ലോകത്താകമാനം പടർന്ന് പിടിക്കുന്ന കൊറോണ വൈറസിൽ രാജ്യങ്ങളെല്ലാം ലോക്ക്ഡൗണിലേക്ക് നീങ്ങിയപ്പോൾ കളി മൈതാനങ്ങളും ഒഴിഞ്ഞു. ഇന്ത്യൻ പ്രീമിയർ ലീഗും, ചാംപ്യൻസ് ലീഗും അടക്കം ജനപ്രിയ കായിക വിനോദങ്ങളായി ക്രിക്കറ്റിലെയും ഫുട്ബോളിലെയും പല പ്രധാനപ്പെട്ട ടൂർണമെന്റുകളും അനിശ്ചിതത്വത്തിലായി. ഫിഫ അണ്ടർ 17, 19 വനിതാ ലോകകപ്പുകളും മാറ്റിവച്ചിട്ടുണ്ട്. ഐപിഎൽ നഷ്ടമായേക്കുമെന്ന ആശങ്കകൾക്കിടയിൽ ക്രിക്കറ്റ് ആരാധകർക്ക് അത്ര ശുഭകരമല്ലാത്ത മറ്റൊരു വാർത്ത കൂടിയെത്തുന്നു. ടി20 ലോകകപ്പ് നടത്തുന്ന കാര്യത്തിൽ നിലവിൽ ഒരു തീരുമാനത്തിലേക്ക് ഐസിസി എത്തുന്നില്ല.
ഓസ്ട്രേലിയയിൽ നടക്കേണ്ട ലോകകപ്പ് നീട്ടിവയ്ക്കണമെന്ന ആവശ്യം ഇതിനോടകം പല ഭാഗങ്ങളിൽ നിന്നും ഉയർന്ന് കേൾക്കുന്നുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഒരു തീരുമാനത്തിലേക്ക് നീങ്ങേണ്ടായെന്നാണ് ഐസിസിയുടെ നിലപാട്. നിലവിൽ ഐസിസി ഈവന്റുകൾ മുൻനിശ്ചയിച്ചിരിക്കുന്ന പ്രകാരം മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്നും എന്നാൽ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുക്കുമ്പോൾ വിവേകപൂർണ്ണവും ഉത്തരവാദിത്തപരവുമായ നടപടിയെടുക്കേണ്ടതുണ്ടെന്ന് ഐസിസി വക്താവ് വ്യക്തമാക്കുന്നു.
മഹാമാരിയുമായി ബന്ധപ്പെട്ടുള്ള എല്ലാ സാഹചര്യങ്ങളും സസൂക്ഷമം വീക്ഷിച്ച് വരികയാണ്. വിദഗ്ധരിൽ നിന്ന് അഭിപ്രായം തേടുന്നത് തുടരുമെന്നും ഓസ്ട്രേലിയൻ സർക്കാരുമായി ആലോചിച്ച ശേഷം ശരിയായ സമയത്ത് തീരുമാനമെടുക്കുമെന്നും വക്താവ് അറിയിച്ചു.
ഈ വർഷം ഒക്ടോബർ 18 മുതൽ നവംബർ 15വരെ ഓസ്ട്രേലിയയിലാണ് ടി-20 ലോകകപ്പ് നടക്കേണ്ടത്. എന്നാൽ കോവിഡ് ഭീഷണി കാരണം മത്സരം നടത്താനാവുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. മത്സരം മുൻ നിശ്ചയിച്ച പ്രകാരം ഒക്ടോബറിൽ നടത്താൻ കഴിയുമെന്ന് ഐസിസി ഉദ്യോഗസ്ഥർ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. ടി20 ലോകകപ്പ് വേദിയായ ഓസ്ട്രേലിയയിൽ കോവിഡിന്റെ പശ്ചാത്തലത്തിൽ യാത്രാ വിലക്ക് നിലനിൽക്കുന്നുണ്ട്. പുറത്തുനിന്നുള്ളവർ രാജ്യത്ത് പ്രവേശിക്കാതിരിക്കുന്നതിനുള്ള വിലക്ക് ആറ് മാസമോ അതിലധികമോ നീണ്ടുപോവാൻ സാധ്യതയുണ്ട്.