ന്യൂഡൽഹി: അണ്ടർ 19 ലോകകപ്പ് മൽസരത്തിന്റെ ഫൈനലിലേക്ക് യോഗ്യത നേടിയ ഇന്ത്യ അണ്ടർ 19 ടീമിന് പ്രത്യേക സമ്മാനം നൽകുമെന്ന് ബിസിസിഐ പ്രഖ്യാപിച്ചു. ലോകകപ്പ് ഫൈനലിൽ ജയിച്ചാലും തോറ്റാലും ടീമംഗങ്ങൾക്ക് ക്യാഷ് അവാർഡ് നൽകാനാണ് ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്.

ന്യൂസിലൻഡിലെ ക്രൈസ്റ്റ്ചർച്ചിൽ ബദ്ധവൈരികളായ പാക്കിസ്ഥാനെ തകർത്ത ഇന്ത്യൻ ടീമിനെ പ്രകീർത്തിച്ച് ബിസിസിഐ അദ്ധ്യക്ഷൻ സി.കെ.ഖന്നയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. “ടീമിലെ മുഴുവൻ അംഗങ്ങളെയും കോച്ച് രാഹുൽ ദ്രാവിഡിനെയും അഭിനന്ദിക്കാനാണ് ഞാനാഗ്രഹിക്കുന്നത്. പുതുതലമുറയിലെ ക്രിക്കറ്റർമാരെ പരുവപ്പെടുത്തി എടുക്കുന്നതിൽ രാഹുൽ ദ്രാവിഡിന്റെ സംഭാവന മഹത്തരമാണ്. അദ്ദേഹം കാരണമാണ് നമുക്കിപ്പോൾ മികച്ച അണ്ടർ 19 ടീമുളളത്”, ഖന്ന പറഞ്ഞു.

“ബിസിസിഐ മുഴുവൻ ടീമംഗങ്ങൾക്കും ക്യാഷ് അവാർഡ് നൽകും. പ്രത്യേകമായ അനുമോദനവും നൽകും”, സി.കെ.ഖന്ന പിടിഐയോട് പറഞ്ഞു.

ഇന്നലെ നടന്ന സെമിഫൈനൽ മൽസരത്തിൽ പാക്കിസ്ഥാനെതിരെ പടുകൂറ്റൻ വിജയമാണ് ഇന്ത്യയുടെ കൗമാരപ്പട നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 272 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ 69 റൺസെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. ഫെബ്രുവരി മൂന്നിന് നടക്കുന്ന ഫൈനലിൽ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികൾ. ഇരുടീമും മൂന്ന് വട്ടം ലോക കിരീടം ചൂടിയതാണ്. ഇത് ആറാം തവണയാണ് ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ