ഐസിസിയുടെ ഔദ്യോഗിക പേജിൽ പാക്കിസ്ഥാൻ താരത്തെ ട്രോളിയതിൽ വ്യാപക വിമർശനം. പാക് ഫാസ്റ്റ് ബൗളർ ഹസൻ അലിയെ ട്രോളിയാണ് ഐസിസി ട്വിറ്ററിലും ഫെയ്‌സ്‌ബുക്കിലും പോസ്റ്റിട്ടത്. എന്നാൽ, ഇത് വളരെ മോശമായിപ്പോയെന്ന് പാക് ആരാധകർ തിരിച്ചടിച്ചു. കറാച്ചിയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായി നടന്ന ടെസ്റ്റ് മത്സരത്തിൽ ഹസൻ അലി ബൗൾഡ് ആയി പുറത്താകുന്നതിന്റെ ചിത്രമാണ് ഐസിസി ട്വീറ്റ് ചെയ്‌തിരിക്കുന്നത്. കഗിസോ റബാഡയുടെ പന്തിലാണ് ഹസൻ അലി പുറത്തായത്.
Read Also: ഗാംഗുലിയെ വീണ്ടും ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി; ആശുപത്രിയിലെത്തി മമത
‘ഐസിസിയുടെ അക്കൗണ്ട് ഇന്ത്യക്കാരാണ് ഓപ്പറേറ്റ് ചെയ്യുന്നത്.’
‘ഇത് ഐസിസിയുടെ പേജ് തന്നെയാണോ ? രണ്ട് തവണ പരിശോധിച്ചു നോക്കി,’
‘പാക്കിസ്ഥാനെ ട്രോളാൻ ഐസിസി വരെ ആഗ്രഹിക്കുന്നു,’
തുടങ്ങിയ കമന്റുകളാണ് ഐസിസിയുടെ പോസ്റ്റിനു താഴെ വന്നിരിക്കുന്നത്.
Your profile picture vs the full picture #PAKvSA pic.twitter.com/jMw1niI0co
— ICC (@ICC) January 28, 2021
പാക്കിസ്ഥാൻ താരത്തെ ഐസിസി ട്രോളിയതിനെ പിന്തുണച്ച് ഏതാനും ഇന്ത്യൻ ആരാധകർ രംഗത്തെത്തിയിരുന്നു. ഇതിനു മറുപടിയായി പാക്കിസ്ഥാൻ ആരാധകരും എത്തി. ഇന്ത്യ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റിൽ 36 റൺസിന് ഓൾഔട്ടായത് ചൂണ്ടിക്കാട്ടിയതാണ് പാക്കിസ്ഥാൻ ആരാധകർ തിരിച്ചു ട്രോളിയത്.
33 പന്തിൽ 21 റൺസ് നേടിയാണ് ഹസൻ അലി പുറത്തായത്. ആദ്യ ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക 220 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിൽ പാക്കിസ്ഥാൻ 378 റൺസ് നേടി. ഒന്നാം ഇന്നിങ്സിൽ 158 റൺസിന്റെ ലീഡാണ് പാക്കിസ്ഥാൻ നേടിയത്. രണ്ടാം ഇന്നിങ്സിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 187 റൺസ് നേടിയിട്ടുണ്ട് ദക്ഷിണാഫ്രിക്ക. രണ്ട് ദിവസം കൂടി ശേഷിക്കെ ഇരു ടീമുകൾക്കും വിജയസാധ്യതയുണ്ട്.