പെർത്ത്: വനിതാ ടി20 ലോകകപ്പിന്റെ സെമിഫൈനൽ ലൈനപ്പാകുമ്പോൾ ക്രിക്കറ്റ് ആരാധകർ പ്രതീക്ഷിച്ച നാലു ടീമുകൾ തന്നെയാണ് കിരീട പോരാട്ടത്തിലേക്ക് കൂടുതൽ അടുത്തിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ അപരാജിത കുതിപ്പ് നടത്തി സെമിയിലെത്തിയ ഇന്ത്യയുടെ എതിരാളികൾ ഇംഗ്ലണ്ടാണ്. രണ്ടാം സെമിയിൽ ആതിഥേയരായ ഓസ്ട്രേലിയ ഗ്രൂപ്പ് ബിയിൽ നിന്നും ചാംപ്യന്മാരായ ദക്ഷിണാഫ്രിക്കയെ നേരിടും.
ബാറ്റിങ്ങിലും ബോളിങ്ങിലും ഒരേപോലെ തിളങ്ങിയ ഇന്ത്യ നേരത്തെ തന്നെ സെമിർത്ത് ഉറപ്പിച്ചിരുന്നു. ഇന്ത്യയോട് പരാജയപ്പെട്ടെങ്കിലും ന്യൂസിലൻഡിനെയും ശ്രീലങ്കയെയും ബംഗ്ലാദേശിനെയും പരാജയപ്പെടുത്തിയാണ് കരുത്തരായ ഓസ്ട്രേലിയ സെമിയിലേക്ക് യോഗ്യത നേടിയത്. ഗ്രൂപ്പ് ബിയിൽ രണ്ട് മത്സരങ്ങൾ മഴമൂലം ഉപേക്ഷിച്ചതോടെയാണ് സെമിലൈനപ്പായത്. ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇൻഡിസും തമ്മിലുള്ള മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ ഇരു ടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിക്കുകയും ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു.
മാർച്ച് അഞ്ചിന് നടക്കുന്ന ആദ്യ സെമിയിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. ഇന്ത്യൻ സമയം 9.30നാണ് മത്സരം. ഉച്ചയ്ക്ക് നടക്കുന്ന രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്ക ഓസ്ട്രേലിയയെയും നേരിടും. ഇരു മത്സരങ്ങളിലെയും വിജയികൾ കലാശപോരാട്ടത്തിൽ മോർച്ച് എട്ടിന് നേർക്കുനേർ വരും. തുടർച്ചയായ രണ്ടാം കിരീടം ലക്ഷ്യമിടുന്ന ഓസ്ട്രേലിയ ഇതിനോടകം നാല് കിരീടങ്ങൾ സ്വന്തമാക്കിയ ടീമാണ്. ഇംഗ്ലണ്ടാകട്ടെ തങ്ങളുടെ രണ്ടാം കിരീടമാണ് ലക്ഷ്യമിടുന്നത്.
ഇന്ത്യ vs ഇംഗ്ലണ്ട്
ടൂർണമെന്റിൽ അപരാജിത കുതിപ്പ് നടത്തുന്ന ഇന്ത്യയ്ക്ക് ഇംഗ്ലണ്ടിനെതിരായ സെമി പോരാട്ടം ഒറു പകരംവീട്ടൽ കൂടിയാണ്. 2018ൽ നടന്ന ലോകകപ്പിന്റെ സെമിയിൽ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടാണ് ഇന്ത്യ ടൂർണമെന്റിൽ നിന്ന് പുറത്താകുന്നത്. അതേ ഇംഗ്ലണ്ടിനെ ഇത്തവണ സെമിയിൽ പരാജയപ്പെടുത്തി മറ്റൊരു വിജയത്തിനപ്പുറമുള്ള കിരീടം നാട്ടിലെത്തിക്കാമെന്ന പ്രതീക്ഷയിലാണ് ഹർമൻപ്രീത് കൗറും സംഘവും.
ഓപ്പണർ ഷഫാലി വർമയുടെ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യയെ ടൂർണമെന്റിലെ തന്നെ ശക്തരാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത്. ഈ പതിനാറുകാരിയുടെ തകർപ്പൻ ഇന്നിങ്സുകളുടെ മികവിലാണ് ഇന്ത്യ എല്ലാ മത്സരങ്ങളിലും ജയം സ്വന്തമാക്കിയത്. പൂനം യാദവും ശിഖ പാണ്ഡെയുമടങ്ങുന്ന ബോളിങ് നിരയും ഇന്ത്യൻ പ്രതീക്ഷകൾ സജീവമാക്കുന്നു. നാല് മത്സരങ്ങളിൽ നിന്നായി 18 ഫോറും ഒമ്പത് സിക്സുമടക്കം 161 റൺസ് പ്രഹരശേഷിയിൽ ഷഫാലി അടിച്ചെടുത്തത് 161 റൺസാണ്. ടൂർണമെന്റിൽ ഇതുവരെ ഒമ്പത് വിക്കറ്റുകൾ വീഴ്ത്തിയ ഇന്ത്യയുടെ പൂനം യാദവാണ് വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമത്. ഇവർ രണ്ടുമാണ് മുന്നോട്ടുള്ള മത്സരങ്ങളിലും ഇന്ത്യയുടെ തുറുപ്പ്ചീട്ടുകൾ.
അതേസമയം ഇതുവരെ ഫോം കണ്ടെത്താൻ സാധിക്കാത്ത മധ്യനിര ഇന്ത്യയ്ക്ക് തലവേദനയാണ്. ആദ്യ മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ 49 റൺസ് നേടിയ ദീപ്തി ശർമയുടെ പ്രകടനം മാറ്റിനിർത്തിയാൽ ഒരു മത്സരത്തിൽ പോലും മധ്യനിരയ്ക്ക് തിളങ്ങാൻ സാധിച്ചിരുന്നില്ല. മൂന്നാം നമ്പരിൽ ഇറങ്ങിയ ജെമിമ റോഡ്രിഗസിന്റെ പ്രകടനം മാത്രമാണ് പിന്നെയും വേറിട്ട് നിന്നത്. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ ബാറ്റിങ് ഓർഡറിൽ അടിമുടി മാറ്റം വരുത്തിയെങ്കിലും കാര്യമായ ഫലം ദൃശ്യമായിരുന്നില്ല. എന്നാൽ ഇംഗ്ലണ്ടിനെതിരെ ഇതിൽ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ഹീത്തർ നൈറ്റ് നയിക്കുന്ന ഇംഗ്ലണ്ടും ടൂർണമെന്റിലെ ഫേവറേറ്റുകളിലൊരു ടീമാണ്. ഗ്രപ്പ് ഘട്ടത്തിൽ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടെങ്കിലും ആ തോൽവിയിൽ മാത്രം ഇംഗ്ലണ്ടിനെ കുറച്ച് കാണാൻ എതിരാളികൾക്കാവില്ല. ടൂർണമെന്റിലെ റൺവേട്ടക്കാരിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലുമുള്ള നഥാലി ഷിവറും ഹീത്തർ നൈറ്റും ഇംഗ്ലീഷുകാരികൾ തന്നെ. ഏത് വലിയ സ്കോറും പിന്തുടർന്ന ജയിക്കാനും ഏത് ചെറിയ സ്കോറും പ്രതിരോധിക്കാനും സാധിക്കുന്ന ടീമാണ് ഇംഗ്ലണ്ട്. ബോളിങ്ങിൽ സോഫി എക്ലസ്റ്റണിന്രെ പ്രകടനവും നിർണായകമാകും.
ഓസ്ട്രേലിയ vs ദക്ഷിണാഫ്രിക്ക
സ്വന്തം മണ്ണിൽ നടക്കുന്ന ലോകകപ്പിൽ കിരീടത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല ഓസ്ട്രേലിയ. ഇന്ത്യയോടേറ്റ തോൽവി മാറ്റിനിർത്തിയാൽ തങ്ങളുടെ കഴിവും പ്രാപ്തിയും വ്യക്തമാക്കി തന്നെയാണ് ഓസ്ട്രേലിയ സെമിയിലെത്തിയിരിക്കുന്നത്. അതേസമയം സെമിയിലിറങ്ങുന്നതിന് മുമ്പ് തന്നെ കനത്ത തിരിച്ചടി നേരിട്ടിരിക്കുകയാണ് ഓസ്ട്രേലിയ. സൂപ്പർ താരം എലിസി പെറിയുടെയ പരുക്കാണ് ഓസ്ട്രേലിയയെ വലയ്ക്കുന്നത്.
എന്നാൽ മെഗ് ലാനിങ് നയിക്കുന്ന ടീമിൽ ആഷ്ലി ഗാർഡ്നറും അലീസ ഹീലിയുമെല്ലാം താളം കണ്ടെത്തിയാൽ ഓസ്ട്രേലിയയെ പിടിച്ചുകെട്ടുക അത്ര എളുപ്പമാകില്ല. വലിയ സ്കോറുകൾ കണ്ടെത്താൻ സാധിക്കുന്ന ബാറ്റിങ് നിര തന്നെയാണ് ടീമിന്റെ പ്രധാന കരുത്ത്. ബോളിങ്ങിൽ സോഫിയും ജോർജിയയും ചുമതലക്കാരാകും.
കളിച്ച മത്സരങ്ങളെല്ലാം ജയിച്ച് സെമിയിലെത്തിയ ദക്ഷിണാഫ്രിക്കയും കിരീട സാധ്യതകളിൽ ഒട്ടും പിന്നിലല്ല. കന്നി കിരീടമാണ് പ്രൊട്ടിയാസുകളുടെയും ലക്ഷ്യം.