അണ്ടർ-19 ലോകകപ്പിൽ വിജയത്തോടെയാണ് ഇന്ത്യൻ ടീം തുടങ്ങിയത്. ആദ്യ മൽസരത്തിൽ എതിരാളികളായ ഓസ്ട്രേലിയയെ 100 റൺസിനായിരുന്നു ഇന്ത്യ തകർത്തത്. 94 റൺസുമായി ടീമിനെ മുന്നിൽനിന്ന് നയിച്ച നായകൻ പൃഥ്വി ഷാ ആയിരുന്നു കളിയിലെ താരം. 100 ബോളിൽനിന്നായി 8 ഫോറുകളും 6 സിക്സറുകളും ഉൾപ്പെടുന്നതായിരുന്നു ഷായുടെ ഇന്നിങ്സ്.

കളിക്കിടയിൽ പൃഥ്വിയുടെ ചില ഷോട്ടുകൾ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുക്കറെ അനുസ്മരിപ്പിക്കുന്നതായിരുന്നു. ഫ്രണ്ട് ഫൂട്ടിലെ ഷായുടെ ഷോട്ട് കണ്ട് കമന്റേറ്റർ ഇയാൻ ബിഷോപ് പറഞ്ഞു, ‘അത് സച്ചിനാണ്’. ഇയാനിന്റെ അഭിപ്രായത്തോട് സച്ചിൻ ആരാധകരും യോജിക്കുന്നുണ്ട്.

മൽസരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തിൽ 328​ റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയ 42.5 ഓവറിൽ 228 റൺസിന് എല്ലാവരും പുറത്തായി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ആക്രമണ​ ശൈലിയിൽ ബാറ്റ് വീശിയ പൃഥ്വി ഷായും മൻജോത് കൽറയും ഓസ്ട്രേലിയൻ ബോളർമാരെ വേട്ടയാടി.

ഒന്നാംവിക്കറ്റിൽ ഇരുവരും ചേർന്ന് 180 റൺസാണ് അടിച്ച് കൂട്ടിയത്. സതേർലൻഡിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ഹോൾട്ടിന് ക്യാച്ച് നൽകിയാണ് പൃഥ്വി മടങ്ങിയത്. 8 ഫോറും 2 സിക്സറുകളും അടങ്ങുന്നതായിരുന്നു ​ഇന്ത്യൻ നായകന്റെ ഇന്നിങ്സ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ