ലണ്ടൻ: വനിത ലോകകപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യയ്ക്ക് 95 റണ്‍സിന്റെ വിജയം. 169 റണ്‍സെന്ന ലക്ഷ്യം തേടിയിറങ്ങിയ പാക്കിസ്ഥാന് 38.1 ഓവറില്‍74 റണ്‍സ് മാത്രമെടുത്ത് മുഴുവന്‍ പേരും പുറത്തായി. ഇതോടെ വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ സെമിഫൈനലിലെത്തി.
അഞ്ച് വിക്കറ്റെടുത്ത എക്ത ബിഷ്താണ് ഇന്ത്യയുടെ കുന്തമുനയായി പാക് നിരയെ നിഷ്പ്രഭമാക്കിയത്. പാക്കിസ്ഥാന് വേണ്ടി നാഹിദ ഖാന് 23 റണ്‍സും സന മിര്‍ 29 റണ്‍സും എടുത്ത് ചെറുത്തുനില്പ് നടത്തിയെങ്കിലും ഇന്ത്യയ്ക്ക് മുമ്പില്‍ മുട്ടുമടക്കി. എട്ടു പേരാണ് പാക് നിരയില്‍ രണ്ടക്കം കാണാതെ പുറത്തായത്.
ഇന്ത്യ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പൂനം റൗത്തിന്റെ 47 റണ്‍സും സുഷമ വര്‍മ്മയുടെ 33 റണ്‍സ് പ്രകടനവുമാണ് ഇന്ത്യയ്ക്ക് പൊരുതാവുന്ന സ്കോര്‍ സമ്മാനിച്ചത്.
ലോകകപ്പിൽ ആദ്യ രണ്ട് മത്സരത്തിലും എതിരാളികളെ നിഷ്പ്രഭരാക്കിയ ഇന്ത്യ പാക്കിസ്ഥാനെതിരേയും വിജയം ആവര്‍ത്തിച്ചു. ഇതോടെ ലോകകപ്പിലെ മുഴുവന്‍ കളികളിലും പാക്കിസ്ഥാന് പരാജയം നുണഞ്ഞു. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെയും രണ്ടാം മത്സരത്തിൽ വെസ്റ്റ് ഇന്റീസിനെയും ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു.
വനിത ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഇതുവരെ പാക്കിസ്ഥാനോട് ഇന്ത്യ പരാജയമറിഞ്ഞിട്ടില്ല. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ 90 റൺസും രണ്ടാം മത്സരത്തിൽ വെസ്റ്റ് ഇന്റീസിനെതിരെ 106 റൺസും നേടിയാണ് താരം ടീമിനെ വിജയതീരത്ത് എത്തിച്ചത്.