ലണ്ടൻ: വനിത ക്രിക്കറ്റിൽ അപൂർവ്വ നേട്ടവുമായി ഇന്ത്യൻ നായിക മിതാലി രാജ്. തുടർച്ചയായി 7 അർധസെഞ്ചുറികൾ നേടുന്ന താരമെന്ന റെക്കോർഡാണ് മിതാലി രാജ് സ്വന്തമാക്കിയത്. വനിത ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ അർധസെഞ്ചുറി നേടിയതോടെയാണ് മിതാലി രാജ് പുതിയ റെക്കോർഡ് സ്വന്തമാക്കിയത്. 73 പന്തിൽ നിന്ന് 72 റൺസാണ് മിതാലി ഇംഗ്ലണ്ടിനെതിരെ നേടിയത്.

ഓസ്ട്രേലിയൻ താരം ലിൻസെ റീലർ, ഏലീസെ പെറി , ഇംഗ്ലണ്ട് താരം ഷാർലറ്റ് എഡ്വേഡ്സ്, എന്നിവരുടെ റെക്കോർഡാണ് മിതാലി രാജ് തകർത്തത്. മൂവരും തുടർച്ചയായി 6 മത്സരങ്ങളിൽ അർധസെഞ്ചുറി നേടിയിട്ടുണ്ട്.

ഏകദിന ക്രിക്കറ്റിൽ മിതാലി രാജ് നേടുന്ന 47 അർധസെഞ്ചുറിയാണ് ഇന്നത്തേത്. മിതാലി രാജിന്റെയും പൂനം രാവത്തിന്റെയും, മന്ദാനയുടെയും അർധസെഞ്ചുറി മികവിൽ ഇന്ത്യ 281 റൺസ്​ എടുത്തിട്ടുണ്ട്. വൺഡൗണായി ഇറങ്ങിയ മിതാലി 73 പന്തിൽ നിന്നാണ് 71 റൺസ് നേടിയത്. 8 ക്ലാസിക്ക് ഫോറുകളും അടങ്ങുന്നതായിരുന്നു മിതാലിയുടെ ഇന്നിങ്ങ്സ്. ഇന്ത്യയ്ക്കായി 178 ഏകദിനങ്ങളും , 10 ടെസ്റ്റ് മത്സരങ്ങളും , 63 ട്വന്റി-20 മത്സരങ്ങളും മിതാലി കളിച്ചിട്ടുണ്ട്. ഏകദിനത്തിൽ 52.08 റൺസ് എന്ന റെക്കോർഡ് ശരാശരിയാണ് മിതാലി രാജിന് ഉള്ളത്.

1999 ജൂൺ 26 ന് ഐർലൻഡിന് എതിരെയായിരുന്നു മിതാലി രാജ് അരങ്ങേറ്റം കുറിച്ചത്. 34 വയസ്സുകാരിയായ മിതാലി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച താരമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ