ഓക്‌ലൻഡ്: ന്യൂസിലൻഡ് ആതിഥേയത്വം വഹിക്കുന്ന അണ്ടർ-19 ലോകകപ്പിന്റെ കലാശപ്പോരാട്ടം നാളെ ബേസ് ഓവലിൽ നടക്കും. ക്രിക്കറ്റിലെ വൻ ശക്തികളായ ഇന്ത്യയും ഓസ്ട്രേലിയയുമാണ് കിരീടത്തിനായി കൊമ്പ്കോർക്കുന്നത്. ഇന്ത്യൻ സമയം പുലർച്ചെ 6.30 നാണ് ഫൈനൽ മൽസരം ആരംഭിക്കുന്നത്.

മൂന്ന് തവണ ലോകകിരീടം സ്വന്തമാക്കിയിട്ടുണ്ട് ഓസ്ട്രേലിയയും ഇന്ത്യയും. കപ്പ് ഉയർത്തുന്ന ടീം ഏതായാലും കിരീടവേട്ടയിൽ പുതിയ റെക്കോർഡ് സ്വന്തമാക്കാൻ ആകും. 2012 ലാണ് ഇന്ത്യ അവസാനമായി അണ്ടർ-19 ലോകപ്പ് സ്വന്തമാക്കിയത്.

ഇതിഹാസ താരം രാഹുൽ ദ്രാവിഡിന്റെ ശിക്ഷണത്തിൽ ഇറങ്ങുന്ന ഇന്ത്യയുടെ കുട്ടികൾ തകർപ്പൻ ഫോമിലാണ്. ഗ്രൂപ്പ് ഘട്ടം മുതൽ ആധികാരിക​ ജയങ്ങളോടെയാണ് പൃഥ്വി ഷായും സംഘവും ഫൈനലിലേക്ക് മുന്നേറിയത്. ഉദ്ഘാടന മൽസരത്തിൽ കങ്കാരുക്കളെ 10 വിക്കറ്റിനാണ് ഇന്ത്യ തകർത്ത് വിട്ടത്. ദുർബലരായ പപ്പുവ ന്യൂഗിനിക്കും സിംബാവ്‌വെയ്ക്കും ഇന്ത്യൻ ടീമിനെ വെല്ലുവിളിക്കാൻ പോലും സാധിച്ചില്ല.

ക്വാർട്ടർ പോരാട്ടത്തിൽ അയൽക്കാരായ ബംഗ്ലാദേശിനോടും ഇന്ത്യയുടെ ചുണക്കുട്ടികൾ കരുണ കാട്ടിയില്ല. 131 റൺസ് എന്ന കൂറ്റൻ മാർജിനിലാണ് ബംഗ്ലാ കടുവകളെ ഇന്ത്യൻ ടീം മെരുക്കിയത്. സെമിഫൈനലിൽ ചിരവൈരികളായ പാക്കിസ്ഥാനെ 203 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ കലാശക്കളിക്ക് ടിക്കറ്റ് നേടിയത്.

നായകൻ പൃഥ്വി ഷാ നേതൃത്വം നൽകുന്ന ബാറ്റിങ് നിര തകർപ്പൻ ഫോമിലാണ്. ഒരു വ്യക്തിയെ മാത്രം ആശ്രയിച്ചല്ല ഇന്ത്യൻ ടീമിന്റെ പ്രകടനം എന്നതാണ് ശ്രദ്ധേയം. ടൂർണ്ണമെന്റിലെ റൺവേട്ടക്കാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ഉപനായകൻ ശുഭ്മാൻ ഗില്ലും, മനോജ് കൽറയും എല്ലാം തകർപ്പൻ ഫോമിലാണ്.

ipl auction, ipl 2018 auction, ipl 2018, kamlesh nagarkoti, kolkata knight riders, kkr, cricket news, indian express

ബോളിങ്ങാണ് ഇന്ത്യയുടെ ഏറ്റവും വലിയ കരുത്തെന്ന് നിസംശയം പറായാൻ സാധിക്കും. കമലേഷ് നാഗർകോട്ടി, ശിവം മാവി, ഇഷാൻ പോറൽ എന്നീ പേസ് ത്രയങ്ങൾ ഏതൊരു ബാറ്റിങ് നിരയുടേയും പേടി സ്വപ്നമാണ്. വേഗതയും കൃത്യതയുമാർന്ന ബോളിങ് മികവാണ് മൂവരേയും ശ്രദ്ധേയരാക്കുന്നത്. വിദേശ പിച്ചിലെ സ്വിങ്ങും ബൗൺസും മതിയാവോളം ഉപയോഗിക്കുന്ന മൂവരും ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി വാഗ്‌ദാനങ്ങളായാണ് അറിയപ്പെടുന്നത്. ഇടങ്കയ്യൻ സ്പിന്നർമാരായ അനുകൂൽ റോയിയും അഭിഷേക് ശർമ്മയും പേസർമാർക്ക് മികച്ച പിന്തുണയാണ് നൽകുന്നത്.

ഇന്ത്യ തന്നെയാണ് കിരീടം നേടാൻ സാധ്യതയെന്ന് ഓസ്ട്രേലിയൻ പരിശീലകൻ റയാൻ ഹാരിസ് തന്നെ സമ്മതിച്ചിട്ടുണ്ട്. ഇന്ത്യയുടെ പേസ് ബൗളർമാർ ലോകോത്തര നിലവാരത്തിലാണ് പന്തെറിയുന്നതെന്നും റയാൻ ഹാരിസ് ഫൈനലിന് മുൻപുള്ള വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

ആദ്യ മൽസരത്തിൽ ഇന്ത്യയോട് ദയനീയ പരാജയം ഏറ്റുവാങ്ങിയെങ്കിലും ശക്തമായ തിരിച്ചുവരവിലൂടെയാണ് ഓസ്ട്രേലിയ ഫൈനലിലേക്ക് എത്തിയത്. ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട ഓസ്ട്രേലിയൻ ബോളർമാരുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. ജേസൺ സംഗയുടെ നേതൃത്വത്തിൽ ഇറങ്ങുന്ന ബാറ്റിങ് നിരയിൽ ജാക്ക് എഡ്വേഡ്സ്, ജോനഥാൻ മെർലോ എന്നീവരും പ്രതീക്ഷ നൽകുന്നുണ്ട്.

ഇന്ത്യൻ ടീം – പ്വഥ്വി ഷാ, മനോജ് കൽറ, ശുഭ്മാൻ ഗിൽ, ഹാർവിക് ദേശായി, റിയാൻ പരാഗ്, അഭിഷേക് ശർമ്മ, അനുകൂൽ റോയ്, കമലേഷ് നാഗർകോട്ടി, ശിവം മാവി, ശിവ സിങ്, ഇഷാൻ പോറൽ, ഹിമാൻഷു റാണ, ആര്യൻ ജുയാൽ, അർഷദീപ് സിങ്, പങ്കജ് യാദവ്, അദിത്യ താക്കറെ.

ഓസ്ട്രേലിയൻ ടീം – ജേസൺ സംങ്ക, ജാക്ക് എഡ്വേഡ്സ്, മാക്സ് ബ്രയന്റ്, ജോനഥാൻ മെർലോ, പരാം ഉപ്പൽ, നൈഥൻ മക്സ്വീനി, വിൽ സതേർലാൻഡ്, ബാക്സ്റ്റർ ഹോൾട്ട്, സാക് ഇവാൻസ്, റയാൻ ഹാഡ്ലി, ലോയ്ഡ് പോപ്പ്, ഓസ്റ്റിൻ വോ, ആരോൺ ഹാർഡി, സേവിയർ ബാർലറ്റ്, ജാരോഡ് ഫ്രീമാൻ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ