കൊളംബോ: 2011 ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ഒത്തുകളിയാണെന്ന ആരോപണത്തിൽ ഐസിസിയും അന്വേഷണത്തിന്. ശ്രീലങ്കയുടെ മുൻകായികമന്ത്രി മഹിന്ദാനന്ദ അലുത്ഗാമേയാണ് 2011 ലെ ലോകകപ്പ് ഫെെനൽ ഒത്തുകളിയാണെന്ന ഗുരുതര ആരോപണവുമായി നേരത്തെ രംഗത്തെത്തിയത്. 2011 ൽ ലോകകപ്പ് നടക്കുമ്പോൾ അലുത്ഗാമേയായിരുന്നു ശ്രീലങ്കയുടെ കായികമന്ത്രി. ഇദ്ദേഹവുമായി സംസാരിക്കുമെന്ന് ഐസിസി അധികൃതർ അറിയിച്ചു.
നേരത്തെ, ശ്രീലങ്കൻ മുൻ ക്യാപ്റ്റൻ അരവിന്ദ ഡി സിൽവയും ഐ സി സി, ബിസിസിഐ എന്നിവരോട് ആലുത്ഗാമെയുടെ വിവാദ പ്രസ്താവനയ്ക്ക് ശേഷം ഇക്കാര്യം അന്വേഷിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. ശ്രീലങ്കൻ സർക്കാർ ഇതിനോടകം തന്നെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ആവശ്യമെങ്കിൽ അലുത്ഗാമേയെ ചോദ്യം ചെയ്യുമെന്ന് ഐസിസി അറിയിച്ചു.
ശ്രീലങ്ക ഇന്ത്യയ്ക്കു മുൻപിൽ മനഃപൂർവം അടിയറവു പറയുകയായിരുന്നു എന്നാണ് മുൻകായികമന്ത്രി ഒരു ടിവി ചാനലിനു നൽകിയ അഭിമുഖത്തിൽ ആരോപിച്ചത്. ചില കേന്ദ്രങ്ങൾ ഇതിൽ ഇടപെട്ടിട്ടുണ്ട് എന്നും അലുത്ഗാമേ ആരോപിച്ചു. “ശ്രീലങ്ക ഇന്ത്യയ്ക്ക് മുൻപിൽ മത്സരം വിൽക്കുകയായിരുന്നു.
അന്ന് കായികമന്ത്രിയായിരുന്ന സമയത്തും ഞാൻ ഇത് തുറന്നുപറഞ്ഞിട്ടുണ്ട്. ” അലുത്ഗാമേ പറഞ്ഞിരുന്നു. അന്ന് ലോകകപ്പിൽ ശ്രീലങ്കയ്ക്കുവേണ്ടി കളിച്ച താരങ്ങളുടെ പേരൊന്നും അലുത്ഗാമേ ആരോപണത്തിൽ പറഞ്ഞിട്ടില്ല. ചില കേന്ദ്രങ്ങൾ എന്നുമാത്രമാണ് സൂചിപ്പിച്ചിട്ടുള്ളത്. അലുത്ഗാമേയുടെ ആരോപണത്തിനു എതിരെ താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. അലുത്ഗാമേ രാഷ്ട്രീയമുതലെടുപ്പ് നടത്തുകയാണെന്നാണ് പല മുൻ താരങ്ങളുടെയും ആരോപണം.
അതേസമയം, ലോകകപ്പ് ഫെെനൽ മത്സരത്തിൽ രണ്ടാമതും ടോസ് ഇടണമെന്ന് ഇന്ത്യൻ നായകൻ മഹേന്ദ്രസിങ് ധോണി ആവശ്യപ്പെട്ടിരുന്നതായി ശ്രീലങ്കൻ മുൻ നായകൻ കുമാർ സംഗക്കാര വെളിപ്പെടുത്തിയിരുന്നു. ഫെെനലിൽ മഹേന്ദ്രസിങ് ധോണിയായിരുന്നു ഇന്ത്യയുടെ നായകൻ. ശ്രീലങ്കയെ നയിച്ചിരുന്നത് സംഗക്കാരയും. ഫെെനൽ മത്സരത്തിലെ ടോസിങ്ങിനിടെ സംഭവിച്ച കാര്യങ്ങളാണ് സംഗക്കാര തുറന്നുപറഞ്ഞത്.
ഫെെനൽ മത്സരത്തിൽ രണ്ടാമതും ടോസിടാൻ ധോണി ആവശ്യപ്പെട്ടതായി സംഗക്കാര പറയുന്നു. ആദ്യം ടോസിട്ടപ്പോൾ തങ്ങൾക്ക് അനുകൂലമായിരുന്നു അത്. എന്നാൽ, ധോണി രണ്ടാമതും ടോസിടാൻ ആവശ്യപ്പെടുകയായിരുന്നു. ധോണിയുടെ താൽപര്യമനുസരിച്ച് ഫെെനൽ മത്സരത്തിൽ വീണ്ടും ടോസിട്ടതായും സംഗക്കാര വെളിപ്പെടുത്തി.
മുംബെെ വാങ്കഡെ സ്റ്റേഡിയത്തിലാണ് ഫെെനൽ മത്സരം നടന്നത്. ആയിരക്കണക്കിനു കാണികളാണ് മത്സരം കാണാൻ തടിച്ചുകൂടിയത്. കളി കാണാൻ കൂടിയ ആളുകളുടെ ഓളിയും ബഹളവും കാരണം ടോസ് വിളിച്ചത് കൃത്യമായി കേട്ടില്ലെന്നും അതുകൊണ്ട് വീണ്ടും ടോസ് ഇടുമോ എന്ന് ധോണി ചോദിക്കുകയായിരുന്നു എന്നും സംഗക്കാര പറഞ്ഞു.