ലണ്ടൻ: വനിത ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ഇംഗ്ലണ്ടിന് എതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. 35 റൺസിനാണ് ഇന്ത്യ കരുത്തരായ ഇംഗ്ലണ്ടിനെ തോൽപ്പിച്ചത്. സ്കോർ ഇന്ത്യ- 281/3 , ഇംഗ്ലണ്ട് – 246 ഓൾഔട്ട്.

ഉദ്ഘാടന മത്സരത്തിൽ ടോസ് നേടിയ ആതിഥേയർ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആത്മവിശ്വാസത്തോടെ ബാറ്റ് വീശിയ ഓപ്പണർ ഇന്ത്യക്ക് മികച്ച തുടക്കമാണ് നൽകിയത്. വെടിക്കെട്ട് ബാറ്റിങ്ങ് കാഴ്ചവെച്ച യുവതാരം സ്മൃതി മന്ദാനയുടെ മികവിൽ ഇന്ത്യ അതിവേഗം 100 കടന്നു. 72 പന്ത് നേരിട്ട മന്ദാന 90 റൺസാണ് നേടിയത്. 11 ഫോറുകളും 2 സിക്സറുകളും അടങ്ങുന്നതായിരുന്നു മന്ദാനയുടെ ഇന്നിങ്ങ്സ്. ആദ്യ വിക്കറ്റിൽ മന്ദാനയും പൂനം രാവത്തും 144 റൺസാണ് നേടിയത്.

മന്ദാന മടങ്ങിയതിന് ശേഷം ക്രിസിലെത്തിയ ഇന്ത്യൻ നായകൻ മിഥാലി രാജും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 72 പന്തിൽ 71 റൺസ് നേടിയ മിഥാലി രാജ് തുടർച്ചയായി 7 അർധസെഞ്ചുറികൾ നേടുന്ന ആദ്യ താരമെന്ന റെക്കോഡും സ്വന്തമാക്കി. ഓപ്പണറായി ഇറങ്ങിയ പൂനം റാവത്ത് 134 പന്തിൽ 86 റൺസും നേടി.

ഇന്ത്യ ഉയർത്തിയ 282 റൺസ് വിജയലക്ഷ്യം പിന്തുടർന്ന​ ഇംഗ്ലണ്ടിന് തുടക്കത്തിലെ ഓപ്പണർമാരെ നഷ്ടമായി. 14 റൺസ് എടുത്ത ബെമൗട്ടിനെയും, സാറാ ടെയ്‌ലറെയും മടക്കി ശിഖ പാണ്ഡെ മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ നാലാം വിക്കറ്റിൽ ഒന്നിച്ച ഹീത്തർ നൈറ്റും ഫറ വിൽസനും ഇന്ത്യയെ വിറപ്പിച്ചു. ഹീത്തർ നൈറ്റ് 46​ ഉം, ഹീത്തർ വിൽസൺ 86 റൺസും നേടി. എന്നാൽ ഇന്ത്യൻ ഫീൽഡർമാരുടെ തകർപ്പൻ ഫീൽഡിങ്ങിൽ ഇരുവരും റണ്ണൗട്ടായി. ഇംഗ്ലണ്ടിന്റെ നാല് താരങ്ങളാണ് റണ്ണൗട്ടായത്.

ഇന്ത്യക്കായി ശിഖ പാണ്ഡ, ദീപ്തി ശർമ്മ എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി. ബാറ്റിങ്ങിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച സ്മൃതി മന്ദാനയാണ് കളിയിലെ താരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook