ്രീത് കൗറിന്റേതാണ്. ട്വന്റി-20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ ന്യൂസിലാന്റിനെ പഞ്ഞിക്കിട്ട ഹര്‍മന്‍ സെഞ്ച്വറിയുമായി തന്റെ പേര് ചരിത്രത്തിലാണ് എഴുതി ചേര്‍ത്തത്. ഏഴ് ബൗണ്ടറികളും എട്ട് സിക്‌സുകളുമായി കരുത്തിന്റെ പര്യായമായി മാറുകയായിരുന്നു ഇന്നലെ ഹര്‍മന്‍.

ഹര്‍മന്റെ വെടിക്കെട്ട് ബാറ്റിങിന് പിന്നിലെ രഹസ്യം എന്താണെന്ന് അറിഞ്ഞാല്‍ ഒരു പക്ഷെ ആരുമൊന്ന് നെറ്റി ചുളിക്കുമെന്നുറപ്പാണ്. വയറുവേദനയാണ് ഹര്‍മന്‍പ്രീതിനെ ഇന്നലെ അത്രമാത്രം ആക്രമണകാരിയാക്കിയത്. മത്സരശേഷം നടന്ന പത്രസമ്മേളനത്തിനിടെയാണ് തനിക്ക് കളിക്കിടെ അതിയായ വയറു കൊളത്തി പിടിക്കല്‍ അനുഭവപ്പെട്ടിരുന്നുവെന്നും അതുകൊണ്ടാണ് സിംഗിള്‍ എടുക്കുന്നത് അവസാനിപ്പിച്ച് ആക്രമിക്കാന്‍ തീരുമാനിച്ചതെന്നും ഹര്‍മന്‍പ്രീത് വെളിപ്പെടുത്തിയത്.

”ഇന്നലെ, വേദനയുണ്ടായിരുന്നു. രാവിലെ കളിക്ക് മുമ്പും അത്ര സുഖമുണ്ടായിരുന്നില്ല. കളിക്കാനായി ഗ്രൗണ്ടിലെത്തുമ്പോഴും അതിന് മുമ്പുമെല്ലാം സുഖം അനുഭവപ്പെട്ടിരുന്നില്ല. വയറ് കൊളത്തി പിടിക്കുന്നുണ്ടായിരുന്നു. കളി തുടങ്ങി, സിംഗിളുകളും ഡബ്ബിളുകളും എടുക്കാന്‍ തുടങ്ങിയതോടെ കൊളത്തി പിടിക്കുന്നത് കൂടുകയും വയറില്‍ നന്നായി വേദന അനുഭവപ്പെടുകയും ചെയ്തു. ഫിസിയോ മരുന്നു തന്നതോടെ ചെറിയ ആശ്വാസമായി” ഹര്‍മന്‍ പറഞ്ഞു.

”അതോടെ സിംഗിള്‍ എടുക്കുന്നത് വേണ്ടാ എന്നു വച്ചു. ഓടുന്നത് കൂടുതല്‍ ബുദ്ധിമുട്ടാകും. പക്ഷെ ആക്രമിക്കാനും വലിയ ഷോട്ടുകള്‍ കളിക്കാനും ആകുമായിരുന്നു. അതുകൊണ്ട് ജെമിയോട് എനിക്ക് സ്‌ട്രൈക്ക് തന്നോളാന്‍ പറയുകയായിരുന്നു” ഇന്ത്യന്‍ നായിക കൂട്ടിച്ചേര്‍ത്തു. 51 പന്തില്‍ നിന്നും 103 റണ്‍സാണ് ഹര്‍മന്‍ നേടിയത്. നായികയുടെ സെഞ്ച്വറിയുടെ കരുത്തില്‍ ന്യൂസിലാന്റിനെ 34 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ