വെസ്റ്റ് ഇൻഡീസിൽ നടന്ന ടി20 ലോകകപ്പിന്രെ സെമിയിൽ ഇംഗ്ലണ്ടിനോട് തോറ്റ് പുറത്തായെങ്കിലും ഐസിസി റാങ്കിങ്ങിൽ മികച്ച നേട്ടമുണ്ടാക്കി ഇന്ത്യൻ താരങ്ങൾ. ബാറ്റിങ്ങിൽ ആദ്യ പത്തിൽ നാല് ഇന്ത്യൻ താരങ്ങൾ ഇടം കണ്ടെത്തി.
ടി20 യിൽ ഒരു ഇന്ത്യൻ വനിത താരത്തിന്റെ ആദ്യ സെഞ്ചുറി തികച്ച നായിക ഹർമ്മൻപ്രീത് കൗർ റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തെത്തി. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമാണ് ഹർമ്മൻപ്രീത് കൗർ. മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് ഹർമ്മന്റെ മുന്നേറ്റം.
ഒമ്പത് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ആറാം സ്ഥാനത്തെത്തിയ ജെമീമ റൊഡ്രീഗസാണ് റാങ്കിങ്ങിൽ നേട്ടമുണ്ടാക്കിയ മറ്റൊരു താരം. മിതാലി രാജ് ഒമ്പതാം സ്ഥാനം നിലനിർത്തിയപ്പോൾ പത്താം സ്ഥാനം സ്മൃതി മന്ദാനയും ഉറപ്പിച്ചു.
ടൂർണമെന്റിൽ രണ്ട് അർദ്ധസെഞ്ചുറികൾ തികച്ച മിതാലി രാജ് ഇന്ത്യയുടെ സെമി പ്രവേശനം അനായാസമാക്കിയിരുന്നു. അയർലൻഡിനെതിരെയും പാക്കിസ്ഥാനെതിരെയുമായിരുന്നു മിതാലിയുടെ ബാറ്റിങ് വെടിക്കെട്ട്. ഇന്ത്യയെ ഗ്രൂപ്പ് ചാമ്പ്യന്മാരാക്കിയ അവസാന മത്സരത്തിൽ സ്മൃതി മന്ദാനയും അർദ്ധസെഞ്ചുറി നേടിയിരുന്നു.
ബോളിങ്ങിൽ ഇന്ത്യയുടെ പൂനം യാദവ് രണ്ടാം സ്ഥാനം നിലനിർത്തിയപ്പോൾ മറ്റ് ഇന്ത്യൻ താരങ്ങൾക്കാർക്കും ആദ്യ പത്തിൽ ഇടം കണ്ടെത്താൻ സാധിച്ചില്ല. ഓൾറൗണ്ടർമാരുടെ പട്ടികയിലും മുൻ നിരയിൽ ഇന്ത്യൻ താരങ്ങളാരും സ്ഥാനം കണ്ടെത്തിയില്ല.
ബാറ്റിങ്ങിൽ ന്യൂസിലന്‍ഡിന്‍റെ സൂസി ബെയ്റ്റ്‌സും വിന്‍ഡീസിന്‍റെ സ്റ്റെഫാനീ ടെയ്‌ലറും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നിലനിര്‍ത്തി. ബോളിങ്ങിൽ ഓസ്‌ട്രേലിയുടെ മെഗാന്‍ സ്‌കട്ട് ഒന്നാം റാങ്ക് നിലനിര്‍ത്തിയപ്പോള്‍ ന്യൂസിലന്‍ഡിന്‍റെ ലീ കാസ്‌പെറേക്ക് മൂന്നാമതുണ്ട്.
എന്നാൽ ടീം റാങ്കിങ്ങിൽ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. ലോകകപ്പുയര്‍ത്തിയ ഓസ്‌ട്രേലിയയാണ് 283 പോയിന്‍റുമായി ഒന്നാമത്. ഫൈനലിൽ തോറ്റെങ്കിലും ഇംഗ്ലണ്ട് 274 പോയിന്‍റുമായി ന്യൂസിലന്‍ഡീനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി. ഒരു പോയിന്‍റ് മാത്രം പിന്നിലുള്ള ന്യൂസിലന്‍ഡാണ് മൂന്നാമത്. 265 പോയിന്‍റുള്ള വിന്‍ഡീസ് നാലാം സ്ഥാനത്തുണ്ട്.