ലണ്ടൻ: വനിതകളുടെ ലോകകപ്പിലെ ആദ്യ മത്സരത്തിൽ ത്രസിപ്പിക്കുന്ന ബാറ്റിങ്ങ് പ്രകടനം കാഴ്ചവെച്ച് ഇന്ത്യയുടെ സ്മൃതി മന്ദാന. കരുത്തരായ ഇംഗ്ലീഷ് ബോളർമാരെ സമർഥമായി നേരിട്ട ഇന്ത്യൻ ഓപ്പണർ 72 പന്തിൽ 90 റൺസാണ് നേടിയത്. 11 ഫോറും 2 സിക്സറുകളും അടങ്ങുന്നതായിരുന്നു സ്‌മൃതി മന്ദാനയുടെ ഇന്നിങ്ങ്സ് .

ഉദ്ഘാടന മത്സരത്തിൽ ടോസ് നേടിയ ആതിഥേയർ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. കൂറ്റൻ സ്കോർ ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യ മന്ദാനയുടെയും പൂനം റാവത്തിന്റേയും മികവിൽ മികച്ച തുടക്കമാണ് നേടിയത്. പേരുകേട്ട ഇംഗ്ലീഷ് ബോളർമാരെ മൈതാനത്തിന്റെ തലങ്ങും വിലങ്ങും പായിച്ച മന്ദാന ഇന്ത്യക്ക് മികച്ച തുടക്കം നൽകി. ഓപ്പണിങ്ങ് വിക്കറ്റിൽ 144 റൺസാണ് ഇരുവരും കൂട്ടിചേർത്തത്. സെഞ്ചുറിയിലേക്ക് അനായാസം എത്തുമെന്ന് തോന്നിച്ചെങ്കിലും സ്കോർ 90ൽ നിൽക്കെ ഹീത്തർ നിക്കിന്റെ പന്തിൽ മന്ദാന പുറത്താവുകയായിരുന്നു.

മഹാരാഷ്ട്ര സ്വദേശിയായ സ്മൃതി മന്ദാനയ്ക്ക് 20 വയസ്സാണ് പ്രായം. ഇന്ത്യൻ ക്രിക്കറ്റിലെ ഭാവി സൂപ്പർ താരമായാണ് മന്ദാനയെ വിലയിരുത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ